കാഞ്ഞങ്ങാട്: സ്കൂൾ ഗേറ്റിൽ തല കുടുങ്ങി മണിക്കൂറുകളോളം മരണ വെപ്രാളത്തിലായ നായയ്ക്ക് പുതുജീവൻ. ഹൊസ്ദുർഗ് കടപ്പുറം കണ്ടത്തിൽ സ്കൂൾ ഗേറ്റിലാണ് നായയുടെ തല കുടുങ്ങിയത്. കിണഞ്ഞ് ശ്രമിച്ചിട്ടും തല പുറത്തെടുക്കാനാകാതെ ദയനീയമായി ഒാരിയിട്ട നായയ്ക്ക് രക്ഷകനായത് ജനപ്രതിനിധികളും അഗ്നി രക്ഷാസേനയും.
39–ാം വാർഡ് കൗൺസിലർ ആയിഷ അഷറഫ്, പിടിഏ പ്രസിഡണ്ട്, എച്ച്.കെ.അബ്ദുള്ള, സി.എച്ച്. അബ്ദുൾ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ നായയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായതോടെ അഗ്നി രക്ഷാസേനയുടെ സഹായം തേടി. ഫയർഫോഴ്സെത്തി മണിക്കൂറുകളോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ ഇരുമ്പ് ഗേറ്റ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് നായയെ രക്ഷപ്പെടുത്തിയത്. ഗേറ്റ് മുറിക്കുന്ന സമയമത്രയും നായ അക്രമാസക്തമായി. ഗേറ്റ് മുറിഞ്ഞ് തല സ്വതന്ത്രമായതോടെ നായ ജീവനും കൊണ്ടോടി.