മൂന്ന് ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യാനായത് പോലീസിന് നേട്ടമായി

കാഞ്ഞങ്ങാട്: പോലീസിനെ വെല്ലുവിളിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ കവർച്ചാ പരമ്പര നടത്തി 15 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ  കവർന്ന് രക്ഷപ്പെട്ട പ്രതികളെ മൂന്ന് ദിവസത്തിനകം പിടികൂടാനായത് പോലീസിന് വലിയ നേട്ടമായി. കവർച്ച ചെയ്ത ഫോണുകൾ ഉഡുപ്പി ഭാഗത്ത് വിൽക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്. കുപ്രസിദ്ധ കവർച്ചക്കാരൻ കാരാട്ട് നൗഷാദും കൂട്ടാളി എറണാകുളം സ്വദേശി ടോമി എന്ന് വിളിക്കുന്ന സിജോ ജോർജും കേരളം വിട്ട് കർണ്ണാടകയിലുണ്ടെന്ന വിവരം പോലീസിന് കൈമാറിയത് സൈബർ സെല്ലാണ്.

പ്രതികൾ മംഗലാപുരം വീട്ട്  ഉഡുപ്പി ഭാഗത്തേക്ക് നീങ്ങിയതറിഞ്ഞ കേസന്വേഷണ ഉദ്യോഗസ്ഥനായ സബ്ബ് ഇൻസ്പെക്ടർ കെ. പി. സതീഷും പാർട്ടിയും ഇന്നലെ പുലർച്ചെ തന്നെ കർണ്ണാടകയിലേക്ക് യാത്ര തിരിച്ചു. പ്രതികളുടെ ഒാരോ നീക്കവും സൈബർ സെൽ  നിരീക്ഷിക്കുകയും പോലീസ് അന്വേഷണ സംഘത്തിന് വിവരം കൈമാറി കൊണ്ടുമിരുന്നു. കൈവശമുള്ള 35 മൊബൈൽ ഫോണുകൾ വിൽപ്പന നടത്തി പണമാക്കുന്നതിനായാണ് പ്രതികൾ ഉഡുപ്പി ഭാഗത്ത്  കറങ്ങിയത്.

ഉഡുപ്പിക്ക് സമീപം നൗഷാദിനെയും ടോമിയെയും എസ്ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം കവർച്ച നടത്തിയ പ്രതികൾ മൂന്നായി പിരിയുകയും നൗഷാദും ടോമിയും പിറ്റേ ദിവസം വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ബസ്സിൽ കർണ്ണാടകയിലേക്ക് കടക്കുകയായിരുന്നു.

നയാബസാർ മൊബൈൽ ഷോപ്പ് കവർച്ച, അലാമിപ്പള്ളി നീതി മെഡിക്കൽ സ്റ്റോർ, ഫാൽകോ ടവറിലെ വസ്ത്രാലയവും, ബസ് സ്റ്റാന്റിന് സമീപത്തെ മൊബൈൽ ഷോപ്പ്  കുത്തിതുറന്ന് ലാപ്പ്ടോപ്പും  5 മൊബൈൽ ഫോണുകളും കവർച്ച നടത്തിയതും നൗഷാദിന്റെ നേതൃത്വത്തിലുള്ള കവർച്ചാ സംഘമാണെന്ന് പോലീസ് ഉറപ്പിച്ചു. പോക്സോ കോടതി ജഡ്ജിയുടെ കാഞ്ഞങ്ങാട്ടെ വീട്ടിൽ കവർച്ചക്കെത്തിയതും കാരാട്ട് നൗഷാദിന്റെ നേതൃത്വത്തിലുള്ള പ്രതികളായിരുന്നു.

LatestDaily

Read Previous

കർണ്ണാടകയിൽ ജനജീവിതം സാധാരണഗതിയിൽ, ദൈവത്തിൻെറ സ്വന്തം നാട് ഇപ്പോഴും പൂട്ടിട്ട് തന്നെ

Read Next

പി. ബേബിക്ക് പാർട്ടി തിരിച്ചടി, കല്ല്യോട്ട് ഇരട്ടക്കൊല പ്രതികളുടെ ഭാര്യമാർ ജില്ലാ ആശുപത്രിയിലെ ജോലി രാജി വെച്ചു