ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ശുചീകരണ ജോലിയിൽ നിയമിക്കപ്പെട്ട പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സ് പ്രതികളുടെ ഭാര്യമാർ ജോലി രാജി വെച്ചു. കല്ല്യോട്ട് കൊലക്കേസ്സിലെ ഒന്നാം പ്രതി ഏ. പീതാംബരന്റെ ഭാര്യയടക്കമുള്ള മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ മടിക്കൈയിലെ പെരിയേടത്ത് ബേബി പാർട്ടി നേതൃത്വമറിയാതെ നേരിട്ട് ജോലി നൽകിയത്. മൂന്ന് മാസം മുമ്പ് ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച സ്ത്രീകളിൽ, ഒന്നാം പ്രതി പീതാംബരന്റെ ഭാര്യ പി. ബേബിയുടെ ബന്ധത്തിലുള്ള സ്ത്രീ കൂടിയാണ്.
പ്രതികളുടെ ഭാര്യമാരെ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് 400 അപേക്ഷകരിൽ നിന്നാണ് ബേബി കൂടിക്കാഴ്ചയിൽ മാർക്ക് കൂട്ടി നൽകി മൂന്ന് പെണ്ണുങ്ങളെ ജില്ലാ ആശുപത്രി ശുചീകരണ വിഭാഗത്തിൽ നിയമിച്ചത്. ഇവർ മൂന്നു മാസക്കാലം ജോലിയിൽ തുടർന്ന ശേഷം ഇപ്പോൾ സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ജോലിയിൽ നിന്ന് സ്വയം രാജി വെച്ചത്. ഒരർത്ഥത്തിൽ മൂന്ന് സ്ത്രീകളുടെയും രാജിക്കത്ത് പാർട്ടി ചോദിച്ചു വാങ്ങുകയായിരുന്നു.
തൽക്കാലം ജില്ലാ ആശുപത്രി ജോലി രാജിവെക്കണമെന്നും, പാർട്ടിയുമായി ബന്ധമുള്ള സ്വകാര്യാശുപത്രികളിൽ ജോലി നൽകാമെന്ന് പറഞ്ഞു സമാധാനിപ്പിച്ചുമാണ് പാർട്ടി ഇപ്പോൾ മൂവരുടെയും രാജി എഴുതി വാങ്ങിയത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പാർട്ടിയെ മറികടന്ന് പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ആശുപത്രിയിൽ ജോലി നൽകിയ സംഭവത്തിൽ ബിജെപിയും, യുഡിഎഫും ജില്ലാ ആശുപത്രി പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തിയിരുന്നു. സംഭവം സംസ്ഥാന തലത്തിൽ തന്നെ പുകഞ്ഞു കത്തിയതിനെതുടർന്ന്, പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ സംഭവം പാർട്ടി അറിഞ്ഞില്ലെന്ന് സിപിഎം ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണൻ മാഷ് പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.
ജോലി സ്വയം രാജിവെച്ചൊഴിഞ്ഞ മൂന്ന് സ്ത്രീകളും പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സിലെ ഒന്നും, രണ്ടും, മൂന്നും പ്രതികളുടെ ഭാര്യമാരാണ്. ഇവരിൽ ഒന്നാം പ്രതി ഏ. പീതാംബരന്റെ ഭാര്യ മഞ്ജുഷ മടിക്കൈ കാലിച്ചാംപൊതി മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന ബാലന്റെ മകളാണ്. ബാലൻ, പി. ബേബിയുടെ പിതൃസഹോദരനാണ്. മഞ്ജുഷയ്ക്ക് കാഞ്ഞങ്ങാട്ട് പാർട്ടി നിയന്ത്രണത്തിലുള്ള ഒരു സഹകരണ സ്ഥാപനത്തിലും, മറ്റു രണ്ട് സ്ത്രീകൾക്ക് കാസർകോട് നായന്മാർ മൂലയിലുള്ള ഇ. കെ. നായനാർ സഹകരണ ആശുപത്രിയിലും ജോലി നൽകാൻ ധാരണയായിട്ടുണ്ട്.