ബേക്കൽ ക്ലബ്ബ് വിവാഹം 5,000 രൂപ പിഴയടച്ചു

കാഞ്ഞങ്ങാട്: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ജനപ്രതിനിധികളെയടക്കമുള്ള നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ച് ജൂലൈ 4–ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വിവാഹാഘോഷം സംഘടിപ്പിച്ച വധുവിന്റെ ബന്ധുക്കൾ പോലീസിൽ 5,000 രൂപ പിഴയടച്ച് കേസ്സിൽ നിന്നും തലയൂരി.

കോവിഡ് രോഗം പടർത്തുന്ന വിധത്തിൽ ആൾക്കൂട്ട വിവാഹം നടത്തിയതിന് ഹൊസ്ദുർഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കുറ്റമേറ്റെടുത്ത് വധുവിന്റെ  ബന്ധു ഹൊസ്ദുർഗ് പോലീസിൽ നേരിട്ടെത്തി 5,000 രൂപ പിഴയടച്ചത്. കാഞ്ഞങ്ങാട്ടെ ഭാരത് ഗ്യാസ് ഏജൻസി ഉടമയും വിമുക്ത ഭടനുമായ രാജപുരം സ്വദേശിയും ഇപ്പോൾ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗം കാരിത്താസ് റോഡിൽ താമസക്കാരനുമായ സ്റ്റീഫന്റെ മകളുടെ മൈലാഞ്ചി കല്ല്യാണത്തിൽ നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ചതിനാണ് പോലീസ് പിഴയിട്ടത്.

ബേക്കൽ ക്ലബ്ബിലെ സിസിടിവി ക്യാമറകൾ കസ്റ്റഡിയിൽ പരിശോധിക്കുകയും ആൾക്കൂട്ട ദൃശ്യം കണ്ടെത്തിയതോടെ പോലീസ് നിയമനടപടികൾ സ്വീകരിക്കുകയുമായിരുന്നു. കേരള കോൺഗ്രസ്സ് മാണി വിഭാഗം പാർട്ടിയുടെ ജില്ലാ ഭാരവാഹിയായ സ്റ്റീഫന്റെ മകളുടെ ആൾക്കൂട്ട മൈലാഞ്ചി കല്ല്യാണത്തിൽ ജില്ലാ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗരസഭയിലെ പ്രധാനപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ച ചടങ്ങിനിടെ സംഘടിപ്പിച്ച പാട്ടും ഡാൻസും ആസ്വദിച്ച് സദ്യയും കഴിഞ്ഞാണ് പലരും  മടങ്ങിയത്. തുടർന്നുള്ള കേസ്സ് നടപടികളിൽ നിന്നും ഒഴിവാകുന്നതിന്  ഡാവി സ്റ്റീഫൻ എന്ന  ആളാണ് പോലീസിൽ പിഴയടച്ചത്.

LatestDaily

Read Previous

മരിച്ചത് അമ്മ; ആദരാഞ്ജലികൾ മകൾക്ക്

Read Next

ബേക്കൽ ക്ലബ്ബ് മാനേജിംഗ് ഡയറക്ടർക്കെതിരെ ലൈംഗീകാതിക്രമത്തിന് കേസ്സ്