ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്ടെ മറ്റ് കവർച്ചകൾക്ക് പിന്നിലും കാരാട്ട് നൗഷാദ്
കാഞ്ഞങ്ങാട്: ഹോസ്ദുർഗ്ഗ് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് പി. സുരേഷ് കുമാറിന്റെ, കാഞ്ഞങ്ങാട് ടി ബി റോഡ് സ്മൃതി മണ്ഡപത്തിന് സമീപം കൃഷ്ണ മന്ദിർ റേഡിലെ വീട് കൊള്ളയടിക്കാനെത്തിയത് കുപ്രസിദ്ധ കവർച്ചക്കാരൻ കാരാട്ട് നൗഷാദും സംഘവുമാണെന്ന് വ്യക്തമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന എല്ലാ കവർച്ചകൾക്ക് പിന്നിലും നൗഷാദിന്റെ നേതൃത്വത്തിലുള്ള കവർച്ചാ സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചു.
നഗരത്തിലെ രണ്ട് തുണിക്കടകളും, മൊബൈൽ ഷോപ്പും, കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനു, തൈക്കടപ്പുറത്തെ പി.കെ. ഷാനവാസ് എന്നിവർ കാരാട്ട് നൗഷാദിന്റെ സംഘത്തിൽപ്പെട്ടവരാണ്. കവർച്ചാ സംഘം ജഡ്ജിയുടെ വീടിന് മുന്നിൽ ഉപേക്ഷിച്ച സ്കൂട്ടർ മാണിക്കോത്ത് മഡിയൻ സ്വദേശിയായ യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
ഒരാഴ്ച്ച മുമ്പ് മഡിയൻ യുവാവിൽ നിന്നും നൗഷാദ് സ്കൂട്ടർ തരപ്പെടുത്തുകയായിരുന്നു. വാഹനം കസ്റ്റഡിയിലെടുത്ത, ബുധനാഴ്ച പുലർച്ചെ പോലീസ് സ്കൂട്ടർ ഉടമയായ യുവാവിനെ തേടി മഡിയനിലെ വീട്ടിലെത്തിയിരുന്നു. തത്സമയം യുവാവ് മഡിയനിലെ വീട്ടിലുണ്ടായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ കാരാട്ടു നൗഷാദ് സ്കൂട്ടർ കൊണ്ട് പോയ വിവരം യുവാവ് വെളിപ്പെടുത്തി.
ജഡ്ജിയുടെ വീട് കൊള്ളയടിക്കാൻ ശ്രമിച്ചതിന് ഹോസ്ദുർഗ്ഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ന്യായാധിപന്റെ വീട്ടു പരിസരത്ത് കണ്ടെത്തിയ സ്കൂട്ടർ കാഞ്ഞങ്ങാട്ട് മറ്റിടങ്ങളിൽ നടന്ന കവർച്ചയ്ക്കും ഉപയോഗിച്ചതിന് തെളിവുണ്ട്. കവർച്ച നടന്ന വ്യാപാരസ്ഥാപനങ്ങൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ പ്രസ്തുത സ്കൂട്ടർ പതിഞ്ഞിട്ടുണ്ട്.