കാഞ്ഞങ്ങാട്: കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ റോഡിലിറങ്ങിയപ്പോൾ വിപണി ഉണർന്നു. പൊലീസിനും ഉഗ്രൻ ഫോമിലായിരുന്നു. കേസുകളുടെ എണ്ണo ക്രമാതീതമായി വർധിക്കുമെന്ന ആശങ്കയും ആരോഗ്യ വകുപ്പിനുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മുതൽ നഗരത്തിൽ വൻ തിരക്കും ഗതാഗതകുരുക്കുമായിരുന്നു. നിരത്തുകളിൽ വാഹനങ്ങൾ പഴയപടി നിരന്നു. പലയിടത്തും സാമൂഹിക അകലം ലംഘിക്കപ്പെട്ടു.
ജില്ല ആശുപത്രിയിലും ക്യൂ നീണ്ടു. രോഗികൾ നിയന്ത്രണം ലംഘിച്ച് കൂട്ടത്തോടെ എത്തിയത് ആശങ്ക സൃഷ്ടിച്ചു. പൊലീസെത്തി കർശന നടപടികൾ സ്വീകരിക്കുകയായിരുന്നു. കാഞ്ഞങ്ങാട് – കാസർകോഡ് സംസ്ഥാന പാതയിലും സമീപന റോഡുകളിലുo വാഹനങ്ങളുടെ നിരയായിരുന്നു. നിയന്ത്രണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബാരിക്കേഡുകൾ കാഴ്ചവസ്തുക്കളായി. വ്യാപാര സ്ഥാപനങ്ങൾ മിക്കതും തുറക്കുകയുണ്ടായി.