ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇടതു മുന്നണിയോഗത്തിൽ തൽക്കാലം ഇരുവിഭാഗത്തെയും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അഭിപ്രായം
കാഞ്ഞങ്ങാട്: ഐഎൻഎൽ വിഭാഗീയത പിളർപ്പിൽ പര്യവസാനിച്ച സാഹചര്യത്തിൽ ഇരുവിഭാഗവും യോജിപ്പിന്റെ മേഖല കണ്ടെത്തുന്നില്ലെങ്കിൽ ഇടതു മുന്നണി യോഗത്തിൽ ഇരുവിഭാഗത്തേയും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് സിപിഎമ്മിൽ ധാരണ. ഇരു വിഭാഗത്തോടും തൽക്കാലം സമദൂരസമീപനം സ്വീകരിക്കും. പ്രതിസന്ധി പരിഹരിക്കുകയോ യഥാർത്ഥ പാർട്ടി ഏതെന്ന സ്ഥിരീകരണം വരുത്തുകയോ ചെയ്യുന്നത് വരെ ഇരു വിഭാഗത്തെയും ഇടതു മുന്നണി യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന ധാരണയാണ് സി. പി. എമ്മിൽ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്.
രണ്ടാം പിണറായി സർക്കാറിന്റെ തുടക്കത്തിൽ തന്നെ മന്ത്രിമാരെ മാറ്റേണ്ട സാഹചര്യം സിപിഎം ആഗ്രഹിക്കുന്നില്ല. ഇരു വിഭാഗവും തങ്ങളാണ് യഥാർത്ഥ ഐഎൻഎൽ അവകാശപ്പെടുന്നുണ്ടെങ്കിലും ദേശീയ നേതൃത്വം കാസിം ഇരിക്കൂർ പക്ഷത്തോടൊപ്പമാണ്. മുഹമ്മദ് സുലൈമാൻ പ്രസിഡണ്ടായ ദേശീയ സമിതിയുടെ ജനറൽ സിക്രട്ടറിയാണ് മന്ത്രി അഹ്മ്മദ് ദേവർകോവിൽ ആ നിലയിൽ പാർട്ടിയുടെ ഔദ്യോഗിക വിഭാഗം കാസിം പക്ഷമാണെന്ന് സമ്മതിക്കേണ്ടിവരും.
എങ്കിലും ഇരുവിഭാഗത്തെയും യോജിപ്പിക്കാനും അഭിപ്രായ ഐക്യം ഉണ്ടാക്കാനും കഴിയുമോ എന്നാണ് സിപിഎം ശ്രമിക്കുന്നത്. എന്നാലിത് എത്രകണ്ട് പ്രായോഗികമാവുമെന്ന് കണ്ടറിയണം. അഖിലേന്ത്യാ ജനറൽ സിക്രട്ടറിയും മന്ത്രിയുമെന്ന നിലയിൽ തനിക്ക് പക്ഷമില്ലെന്ന് അഹ്മദ് ദേവർകോവിൽ പുറമെ പറയുന്നുണ്ടെങ്കിലും, കാസിം പക്ഷത്തോടാണ് മന്ത്രി അഹ്മ്മദിന്റെ ആഭിമുഖ്യം.
അധികാരമുള്ള പക്ഷത്തമെന്ന നിലയിൽ ജില്ലാ ഘടകങ്ങളെല്ലാം കാസിം പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. വഹാബ് പക്ഷം ആഗസ്റ്റ് മൂന്നിന് വിളിച്ച് ചേർത്ത സംസ്ഥാന കൗൺസിൽ യോഗത്തിൽ ദേശീയ ജനറൽ സിക്രട്ടറിയായ മന്ത്രി അഹ്മദ് ദേവർകോവിലിനെയും ക്ഷണിച്ചിട്ടുണ്ട്. പങ്കെടുത്തില്ലെങ്കിൽ വഹാബ് പക്ഷം മന്ത്രിയെ പുറത്താക്കും. പദവികൾ വീതം വെച്ചു എന്ന ഗുരുതര ആരോപണമാണ് കാസിമിനെതിരെ വഹാബ് ഉന്നയിക്കുന്നത്.