56 കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ചെറുവത്തൂർ: പിലിക്കോട് മടിവയലിൽ 56 കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവാണ് ഇന്നലെ രാത്രി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മൃതശരീരത്തിൽ പലയിടത്തായി മുറിപ്പാടുകൾ കണ്ടതിനെത്തുടർന്ന് നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും മൃതദേഹം വിദഗ്ദ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഭാര്യ ജാനകിയോടൊപ്പം താമസിക്കുന്ന കുഞ്ഞമ്പു ഇന്നലെ രാത്രിയാണ് മരിച്ചത്. ജാനകി ബന്ധുക്കളെ വിവരമറിയിച്ചതിനെത്തുടർന്ന്  ബന്ധുക്കളും നാട്ടുകാരും- ചേർന്ന് കുഞ്ഞമ്പുവിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടതിനെത്തുടർന്നാണ് നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്.

ഇന്നലെ രാത്രി കുഞ്ഞമ്പുവിന്റെ വീട്ടിൽ 3 പേർ വന്നിരുന്നതായി പരിസരവാസികൾ പറയുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മരണ വിവരവും പുറത്തുവന്നത്. ഭർത്താവ് കട്ടിലിൽ നിന്നും താഴെ വീണതാണെന്നാണ് ജാനകി നാട്ടുകാരോട് വെളിപ്പെടുത്തിയതെങ്കിലും, നാട്ടുകാർക്ക് മരണത്തിൽ സംശയമുണ്ട്. കട്ടിലിലും, ചുമരിലും കണ്ട ചോരപ്പാടുകൾ സംശയം വർധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

ശരീരത്തിൽ മർദ്ദനമേറ്റ തരത്തിലുള്ള പരിക്കുകളുള്ളതും സംശയം ഇരട്ടിയാക്കിയിട്ടുണ്ട്. മരണവിവരമറിഞ്ഞ് ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. പ്രജീഷ്, പ്രജിത എന്നിവർ പരേതന്റെ മക്കളാണ്. സഹോദരങ്ങൾ പി. ലക്ഷ്മി, പി. പാർവ്വതി, പി.കല്ല്യാണി, പി.ശാരദ. സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തിട്ടുണ്ട്.

കുഞ്ഞമ്പുവിന്റെ മരുമകളുടെ ഭർത്താവായ രാജുവും, മരുമകനായ രാജേഷും ഇന്നലെ രാത്രി മടിവയലിലെ കുഞ്ഞമ്പുവിന്റെ വീട്ടിലെത്തിയിരുന്നു. ഇന്ന് പുലർച്ചെ 1 മണിയോടെ രാജു ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് ആംബുലൻസ് ആവശ്യപ്പെട്ട് വിളിച്ചിരുന്നതായും  വിവരമുണ്ട്. ആംബുലൻസിന് വഴി പറഞ്ഞുകൊടുത്ത ശേഷം രാജുവിന്റെ മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. വീട്ടിലെത്തിയതായിസംശയിക്കപ്പെടുന്ന യുവാക്കൾക്കായി പോലീസ് തെരച്ചിലാരംഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

കാഞ്ഞങ്ങാട് കടകൾ കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേർ പിടിയിൽ

Read Next

കാഞ്ഞങ്ങാട്ട് ജഡ്ജിയുടെ വീട് കൊള്ളയടിക്കാൻ ശ്രമം; കവർച്ചാസംഘം പോലീസിനെ വെട്ടിച്ച് കടന്നു