കുളിസീൻ ചിത്രീകരണം: മകനെ കള്ളക്കേസ്സിൽ കുടുക്കിയതാണെന്ന് മാതാവ്

കാഞ്ഞങ്ങാട് : മകനെ കള്ളക്കേസ്സിൽ കുടുക്കിയെന്നാരോപിച്ച് വീട്ടമ്മ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. വെസ്റ്റ് എളേരി കൂവപ്പാറയിലെ പരേതനായ താഴത്ത് വളപ്പിൽ അമ്പുവിന്റെ ഭാര്യ ടി. വി. ജാനകിയാണ് 65, പരാതിക്കാരി. കൂവപ്പാറയിലെ വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചെന്ന പരാതിയിലാണ് ജാനകിയുടെ മകൻ അജേഷിനെ 38, ചിറ്റാരിക്കൽ പോലീസ് ജൂലൈ 4–ന് അറസ്റ്റ് ചെയ്തത്.

ഒരു സംഘം യുവാക്കൾ ചേർന്ന് യുവാവിനെ മർദ്ദിച്ച ശേഷം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കൂവപ്പാറയിലെ വീട്ടമ്മയുടെ പരാതി പ്രകാരം റജിസ്റ്റർ ചെയ്ത കേസ്സിൽ അജേഷ് റിമാന്റിലാണ്. കൂവപ്പാറ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ്– വ്യാജമദ്യ വിൽപ്പനയെ എതിർത്തതിന്റെ പേരിൽ മകനെ കള്ളക്കേസ്സിൽ കുടുക്കുകയായിരുന്നുവെന്നാണ് ജാനകിയുടെ പരാതി.

അജേഷിനെതിരെ പരാതി കൊടുത്ത വീട്ടമ്മയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെ സമ്മർദ്ദപ്രകാരം ചിറ്റാരിക്കാൽ പോലീസ് അജേഷിനെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസ്സെടുക്കുകയായിരുന്നുവെന്നാണ് ജാനകി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ജൂൺ 21–ന് രാത്രി 10 മണിക്ക് അജേഷ് തന്റെ കുളിരംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നത് കണ്ടുവെന്നാണ് കൂവപ്പാറ യുവതിയുടെ  പരാതി. സംഭവം നേരിൽക്കണ്ടതിനെതുടർന്ന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ അജേഷ് തന്നെ തള്ളി വീഴ്ത്തിയ ശേഷം രക്ഷപ്പെട്ടുവെന്നും യുവതി പരാതിയിൽപ്പറയുന്നു.

അതേസമയം, സംഭവം നടന്നെന്ന് പറയപ്പെടുന്ന ദിവസം രാത്രി 9 മണിക്ക് തന്നെ മകൻ വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്നാണ് ജാനകി മുഖ്യമന്ത്രിക്കയച്ച പരാതിയിൽ അവകാശപ്പെടുന്നത്. അജേഷിനെതിരെ പരാതി കൊടുത്ത വീട്ടമ്മ സമാനരീതിയിൽ മുമ്പും കള്ളക്കേസ് ഉണ്ടാക്കി അയൽവാസിയിൽ നിന്നും 50,000 രൂപ തട്ടിയെടുത്തതായി ജാനകി ആരോപിക്കുന്നു. മകനെതിരെ പരാതി കൊടുത്ത യുവതിയുടെ ഭർത്താവ് വ്യാജ മദ്യവിൽപ്പന നടത്തിയതിന് ജയിലിൽ കിടന്നയാളാണെന്നാണ് ജാനകിയുടെ ആരോപണം.

നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ മകന് ആവശ്യമായ ചികിത്സ നൽകാൻ പോലും സമ്മതിക്കാതെ കോടതിയിൽ ഹാജരാക്കിയതിന് പിന്നിൽ പരാതിക്കാരിയുടെ ബന്ധുവായ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നാണ് ജാനകി ആരോപിക്കുന്നത്. പോലീസ് പിടിച്ചെടുത്ത അജേഷിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ജാനകിയുടെ ആവശ്യം. മകനെ കള്ളക്കേസ്സിൽ കുടുക്കിയ കഞ്ചാവ്, വ്യാജമദ്യമാഫിയയ്ക്കെതിരെയും, മകനെതിരെ പരാതി കൊടുത്ത യുവതിക്കെതിരെയും, ഇതിന് കൂട്ടുനിന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെയും സത്യസന്ധമായ അന്വേഷണം വേണമെന്നാണ് ജാനകിയുടെ ആവശ്യം.

LatestDaily

Read Previous

പരപുരുഷ ബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു

Read Next

കാഞ്ഞങ്ങാട്ടെ കവർച്ചാസംഘം സിസിടിവി ക്യാമറയിൽ കുടുങ്ങി, പ്രതികളെക്കുറിച്ച് സൂചന