ജില്ലയിൽ ജയിലുകൾ നിറഞ്ഞു: തടവുകാരെ കുത്തിക്കയറ്റുന്നു

കാഞ്ഞങ്ങാട്: പുതിയ ജില്ലാ ജയിൽ ഇനിയും സ്ഥലം കണ്ടെത്താനാകാതെ ജയിൽ വകുപ്പ് വലയുമ്പോൾ തടവുകാരെ കൊണ്ട് നിറഞ്ഞ് ജില്ലയിലെ ജയിലുകൾ. കാഞ്ഞങ്ങാട് ജില്ല ജയിൽ, കാസർഗോഡ് സ്പെഷ്യൽ സബ് ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിങ്ങനെ മൂന്നു ജയിലുകളാണ് ജില്ലയിലുള്ളത്.

ചീമേനിയിൽ റിമാൻഡ് തടവുകാരെ പാർപ്പിക്കാൻ സാധിക്കില്ല. കാഞ്ഞങ്ങാട്ട് നൂറുപേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമേയുള്ളു. എന്നാൽ 150ൽ പരം തടവുകാർ ഇവിടെ കഴിയുന്നുണ്ട്. കാസർഗോഡ് 70 തടവുകാരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമേയുള്ളു. ഇവിടെ നൂറിൽപരം തടവുകാരെ പാർപ്പിച്ചിരിക്കുന്നു. റിമാൻഡ് തടവുകാരെ സ്ഥലപരിമിതി കണക്കിലെടുത്ത് ഓരോ മാസവും കുറച്ചു പേരെ കണ്ണൂരിലെ ജയിലുകളിലേയ്ക്ക് മാറ്റുകയായിരുന്നു പതിവ്. എന്നാൽ അടുത്തിടെ ഇത്തരത്തിൽ മാറ്റിയ തടവുകാരോടൊപ്പം പാർപ്പിച്ച കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് കോവിഡ് പോസിറ്റീവായിരുന്നു.

ഇതേത്തുടർന്ന് കാസർഗോഡ് നിന്നുള്ള റിമാൻഡ്‌ തടവുകാരെ തലശേരിയിലെ സ്പെഷൽ ജയിലിലേയ്ക്ക് മാറ്റാനാണ് ജയിൽ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. തടവുകാരെ ഇവിടെയെത്തിക്കാൻ ആവശ്യത്തിന് വാഹനമില്ലാത്തത് പോലീസുകാർക്ക്‌ തലവേദനയാണ്. കൂടാതെ തടവുകാരുടെ ബന്ധുക്കൾക്കും ഇവരെ കാണണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നു. ജില്ലയിൽ 200 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള തരത്തിൽ ജില്ല ജയിൽ സ്ഥാപിക്കണമെന്ന ജയിൽ വകുപ്പിൻ്റെ തീരുമാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിൽ എവിടെയെങ്കിലും സ്ഥലം വിട്ടു നൽകിയാൽ പകരം സ്ഥലം നൽകാമെന്നും നിലവിൽ ജില്ല ജയിൽ സ്ഥിതി ചെയ്യുന്ന ചെമ്മട്ടംവയലിലെ കെട്ടിടം ജില്ലാശുപത്രിയുടെ വികസനത്തിനായി വിട്ടു നൽകാമെന്നും ജയിൽ വകുപ്പ് അറിയിച്ചിരുന്നു.

നിലവിൽ സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുകയാണ് കാഞ്ഞങ്ങാട് ജില്ലാശുപത്രി. സമീപത്ത് ജയിൽ സ്ഥിതി ചെയ്യുന്നത് കാരണം സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എൻഡോസൾഫാൻ പാക്കേജ് കൊണ്ട് പണികഴിപ്പിച്ച അഞ്ചുനില കെട്ടിടത്തിന് നാളിതുവരെയായും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല. ജില്ല ജയിലിന് പുതിയ സ്ഥലം കണ്ടെത്താൻ കഴിയുകയാണെങ്കിൽ അത് ജില്ലാശുപത്രിയുടെ വികസനത്തിനും കുതിപ്പേകും.

എന്നിട്ടും ഈ വിഷയത്തിൽ മുന്നിട്ടിറങ്ങാൻ ജില്ലയിലെ ജനപ്രതിനിധികളാരും തയാറാകുന്നില്ലെന്നാണ് അത്ഭുതം. ചട്ടഞ്ചാലിന് സമീപത്തെ വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലമാണ് ജയിലിനു വേണ്ടി ആദ്യം പരിഗണിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. പിന്നീട് പെരിയയിൽ പ്ലാൻ്റേഷൻ കോർപറേഷൻ്റെ കീഴിലുള്ള പത്തേക്കർ സ്ഥലം വിട്ടുകിട്ടുന്നതിനായി ചീമേനി ജയിൽ സൂപ്രണ്ട് ആർ.സാജൻ സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുമായി ചർച്ച നടത്തിയിരുന്നു.

എംഎൽഎ താൽപര്യം പ്രകടിപ്പിച്ചെങ്കിലും പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനം ഇതുവരെയും വന്നിട്ടില്ല. ഒരിടത്തും അനുയോജ്യമായ സ്ഥലം കിട്ടിയില്ലെങ്കിൽ ചീമേനി തുറന്ന ജയിൽ വളപ്പിൽ തന്നെ ജയിൽ സ്ഥാപിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനാണ് ജയിൽ വകുപ്പ് ഒരുങ്ങുന്നത്. ചീമേനിയിൽ ജയിൽ വകുപ്പിന് 308 ഏക്കർ സ്ഥലമുണ്ട്.

LatestDaily

Read Previous

മെമു മംഗളൂരു സർവ്വീസ് ഉടൻ

Read Next

വാർത്ത വായിച്ച് അർഷ പി ആർ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡിൽ