ടി. പി. ആർ. പരിശോധനയുടെ കൃത്യതയിൽ ആശയക്കുഴപ്പം

കാഞ്ഞങ്ങാട് : ഭൂരിഭാഗം കോവിഡ് ടി. പി. ആർ. (രോഗ സ്ഥിരീകരണ നിരക്ക് ) പരിശോധനയും രോഗ പശ്ചാത്തലവും സമ്പർക്കവും കോവിഡ് ലക്ഷണങ്ങളുള്ളവരിൽ മാത്രം പരിമിതപ്പെടുത്തുന്നത് യഥാർത്ഥ രോഗ സ്ഥിരീകരണ നിരക്ക് കണ്ടെത്തുന്നതിന് തടസ്സമാകുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.

പരിശോധനകളും രോഗ സ്ഥിരീകരണവും അടിസ്ഥാനപ്പെടുത്തിയാണ് ടി പി ആർ നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് 100 പേരുടെ സാമ്പിൾ സ്വീകരിക്കുന്ന പഞ്ചായത്ത് പരിധിയിൽ 50 പേർക്ക് കോവിഡ് പോസിറ്റീവായാൽ ടി പി ആർ 50 ആയിരിക്കും. പരിശോധനയ്ക്ക്  വിധേയമാവുന്നവർ രോഗ പശ്ചാത്തലമോ സമ്പർക്കമോ ഉള്ളവരാവുമ്പോൾ സ്വഭാവികമായും പോസിറ്റീവ് കേസുകൾ ഉയരും. ഇതു വഴി ടി പി ആറും.

നിലവിൽ സംസ്ഥാനത്തെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും രോഗ വ്യാപനം റിപ്പോർട്ട്  ചെയ്ത പ്രദേങ്ങളിലാണ് ആർ ടിപിസിആർ അല്ലെങ്കിൽ, ആന്റിജൻ പരിശോധന ക്യാമ്പുകൾ നടത്തുന്നത്. ഇത്തരത്തിലുള്ള രോഗ സ്ഥിരീകരണത്തോത് ഇൻസിഡന്റ് റേറ്റായി മാത്രമേ  പരിഗണിക്കാവൂ എന്നാണ് വിദഗ്ദാഭിപ്രായം. രോഗവ്യാപന നിരക്ക് കണക്കാക്കുന്നതിനുള്ള സമവാക്യം തത്വത്തിൽ ശരിയാണെങ്കിൽ, പ്രായോഗികമായി പരിഗണിക്കുന്ന സാമ്പിളുകളുടെ സമാഹരണത്തിൽ പിഴവുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.

അധികൃതർ ഈ കണക്കുകളും നിരക്കുകളുമാണ് നിയന്ത്രണങ്ങൾക്ക് മാനദണ്ഡമാക്കുന്നുവെന്നത് അടിസ്ഥാന ജന വിഭാഗങ്ങളെയും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെയും വ്യാപാര മേഖലയിലുള്ളവരെയും പ്രതിസന്ധിയിലാക്കുന്നു. ക്യാമ്പുകളിൽ ശേഖരിക്കുന്ന ആർടിപിസിആർ പരിശോധനകളുടെയും ആന്റിജൻ പരിശോധനകളുടെയും ഫലം വരാൻ വൈകുന്നത് പരിശോധനക്ക് വിധേയരാവുന്നവരെ വല്ലാതെ പ്രയാസപ്പെടുത്തുന്ന വസ്തുതയാണ്.

രണ്ടു തരംഗത്തിന്റെ തുടക്കത്തിൽ പൊതു പരിശോധനകൾ വ്യാപകമായി നടന്നിരുന്നുവെങ്കിലും, കൂടുതലും രോഗപശ്ചാത്തലമുള്ളവരിലാണ്  കേന്ദ്രീകരിച്ചത്. ലക്ഷം പരിശോധനകൾ നിലവിൽ ശരാശരി നടത്തുന്നുണ്ട്. ഇതെല്ലാം കൂടുതലും രോഗ പശ്ചാത്തലമുള്ളവരിലാണ്. പുറമെ വിദേശയാത്ര പരീക്ഷ ശസ്ത്രക്രിയ തുടങ്ങിയവയ്ക്കുള്ള പരിശോധനകളും. രോഗപശ്ചാത്തലമുള്ളവർക്കൊപ്പം പൊതു വിഭാഗങ്ങളിൽ കൂടി പരിശോധന വ്യാപിപ്പിച്ചാൽ മാത്രമെ കൃത്യമായ രോഗ വ്യാപന സ്ഥിരീകരണ നിരക്ക് കണക്കാക്കാനാവൂ എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

LatestDaily

Read Previous

കാസർകോട്–മംഗളൂരു ബസ് സർവ്വീസ് പുനരാരംഭിച്ചു

Read Next

പതിനെട്ടുകാരിയെ 20 കാരനായ കാമുകൻ വിവാഹം കഴിച്ചു, ഒപ്പം താമസിക്കുന്നത് വിലക്കി കോടതി