ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലൈംഗിക ആരോപണം കെട്ടിച്ചമച്ചതാണെന്ന് മാനേജിംഗ് ഡയരക്ടർ
കാഞ്ഞങ്ങാട്: പടന്നക്കാട് ബേക്കൽ ക്ലബ്ബിലുണ്ടായ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ക്ലബ്ബിന്റെ ഡയരക്ടർമാർ തമ്മിൽ ഉടലെടുത്ത തർക്കം പിടിവിട്ടു. പ്രമുഖരടക്കമുള്ള ഈ ക്ലബ്ബിന്റെ ഡയരക്ടർമാർ പരസ്പരം ഗ്രൂപ്പ് തിരിഞ്ഞതോടെ പോലീസ് രണ്ട് ക്രിമിനൽ കേസ്സുകൾ റജിസ്റ്റർ ചെയ്തു. ഒരു കേസ്സ് സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചാണ്. ക്ലബ്ബിന്റെ മാനേജർ അനിൽ വാഴുന്നോറടി, റിസപ്ഷനിസ്റ്റ് വസന്തകുമാരി, അക്കൗണ്ടന്റ് സുമേഷ് കോട്ടപ്പാറ എന്നിവർ പ്രതിസ്ഥാനത്തുള്ള കേസ്സിൽ പരാതിക്കാരൻ ക്ലബ്ബിന്റെ മാനേജിംഗ് ഡയരക്ടറും കരാറുകാരനുമായ പടന്നക്കാട്ടെ ജോയ് ജോസഫാണ്.
കോവിഡ് പ്രതിസന്ധിയെതുടർന്ന് നഷ്ടത്തിലായ ക്ലബ്ബ് അടച്ചിടാൻ ആലോചിച്ചപ്പോൾ, ക്ലബ്ബിലെ ജീവനക്കാരായ അനിൽ, വസന്തകുമാരി, സുമേഷ് എന്നിവർ ക്ലബ്ബ് ഏറ്റെടുത്ത് നടത്തിയ പത്തുമാസക്കാലം ക്ലബ്ബിന്റെ ഹാൾ വാടകയ്ക്ക് നൽകിയതിലും, റസ്റ്റോറന്റ് ഉപയോഗിച്ചതിലും മറ്റും സാമ്പത്തിക തിരിമറി നടന്നതിനുള്ള തെളിവുകൾ ഹാജരാക്കിയാണ് ജോയ് ജോസഫ് മാക്കീൽ വസന്തകുമാരിയടക്കം മൂന്നു പോർക്കെതിരെ പരാതി നൽകിയത്.
ഈ പരാതിയിൽ 2021 ഏപ്രിൽ 1-ന് ക്ലബ്ബ് ഹാൾ കെ. എസ് ഇ ബി വർക്കേഴ്സ് അസോസിയേഷന് വാടകയ്ക്ക് നൽകിയ ഇനത്തിൽ ഹാളിന് ഈടാക്കിയ 25000 രൂപയിൽ 15000 രൂപ മാത്രം കണക്കിൽ ഉൾക്കൊള്ളിക്കുകയും ക്ലബ്ബിന്റെ പേരിൽ ഒരു കൃത്രിമ ബിൽ നിർമ്മിച്ച് പരിപാടി നടത്തിയവർക്ക് നൽകിയ രേഖയും, 240 പേർ സംബന്ധിച്ച ഈ പരിപാടിയിൽ ഭക്ഷണം നൽകിയ വകയിൽ 76,800 രൂപയ്ക്ക് ക്ലബ്ബിന്റെ പേരിൽ നൽകിയ മറ്റൊരു കൃത്രിമ ബില്ലിൽ ചുമത്തിയ ജിഎസ്ടി പണം 3840 രൂപ ക്ലബ്ബിന്റെ അക്കൗണ്ടിൽ ചേർക്കാതിരിക്കുകയും ചെയ്തതിനുള്ള രേഖകളും പരാതിക്കാരൻ ഹാജരാക്കിയിട്ടുണ്ട്.
ഈ രീതിയിൽ ബേക്കൽ ക്ലബ്ബിന് ലഭിക്കേണ്ട ലക്ഷങ്ങൾ വരുന്ന പണം സ്ത്രീയടക്കമുള്ള മൂവരും തട്ടിയെടുത്തതായാണ് കേസ്സ്. ഈ കേസ്സ് റജിസ്റ്റർ ചെയ്തതിന് ശേഷമാണ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ക്ലബ്ബിന്റെ എംഡി ശ്രമിച്ചുവെന്നും, അദ്ദേഹത്തിന്റെ സ്വന്തം ഉടമസ്ഥതയിൽ ബേക്കൽ ക്ലബ്ബിനടുത്തുള്ള മാക്കീൽ ഹോമിലേക്ക് തന്നെ ക്ഷണിച്ചുവെന്നുമുള്ള പരാതി പോലീസിന് നൽകിയത്.
സ്ത്രീയുടെ പരാതി ഗൗരവമുള്ളതാണെങ്കിലും, ലൈംഗിക പീഡനശ്രമത്തിന് തെളിവുകളൊന്നും പരാതിക്കാരി ഹാജരാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ലൈംഗിക പീഡനശ്രമക്കേസ് നിയമപരമായി നിലനിൽക്കാനിടയില്ല. ഇരു കേസ്സുകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.