അന്ധകാരത്തിൽ നിന്ന് കാഞ്ഞങ്ങാടിന് മോചനമില്ല കോട്ടച്ചേരി ഇരുട്ടിലായിട്ട് മാസങ്ങൾ പിന്നിട്ടു

കള്ളന്മാർക്ക് കൊയ്ത്ത്കാലം

കാഞ്ഞങ്ങാട്: അത്വുത്തര കേരളത്തിലെ വാണിജ്യ സിരാകേന്ദ്രമായ കാഞ്ഞങ്ങാട് പട്ടണത്തിന്റെ ഹൃദയ കവാടമായ കോട്ടച്ചേരി ഇരുട്ടിലായിട്ട് മാസങ്ങൾ പിന്നിടുകയാണ്. ഈ അന്ധകാരത്തിൽ നിന്ന് കാഞ്ഞങ്ങാടിന് മോചനമില്ലേയെന്ന് ചോദ്യത്തിന് ഉത്തരം നൽകേണ്ടവർ ആരാണെന്ന് പോലും നഗരം അറിയാതെ പോവുകയാണ്.

നഗരസഭയിൽ പുതിയ ഭരണസമിതി അധികാരത്തിൽ വരുന്നതിന് മുമ്പേ നഗരം ഇരുട്ടിലായിക്കഴിഞ്ഞിരുന്നു. പുതിയ ഭരണസമിതി ചുമതലയേറ്റാൽ ഒരു മാറ്റമുണ്ടാവുന്ന പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്തായിരിക്കുന്നു. കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിലും ബസ് സ്റ്റാന്റ് പരിസരത്തും ഇഖ്ബാൽ റോഡ് ജംഗ്ഷനിലും പ്രഭ ചൊരിയാൻ ഒാരോ ഹൈമാസ്റ്റ് വിളക്കുകളുണ്ട്. ഇതിൽ ട്രാഫിക്ക് സർക്കിളിലെ  ഹൈമാസ്റ്റ് കണ്ണ് ചിമ്മിയിട്ട് മാസങ്ങളായി.

പ്രതിഷേധം പടരുമ്പോൾ ഇടക്കൊന്നു നന്നാക്കിയാൽ രണ്ട് ദിവസം കഴിഞ്ഞ് വെളിച്ചം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ച് പോവും. ബസ് സ്റ്റാന്റിലും ഇഖ്ബാൽ റോഡ് ജംഗ്ഷനിലുമുള്ള ഹൈമാസ്റ്റുകളുടെയും സ്ഥിതി ഇതു തന്നെ. നോർത്ത് കോട്ടച്ചേരി മുതൽ സ്മൃതി മണ്ഡവം വരെയുള്ള നാല് വരിപ്പാത സംസ്ഥാന ഹൈവേയുടെ ഭാഗമാണ്.

കെഎസ്ടിപി റോഡ് പണി പൂർത്തിയാക്കുമ്പോൾ ഡിവൈഡറുകളിൽ സ്ഥാപിച്ച സൗരോർജ വിളക്കുകൾ ഒാരോന്നായി കണ്ണ് ചിമ്മി ഇപ്പോൾ പൂർണ്ണമായും കണ്ണടച്ച നിലയിലാണ്. ആർക്കാണ് ഇത് നന്നാക്കേണ്ട ചുമതലയെന്ന വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ തർക്കത്തിലാണ്. വൈദ്യുതി വകുപ്പിന് സൗരോർജ (സോളാർ) വിളക്കുകളുടെ ചുമതലയില്ലെന്നാണ് അവരുടെ നിലപാട്.

നഗരസഭയ്ക്ക് ഉത്തരവാദിത്തമില്ലെന്ന് നഗരഭരണാധികാരികളും പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിൽപ്പെട്ട വിഷയമല്ല ഇതെന്ന് അവരും പറയുന്നു. പിന്നെ ആർക്കാണ് ഈ ഏടാകൂടത്തിന്റെ ചുമതലയെന്ന് ചോദിച്ചാൽ ഉത്തരം നൽകാൻ ആരുമില്ല. നഗരത്തിൽ അടിക്കടിയുണ്ടാവുന്ന കവർച്ചകളും കടകൾ കുത്തിത്തുറന്നുള്ള മോഷണവും വർദ്ധിക്കാൻ ഒരു പരിധി വരെ കാരണം വെളിച്ചമില്ലായ്മയാണ്.

ഇ. ചന്ദ്രശേഖരൻ എംഎൽഏ ഫണ്ട് ചെലവഴിച്ച് സ്ഥാപിച്ച ക്യാമറകൾ പ്രവർത്തനരഹിതമായതിന് പിന്നാലെ തെരുവ് വിളക്കും കണ്ണടച്ചപ്പോൾ കവർച്ചക്കാർക്കും, മോഷ്ടാക്കൾക്കും, കൊയ്ത്തു കാലമാണ്. പെരുങ്കള്ളന്മാർക്ക് അടക്കിവാഴാൻ നഗരം സജ്ജമാക്കിക്കൊടുക്കുന്ന ഭരണാധികാരികളും പരസ്പരം പഴി ചാരുന്ന വകുപ്പ് മേധാവികളും ഒന്ന് മനസ്സ് വെച്ചാൽ എളുപ്പം പരിഹരിക്കാൻ പറ്റുന്ന വിഷയമാണിത്. എന്നാൽ, അധികൃതരും, ഭരണാധികാരികളും ആരെയാണ് സഹായിക്കുന്നതെന്ന ചോദ്യവും ഉത്തരം കിട്ടാതെ പോകുകയാണ്.

LatestDaily

Read Previous

ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീ പിടിച്ചു

Read Next

മരിച്ചത് അമ്മ; ആദരാഞ്ജലികൾ മകൾക്ക്