സേനയെക്കുറിച്ച് മോശം പരാമർശം, രാസപരിശോധനാ യുവതിക്ക് സഘടനാ സംരംക്ഷണം

കാഞ്ഞങ്ങാട്: പോലീസ് സേനയെ  അടച്ചാക്ഷേപിച്ചുകൊണ്ട് ജീപ്പുഡ്രൈവറോട് സംസാരിച്ച കാസർകോട് പോലീസിലെ രാസപരിശോധനാ ലാബ് ജീവനക്കാരിയെ പോലീസ് സംഘടന  പരുന്ത് കൊണ്ടുപോകാത്തവിധം ചിറകിലൊളിപ്പിച്ചു. പോലീസുകാരിൽ ഭൂരിഭാഗവും പത്താം ക്ലാസ്സും ഗുസ്തിയുമാണെന്നും, ഏറിയാൽ പ്ലസ്ടു വരെ പോയിട്ടുണ്ടാകുമെന്നും, കോളേജിന്റെ പടി കാണാത്ത പോലീസുകാർ ഗസറ്റഡ് റാങ്കിലുള്ള തന്നെ സല്യൂട്ട് ചെയ്യണമെന്നുമാണ് യുവതിയുടെ ആവശ്യം.

കാസർകോട് പോലീസ് രാസ പരിശോധനാ വിഭാഗത്തിന്റെ ജീപ്പു ഡ്രൈവർ ഗിരീഷിനോടാണ് യുവതി തനിക്ക് പോലീസുകാർ സല്യൂട്ടടിക്കുന്നില്ലെന്ന് പരാതി പറഞ്ഞത്. തന്റെ താഴെക്കിടയിലുള്ള പോലീസുകാരോടെല്ലാം തന്നെ സല്യൂട്ട് ചെയ്യണമെന്ന് പറയണമെന്നും, താൻ ഗസ്റ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥയാണെന്ന് ഡിവൈഎസ്പിക്ക് പോലും അറിയില്ലെന്നും സംഭാഷണത്തിൽ യുവതി സങ്കടപ്പെടുന്നുണ്ട്. ദിവസേന വേതന നിരക്കിൽ കാസർകോട് പോലീസ് രാസപരിശോധനാ വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന യുവതി കണ്ണൂർ ജില്ലക്കാരിയാണ്. സേനയെ തരംതാഴ്ത്തി പോലീസ് ഡ്രൈവർ ഗിരീഷുമായി സംസാരിച്ച യുവതിയുടെ സംഭാഷണം പുറത്തുവിട്ട പോലീസ് ഡ്രൈവറെ ഏആർ  ക്യാമ്പിലേക്ക് മാറ്റിയത് ഇന്നലെയാണ്.

തൽസമയം, യുവതിയെ വിഷയത്തിൽ സംരക്ഷിക്കാൻ പോലീസ് അസോസിയേഷൻ ജില്ലാ നേതൃത്വം തീരുമാനിച്ചതായി അസോസിയേഷന്റെ കീഴിലുള്ള പെൻഷനേഴ്സ് സംഘടനാ നേതാവ് മറ്റൊരു ശബ്ദ സന്ദേശം ഇന്നലെ പോലീസ് സേനയ്ക്ക് നൽകിയിട്ടുണ്ട്. സേനയെ പരസ്യമായി അധിക്ഷേപിച്ച രാസ പരിശോധനാ യുവതിയെ സംരക്ഷിക്കാൻ പോലീസ് സേനാ നേതൃത്വം തന്നെ മുന്നിട്ടിറങ്ങുകയും യുവതിയുടെ സംഭാഷണം പുറത്തുവിട്ട ഡ്രൈവറെ നടപടിയുടെ ഭാഗമായി ഏആർ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്ത സംഭവം പോലീസിൽ കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

പോലീസുകാരെ അധിക്ഷേപിച്ച സംഭവത്തിൽ കേരളാ പോലീസ് അസോസിയേഷനും പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ഇതുവരെ പ്രതികരിക്കാത്തതും യുവതിയോടുള്ള ഏതോ വിധേത്വം മൂലമാണ്.

Read Previous

ഭർതൃമതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചു

Read Next

പടന്നക്കാട് ക്ലബ്ബിലെ ആൾക്കൂട്ട കല്ല്യാണം പോലീസ് അന്വേഷണമാരംഭിച്ചു