കർണ്ണാടകയിൽ ജനജീവിതം സാധാരണഗതിയിൽ, ദൈവത്തിൻെറ സ്വന്തം നാട് ഇപ്പോഴും പൂട്ടിട്ട് തന്നെ

കാഞ്ഞങ്ങാട്: തുടക്കത്തിൽ കേരളത്തെക്കാളും കോവിഡ് വ്യാപനം നിലനിന്നിരുന്ന അയൽ സംസ്ഥാനമായ കർണ്ണാടകയിൽ ഇപ്പോൾ ജനജീവിതം സാധാരണഗതിയിലായിക്കഴിഞ്ഞു. കോവിഡ് –19 ന്റെ ആദ്യഘട്ടത്തിൽ കേരളത്തിലുള്ളവർക്ക് കർണ്ണാടകയിലേക്ക് കടക്കാനും കർണ്ണാടകയിൽ നിന്നുള്ളവർക്ക് കേരളത്തിലെത്താനും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു.

എന്നാലിപ്പോൾ സ്ഥിതി മാറി. കേരളത്തിൽ നിന്നും ചെന്നൈയിൽ നിന്നുള്ള പ്രധാന ട്രെയിനുകൾ എല്ലാ മംഗളൂരുവിലും ബംഗളൂരുവിലെത്തുന്നുണ്ട്. ഒരു തവണയെങ്കിലും വാക്സിൻ എടുത്തവർക്ക് ധൈര്യസമേതം മംഗളൂരുവിലെത്താം. ഇപ്രകാരം കാസർകോട്–മംഗളൂരു കെഎസ്ആർടിസി ബസ്സുകളിലും കർണ്ണാടക ആർടിസികളിലും മലയാളികൾക്ക് കർണ്ണാടകയിലെ മലയാളികൾക്ക് കർണ്ണാടകയിലെ വിവിധ നഗരങ്ങളിലെത്താനാവും.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ കർണ്ണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പ്രവർത്തിക്കുന്നു. കേരളത്തിൽ നിന്ന് കർണ്ണാടകയിൽ പഠനത്തിന് പോകുന്നവർക്ക് നിയന്ത്രണങ്ങളില്ലാതെ പഠനം നടത്താൻ  കഴിയും രണ്ട് ഘട്ടം വാക്സിൻ എടുത്തവർക്ക് കർണ്ണാടകയിൽ എവിടെയും സഞ്ചരിക്കാം.

ആശുപത്രികളും ഡോക്ടർമാരുടെ ക്ലിളിനിക്കുകളും എല്ലാം പ്രവർത്തിക്കുന്നുണ്ട്. അധിക നിരക്ക് നൽകി റിസർവ്വേഷൻ ടിക്കറ്റെടുത്ത് പ്രതിദിനം നൂറുകണക്കിനാളുകൾ കേരളത്തിൽ നിന്ന് അതിർത്തി കടന്ന് മംഗളൂരുവിലും അവിടെ നിന്ന് കർണ്ണാടകയിലെ മറ്റു നഗരങ്ങളിലേക്കും തടസ്സമില്ലാതെ പോകാനും വരാനും കഴിയും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ആരാധനാലയങ്ങളിലേക്ക് കടക്കാനും അനുവാദമുണ്ട്. മസ്ജിദുകളും, ക്രിസ്ത്യൻ പള്ളികളും, ഹൈന്ദവ ക്ഷേത്രങ്ങളും സജീവമാണ്.

ആശുപത്രികളിൽ രോഗികൾക്കും സന്ദർശകർക്കും യാതൊരു തരത്തിലുമുള്ള വിലക്കുമില്ല. എങ്ങും ജനജീവിതം പതിവ് പോലെ. എന്നാൽ ഭയം വേണ്ട ജാഗ്രത മതി എന്ന് മാസങ്ങളായി ഉരുവിട്ട് കൊണ്ടിരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നമ്മളിപ്പോഴും അടച്ച് പൂട്ടലിൽ തന്നെ. ഇനി കോവിഡിനൊപ്പം ജീവിതവും എന്ന് ഒന്നാം കോവിഡ് തരംഗത്തിന്റെ അവസാനത്തിൽ  നമ്മളോട് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്, അടച്ച് പൂട്ടി ജീവിതം വഴി മുട്ടിക്കാനാണ്. ഗ്രേഡുകളുടെയും ക്ലസ്റ്ററുകളുടെയും പിടുത്തത്തിൽ കഴിയാൻ നിർബ്ബന്ധിക്കപ്പെട്ട മലയാളികൾ  ഇപ്പോഴും കടകളടച്ച് വീട്ടിലിരിക്കുന്നു. വാരാന്ത്യങ്ങളിലെ സമ്പൂർണ്ണ അടച്ച് പൂട്ടലിൽ എല്ലാം നിശ്ചലം. 

സർക്കാർ ശമ്പളം പറ്റുന്ന  ജീവനക്കാരും പൊതുമേഖല ജീവനക്കാരും അത്യാവശ്യ സാധനങ്ങളെന്ന് വിശേഷിക്കപ്പെടുന്ന പലചരക്ക് കച്ചവടക്കാരും, അപ്രകാരമുള്ള മറ്റു ചില വ്യാപാരികളും ഒഴികെ മറ്റുള്ളവരെല്ലാം കടക്കെണിയിലാണ്. ആത്മഹത്യയുടെ വക്കിലുള്ളവരും നിരവധിയാളുകൾ. ടിപിആർ നിരക്കുകളും പരിശോധനകളും നിരവധിയായി ദിവസേന നടക്കുന്നു. പൈസ കൊടുത്ത് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ച്കൂടെന്ന് മാത്രമല്ല, ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയാൽ ആരും കാണാതെ തിന്ന് തീർക്കുകയേ നിർവ്വാഹമുള്ളൂ.

ബലിപെരുന്നാളിന് മൂന്ന് ദിവസം കട തുറക്കാൻ അനുവദിച്ചപ്പോഴുള്ള കോലാഹലം നാം  കണ്ടതാണ്. ഇനി എന്നാണ് ഈ അടച്ച് പൂട്ടലിൽ നിന്ന് പുറത്ത് ചാടാൻ നമുക്ക് കഴിയുക എന്നത് ഉത്തരം കിട്ടാതെ ചോദ്യചിഹ്നമായി നിലനിൽക്കുന്നു. അശാസ്ത്രീയമായ അടച്ച് പൂട്ടലിൽ ജീവിതം കൊഴിഞ്ഞ് പോകുന്നവരോടും പിടിച്ച് നിൽക്കാൻ പാടുപെടുന്നവർ ഇനിയും എന്ത് ജാഗ്രതയാണ് കാട്ടേണ്ടത് എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. ഈ ഭയപ്പാട് ഇനിയും എത്രനാൾ തുടരണം.

LatestDaily

Read Previous

വടംവലി താരം വയറിംഗ് ജോലിക്കിടെ വീണ് മരിച്ചു

Read Next

മൂന്ന് ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യാനായത് പോലീസിന് നേട്ടമായി