ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പാമ്പ്; എസ്ഐ റോഡിൽ ചാടി

അമ്പലത്തറ :ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പാമ്പിനെ കണ്ട എസ്ഐ, ബൈക്കിൽ നിന്നും റോഡിലേക്ക് ചാടി. ബൈക്കിൽ നിന്നും എടുത്തു ചാടിയത് കൊണ്ട് മാത്രം വിഷപ്പാമ്പിന്റെ കടിയേൽക്കാതെ പോലീസ് ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലത്തറ സ്റ്റേഷനിലെ എസ്ഐ, മധുസൂദനൻ ഓടിച്ച ബൈക്കിലാണ് പാമ്പ് കയറിക്കൂടിയത്. സ്റ്റേഷൻ കോമ്പൗണ്ടിൽ ഇന്നലെ രാവിലെ നിർത്തിയതാണ് ഇരുചക്രവാഹനം.

രാത്രി ഏഴ് മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടിക്കൈയിലെ വീട്ടിലേക്ക് പോകാൻ ബൈക്ക് പേരൂർ വളവിൽ എത്തിയപ്പോഴാണ് വാഹനത്തിൽ പാമ്പിനെ കണ്ടത്. എഞ്ചിനടിയിൽ കയറി കൂടിയ പാമ്പ് വാഹനം ഓടുന്നതിനിടെ എൻജിൻ ചൂടായതിനെതുടർന്ന് മുകളിലേക്ക് കയറി ഇഴഞ്ഞു നീങ്ങുകയായിരുന്നു. കാലിലൂടെ കയറിയ പാമ്പ് ഇതിനോടകം തുട ഭാഗത്ത് എത്തിയിരുന്നു . കാലിൽ  അസ്വഭാവിക സ്പർശനം അനുഭവപ്പെട്ടപ്പോഴാണ് എസ്ഐ തുടയിൽ കയറിയ വലിയ പാമ്പിനെ കണ്ടത്. പിന്നെ ഒന്നും ചിന്തിക്കാൻ നിൽക്കാതെ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും എസ്ഐ റോഡിലേക്ക് എടുത്തുചാടി. നടുറോഡിൽ ഇരുചക്രവാഹനം തലകീഴായി മറിഞ്ഞു വെങ്കിലും മധുസൂദനൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

രണ്ടടി നീളമുള്ള അണലിയായിരുന്നു ബൈക്കിൽകയറിയത് ബൈക്ക് മറിഞ്ഞ സമയം റോഡരികിലെ കുറ്റിക്കാട്ടിലേക്ക് പാമ്പ് ഇഴഞ്ഞു കയറി.  രാവിലെ സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട ബൈക്കിൽ മഴക്കോട്ട് സൂക്ഷിച്ചിരുന്നു. കോട്ടിനകത്ത് കയറിയ പാമ്പ് പിന്നീട് ബൈക്കിൽ കയറുകയായിരുന്നുവെന്ന് കരുതുന്നു. ബൈക്ക് മറിഞ്ഞതിനെ തുടർന്ന് റോഡിൽ അല്പനേരം ഗതാഗത തടസ്സമുണ്ടായി.

മഴക്കാലമായതിനാൽ ഇരുചക്രവാഹന യാത്രക്കാർ വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട എസ് ഐ മധുസൂദനൻ മുന്നറിയിപ്പ് നൽകി.

LatestDaily

Read Previous

തനിച്ച് താമസിക്കുന്ന സ്ത്രീ കുളിമുറിയിൽ മരിച്ച നിലയിൽ

Read Next

പടന്നക്കാട് ക്ലബ്ബിൽ വിവാഹ മാമാങ്കം , ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തത് നൂറ് കണക്കിനാളുകൾ