നെഹ്റു കോളേജ് അധ്യാപികയുടെ വീട് കുത്തിത്തുറന്ന മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: നെഹ്റു കോളേജ് അധ്യാപികയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കണ്ണൂരിലെ കുപ്രസിദ്ധ കവർച്ചക്കാരനെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്ു.  കണ്ണൂർ എരമം സ്വദേശി പ്രവീണിനെയാണ് 40, ഹോസ്ദുർഗ്ഗ് എസ് ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്.

നെഹ്റു കോളേജ് അധ്യാപിക റീജയുടെ കൊട്രച്ചാലിലെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കവർച്ച നടന്നത്. റീജയും കുടുംബവും മംഗളൂരുവിലെ വീട്ടിലേക്ക് പോയതിനാൽ വീട്ടിൽ ആൾതാമസമുണ്ടായിരുന്നില്ല. വാതിൽ കുത്തിത്തുറന്ന് വീട്ടിനകത്തു കയറിയ പ്രതി വീട് മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും കാര്യമായൊന്നും കിട്ടിയില്ല.

സ്വർണ്ണവും പണവുമുൾപ്പെടെ വില പിടിപ്പുള്ളതൊന്നും ലഭിക്കാതായതോടെ കംപ്യൂട്ടർ വൈഫൈ, മോഡം മോഷ്ടിച്ചാണ് പ്രവീൺ കടന്നു കളഞ്ഞത്. കവർച്ചാ രംഗം സിസിടിവിയിൽ പതിഞ്ഞതായി മനസ്സിലാക്കിയ പ്രതി വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആർ കൂടി മോഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രവീണാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സൂചന ലഭിച്ചിരുന്നു.

കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രവീണിന്റെ പേരിൽ മോഷണക്കേസുകളുണ്ട്. പ്രതിയുടെ ഭാര്യാ വീട് ചാലിങ്കാലിലായതിനാൽ പ്രതിക്ക് കാഞ്ഞങ്ങാടുമായി ബന്ധമുണ്ട്. അധ്യാപികയുടെ വീട് കുത്തിത്തുറന്ന കേസിൽ പ്രവീണിനെ കൂടാതെ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന.

Read Previous

വാർത്ത വായിച്ച് അർഷ പി ആർ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡിൽ

Read Next

തട്ടിയെടുത്ത സ്വർണ്ണം വീണ്ടെടുക്കാൻ യുവാവിന്റെ കൈവിരൽ മുറിച്ചു