കണ്ണൂര്‍ വിമാനത്താവളത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തുവെന്ന് കണ്ടെത്തിയ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ഇന്‍സ്‌പെക്ടര്‍മാരായ രോഹിത് ശര്‍മ്മ, സാകേരന്ദ പാസ്വാന്‍, കൃഷന്‍ കുമാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. 2019 ഓഗസ്റ്റ് 19ന് 4.5 കിലോ സ്വർണ്ണം കടത്താന്‍ ഇവര്‍ സഹായം ചെയ്തുവെന്നാണ് കുറ്റം.

സംഭവ ദിവസം സ്വര്‍ണ്ണവുമായി മൂന്ന് കാരിയര്‍മാരെയാണ് റവന്യു ഇന്റലിജന്‍സ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മൂന്ന് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. ഇവരുടെ ഒത്താശയോടെ 11 കിലോ സ്വർണ്ണം  കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രിവന്റീവ് ഓഫീസറായ രാഹുല്‍ പണ്ഡിറ്റിന്റെ നിർദ്ദേശപ്രകാരമാണ് ഇവര്‍ സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തതെന്നും കണ്ടെത്തിയിരുന്നു.

രാഹുല്‍ പണ്ഡിറ്റിനെ നേരത്തെ സർവ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. നേരത്തെ സസ്‌പെന്‍ഷനിലായിരുന്ന മൂന്ന്  ഉദ്യോഗസ്ഥരും ജോലിയില്‍ തിരികെ  പ്രവേശിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടത്. പ്രിവന്റീവ് കമ്മീഷണര്‍ സുനില്‍കുമാറാണ് ഇവരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്.

Read Previous

വീണ്ടും 15 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു, അലാമിപ്പള്ളി നീതി മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് മുക്കാൽ ലക്ഷം രൂപയും മരുന്നും കവർച്ച ചെയ്തു

Read Next

ഐ എൻ എൽ പോരിൽ ദേശീയ അധ്യക്ഷൻ ഇടപെട്ടു