കോട്ടഞ്ചേരി വനത്തിൽ കുടുങ്ങിയ 14 പേരെ പോലീസ് രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: കൊന്നക്കാട് കോട്ടഞ്ചേരി മലമടക്കിലെ വനത്തിനുള്ളിൽ കടുങ്ങിയ 14 ചെറുപ്പക്കാരെ രാത്രി ഏറെ വൈകി പോലീസ് രക്ഷിച്ച് സുരക്ഷിതമായി പുറത്തെത്തിച്ചു. പരപ്പ, കമ്മാടം ഭാഗങ്ങളിൽ നിന്നും കൂട്ടത്തോടെ മലകയറിയ യുവാക്കളാണ് വനത്തിനുള്ളിൽ കുടുങ്ങിയത്.  ഇന്നലെ രാത്രിയാണ് സംഭവം. സന്ധ്യാസമയത്ത് മൂടൽമഞ്ഞനുഭവപ്പെട്ടതിനെ തുടർന്ന് വഴി തെറ്റി വനത്തിനകത്ത് അകപ്പെട്ട സംഘം ഉടൻ പോലീസിനെ വിളിച്ച് സഹായം തേടി. പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് യുവാക്കൾ സഹായം അഭ്യർത്ഥിച്ചത്.

ഫോൺ ലൊക്കേഷൻ വഴി വെള്ളരിക്കുണ്ട് പോലീസ് വനത്തിലെത്തി തിരച്ചിലാരംഭിക്കുമ്പോൾ സമയം രാത്രി ഏറെ വൈകി ഇരുട്ട് മൂടിയിരുന്നു. ഇതിനിടയിൽ വനാതിർത്തിയിലെ ഒരു വീട്ടിൽ നിന്നും വെളിച്ചം കണ്ട സംഘം വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. സമയം രാത്രി 9 മണിയോടെ വീട്ടിലെത്തിയ പോലീസ് യുവാക്കളെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് പിന്നീട് വീട്ടിലേക്ക് വിട്ടയച്ചു.

വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കോട്ടഞ്ചേരി മലയുൾപ്പടെയുള്ള സ്ഥലം കേരളം – കർണ്ണടാക അതിർത്തി വന പ്രദേശമാണ്. കോവിഡ് കാലത്ത് യുവാക്കൾ കൂട്ടത്തോടെ വനത്തിലെത്തിയതുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും മറ്റ് നടപടികളൊന്നുമുണ്ടായില്ല.

LatestDaily

Read Previous

പണം തീർന്ന ഏടി എം കൗണ്ടർ തകർത്തു

Read Next

ബേബി പാർട്ടിക്ക് മുകളിൽ, തീരുമാനങ്ങൾ പലതിലും കച്ചടവട താൽപ്പര്യം