ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്ക്കൂട്ടറും ആയുധവും പിടിയിൽ, കവർച്ചക്കാരെ പിടികൂടാൻ പാതിരാത്രി പോലീസ്ജ ഡ്ജിയുടെ വീട് വളഞ്ഞു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടിബി റോഡ് സ്മൃതി മണ്ഡപത്തിന് സമീപം കൃഷ്ണ മന്ദിർ റോഡിൽ താമസിക്കുന്ന ഹൊസ്ദുർഗ് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് സി. സിരേഷ് കുമാറിന്റെ വീട് കൊള്ളയടിക്കാൻ ആയുധങ്ങളുമായെത്തിയ കവർച്ചാ സംഘത്തെ പിടികൂടാൻ പോലീസ് പാതിരാത്രി ജഡ്ജിയുടെ വീട് വളഞ്ഞു. ന്യായാധിപന്റെ വീട്ടിൽ നിന്നും അതിവിദഗ്ധമായി കവർച്ചാ സംഘം പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ 2 മണിയോടെ നാലംഗ കവർച്ചാ സംഘം ജഡ്ജിയുടെ വീട് കൊള്ളയടിക്കാനെത്തുകയായിരുന്നു. രാത്രി ഹൊസ്ദുർഗ് സ്റ്റേഷനിൽ രാത്രികാല ഡ്യൂട്ടിയിലായിരുന്ന എസ്ഐ, വി. മാധവന് പുലർച്ചെ 1–30 ന് ഒരു ഫോൺ സന്ദേശം ലഭിച്ചു. ജഡ്ജിയുടെ വീട്ടുപരിസരത്ത് ആളനക്കം കേൾക്കുന്നതായാണ് പോലീസിന് ലഭിച്ച സന്ദേശം.
സന്ദേശം ലഭിച്ചപാടെ എസ്ഐ, മാധവന്റെ നേതൃത്വത്തിൽ പോലീസ് ജഡ്ജിയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു. പോലീസ് സംഘം കൃഷ്ണ മന്ദിർ റോഡിൽ ജഡ്ജിയുടെ വീട് വളഞ്ഞ് കവർച്ചാ സംഘത്തെ കീഴ്പ്പെടുത്താൻ കരുതൽ സ്വീകരിച്ച് നിലയുറപ്പിച്ചു. ഈ സമയം ഇരുനില വാടക വീട്ടിന്റെ മുകൾ നിലയിലെ പൂട്ട് തകർത്ത് കവർച്ചാ സംഘം ജഡ്ജിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വീടിന്റെ പ്രധാന വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർക്കാനുള്ള ശ്രമത്തിലായിരുന്നു.
അപ്രതീക്ഷിതമായി സ്ഥലത്തെത്തിയ പോലീസിനെ കണ്ട് പിടിയിലാകുമെന്നുറപ്പായ കവർച്ചാസംഘം, കമ്പിപ്പാര സംഘമെത്തിയ സ്ക്കൂട്ടറടക്കം ജഡ്ജിയുടെ വീട്ടുപരിസരത്തുപേക്ഷിച്ച് പിൻഭാഗത്ത് കൂടി രക്ഷപ്പെട്ട് ഇരുളിൽ മറയുകയായിരുന്നു. തത്സമയം ഹൊസ്ദുർഗ് സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് സേന ജഡ്ജിയുടെ വീട്ടിലെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
രാത്രി മുഴുവൻ പ്രതികൾക്കായി നഗരത്തിലുടനീളം പോലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ജഡ്ജിയുടെ വീടിന് മുന്നിൽ കവർച്ചക്കാർ ഉപേക്ഷിച്ച കമ്പിപ്പാരയും, സ്ക്കൂട്ടറും, ഹെൽമറ്റും പോലീസ് കസ്റ്റഡിയിലെടുത്തു. ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ സേന രാവിലെ ന്യായാധിപന്റെ വീട്ടിലെത്തി കൂടുതൽ അന്വേഷണങ്ങൾ നടത്തി.
ജഡ്ജിയുടെ വീട് കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. കവർച്ചാ സംഘത്തെകുറിച്ച് പോലീസിന് സൂചന കിട്ടി. കാഞ്ഞങ്ങാട്ടെ കുപ്രസിദ്ധ കവർച്ചക്കാരന്റെ നേതൃത്വത്തിലാണ് ന്യായാധിപന്റെ വീട് കൊള്ളയടിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. പോലീസ് കസ്റ്റഡിയിലുള്ള സ്ക്കൂട്ടർ പ്രതികൾ, ഭീഷണിപ്പെടുത്തി കൈക്കലാക്കിയതാണെന്ന് സൂചനയുണ്ട്.
ജഡ്ജി താമസിക്കുന്ന വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ കവർച്ചക്കാർ കയറിയിരുന്നു. ഇവിടെ നിന്നും കാര്യമായൊന്നും കിട്ടാത്തതിനെത്തുടർന്നാണ് ജഡ്ജ് താമസിക്കുന്ന വീടിന്റെ താഴത്തെ വാതിൽ പൂട്ട് തകർക്കാൻ ശ്രമം നടന്നത്. പോലീസെത്താൻ അൽപ്പം വൈകിയിരുന്നുവെങ്കിൽ പ്രതികൾ ന്യായാധിപന്റെ വീടിനകത്ത് കയറുമായിരുന്നു. ബക്രീദ് അവധിയായതിനാൽ ന്യായാധിപൻ സുരേഷ് കുമാറും കുടുംബവും കണ്ണൂരിലെ സ്വന്തം വീട്ടിലായിരുന്നു.