ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജീവനക്കാർ നികുതിപ്പണത്തിൽ സർക്കാരിനെ വഞ്ചിച്ചുവെന്ന് ആരോപണം
കാഞ്ഞങ്ങാട്: കൊറോണക്കാലത്ത് പത്തുമാസം പടന്നക്കാട്ടെ ബേക്കൽ ക്ലബ്ബ് സ്വന്തമായി നടത്താൻ ഏറ്റെടുത്ത മൂന്ന് ജീവനക്കാർ ക്ലബ്ബിന്റെ അക്കൗണ്ടിലേക്ക് ന്യായമായും അടക്കേണ്ടിയിരുന്ന നികുതിപ്പണം തിരിമറി നടത്തി സർക്കാരിനെ വഞ്ചിച്ചുവെന്ന് ആരോപണം. പുറമെ ക്ലബ്ബ് റിസപ്ഷനിസ്റ്റിന്റെ ഫോൺ കോൾ ചോർത്തിയതായി പോലീസിൽ പരാതിയും. ക്ലബ്ബിന്റെ മാനേജർ അനിൽവാഴുന്നോറൊടി, റിസപ്ഷനിസ്റ്റ് തൃക്കരിപ്പൂർ സ്വദേശിനി വസന്ത, അക്കൗണ്ടന്റ് സുമേഷ് കോട്ടപ്പാറ എന്നിവരെയാണ് നികുതി വെട്ടിച്ചുവെന്ന കുറ്റമാരോപിച്ച് സേവനത്തിൽ നിന്ന് ക്ലബ്ബ് എംഡി ജോയ് ജോസഫ് മാക്കിൽ സസ്പെന്റ് ചെയ്തത്.
2020 ജുലായ് മുതൽ 2021 ഏപ്രിൽ വരെയുള്ള കൊറോണക്കാലത്ത് ക്ലബ്ബ് നഷ്ടത്തിലാണെന്നും , അടച്ചുപൂട്ടുകയാണെന്നും മാനേജ്മെന്റ് പ്രഖ്യാപിച്ചപ്പോൾ, മാനേജർ അനിൽ വാഴുന്നൊറൊടിയും, അക്കൗണ്ടന്റ് സുമേഷും, റിസപ്ഷനിസ്റ്റ് വസന്തയും ക്ലബ്ബ് സ്വന്തമായി ഏറ്റെടുത്ത് നടത്താൻ തയ്യാറാവുകയും പോയ പത്തുമാസക്കാലം ഇവർ ക്ലബ്ബ് സ്വന്തമായി ഏറ്റെടുത്ത് നടത്തുകയും ചെയ്തു. ഈ കാലയളവിൽ ക്ലബ്ബിന്റെ വരുമാനം പതിവിന് വിപരീതമായി ഉയർന്നത് ക്ലബ്ബ് മാനേജ്മെന്റിനെ അൽഭുതപ്പെടുത്തി. 25000 രൂപ പ്രതിമാസ വാടക നിരക്കിലാണ് ആരംഭത്തിൽ നടത്തിപ്പുകാർക്ക് വാടക നിശ്ചയിച്ചതെങ്കിലും, പിന്നീട് വാടക മാനേജ്മെന്റ് 1, 25,000 രൂപ വരെ വർദ്ധിപ്പിക്കുകയും ചെയ്തു. ക്ലബ്ബിലെ താമസമുറികൾ ഒന്നും തന്നെ ഈ കാലത്ത് തുറന്നു കൊടുത്തിരുന്നില്ല. ക്ലബ്ബിലെ മദ്യശാലയും കരാർ വ്യവസ്ഥയിൽ ഉൾപ്പെട്ടിരുന്നില്ല. കല്ല്യാണങ്ങളും ചടങ്ങുകളും മറ്റും ജീവനക്കാർ പത്തുമാസക്കാലം ക്ലബ്ബിൽ നേരിട്ടു നടത്തുകയായിരുന്നു. ഈ കാലയളവിൽ റസ്റ്റോറന്റിൽ നിന്നും, വിവാഹപ്പാർട്ടികളിൽ നിന്നും ലഭിച്ച വാടകയുടെയും, ഭക്ഷണത്തിന്റെയും വിലയിൽ നികുതി അധികമായി കൈപ്പറ്റിയിട്ടുണ്ടെങ്കിലും, ഈ നികുതിപ്പണം അക്കൗണ്ടിൽ ഉൾപ്പെടുത്താതെ തിരിമറി നടത്തി ക്ലബ്ബിനെയും സർക്കാറിനെയും വഞ്ചിച്ചുവെന്നാണ് ഇപ്പോൾ നോട്ടീസ് നൽകി പുറത്തു നിർത്തിയിട്ടുള്ള അക്കൗണ്ടന്റ് സുമേഷിനും, റിസപ്ഷനിസ്റ്റ് വസന്തയ്ക്കും എതിരെയുള്ള കുറ്റം. ക്ലബ്ബ് മാനേജരായ മുൻ നഗരസഭ കൗൺസിലർ അനിൽ വാഴുന്നോറൊടി ഈ നികുതിപ്പണം തിരിമറിക്ക് കൂട്ടുനിന്നുവെന്നാണ് ആരോപണം.
കഴിഞ്ഞ 21 വർഷക്കാലം ബേക്കൽ ക്ലബ്ബിന്റെ മാനേജർ പദവിയിലുള്ള ആളാണ് അനിൽ. അതിനിടയിൽ ക്ലബ്ബിന്റെ ഭരണ തലത്തിൽ ഡയറക്ടർമാരിൽ ശക്തമായ ഗ്രൂപ്പ് രൂപപ്പെട്ട് വന്നിട്ടുണ്ട്. സസ്പെൻഷനിലായ വസന്തയും ക്ലബ്ബിന്റെ തലപ്പത്തുള്ള മുതിർന്ന ഒരു ഭാരവാഹിയും തമ്മിലുള്ള സെൽഫോൺ സംഭാഷണത്തിൽ ക്ലബ്ബിന്റെ എംഡി ആയ കരാറുകാരൻ ജോയ് ജോസഫിനെ താഴ്ത്തിക്കെട്ടി ചിത്രീകരിച്ചുവെന്ന പരാതി പോലീസിൽ നൽകിയത് ജോയ് ജോസഫാണ്. തങ്ങൾ ഇരുവരുടെയും ടെലിഫോൺ സംഭാഷണം ചോർത്തിയെന്ന് ആരോപിച്ച് വസന്ത ജോയിജോസഫ് മാക്കിലിനെതിരെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.