വൈരജാതൻ ചിട്ടിത്തട്ടിപ്പ്: കോടികൾ ബാങ്കിൽ നിക്ഷേപിച്ചതായി തട്ടിപ്പിനിരയായവർ

നീലേശ്വരം: നീലേശ്വരം വൈരജാതൻ ചിട്ടിത്തട്ടിപ്പ് വഴി സ്വരൂപിച്ച പണം കൊച്ചിയിലെ ഐസിഐസിഐ ബാങ്കിൽ നി ക്ഷേപിച്ചതായി ഊമക്കത്ത്. നീലേശ്വരം മന്നൻപുറത്ത് കാവിന് സമീപം താമസിക്കുന്ന റിട്ടയേർഡ് ഏ.എസ്ഐ, കെ. നാരായണ പിടാരർക്കാണ് എറണാകുളം സ്വദേശികളുടേതാണെന്ന വിധത്തിൽ കത്ത് ലഭിച്ചത്. വൈരജാതൻ ചിട്ടിത്തട്ടിപ്പിനിരയായവരെന്നവകാശപ്പെട്ടുള്ള കത്ത് അനസ് കൊച്ചി, ബാവമുഹമ്മദ് എറണാകുളം എന്നിവരുടെ പേരിലാണ്  അയച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ എഫ് സിഐ ചുമട്ട് തൊഴിലാളികളായി ജോലി ചെയ്തിരുന്ന കാലയളവിൽ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ പയ്യന്നൂർ എന്നിവിടങ്ങളിലെ ഓഫീസിലും, പ്രതിദിന കലക്ഷൻ ഏജന്റുമാർ വഴിയും പണം നിക്ഷേപിച്ചതായാണ് കത്തിൽ പറയുന്നത്.

ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് കത്തെഴുതിയവർ പരാതിപ്പെടുന്നത്. തങ്ങൾക്ക് പുറമെ ബന്ധുക്കളെയും ചിട്ടിയിൽ ചേർത്തതായും ഇവർ പറയുന്നു. വൈരജാതൻ ചിട്ടിക്കമ്പനിയുടമ കൃഷ്ണന്റെ മരുമകൻ സുബ്രഹ്മണ്യൻ കൊച്ചിയിലെ ഐസിഐസിഐ ബാങ്കിൽ വിവിധ അക്കൗണ്ടുകളിലായി കോടികൾ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കത്തിലെ ആരോപണം.

2006 ഒക്ടോബർ മാസത്തിൽ കൊച്ചിയിലെ സ്വകാര്യ ബാങ്കിൽ 165 കോടി രൂപ നിക്ഷേപിച്ചതായി കത്തിൽപ്പറയുന്നു. പിന്നീട് പലതവണയായി കോടികൾ നിക്ഷേപിച്ചു. ചിട്ടിത്തട്ടിപ്പ് വഴി നേടിയെടുത്ത പണം കൊണ്ട് സുബ്രഹ്മണ്യൻ സ്വത്ത് വാങ്ങിയതായും കത്തിൽ ആരോപണമുണ്ട്. കൊച്ചി രവിപുരം മേഴ്സി എസ്റ്റേറ്റിലെ ഐസിഐസിഐ ബാങ്ക് ശാഖയിലാണ് വൈരജാതൻ ചിട്ടിത്തട്ടിപ്പിലെ പണം നിക്ഷേപിച്ചിരിക്കുന്നതെന്നാണ് കൊച്ചി സ്വദേശികളെന്നവകാശപ്പെടുന്നവർ റിട്ട: ഏഎസ്ഐയ്ക്ക് അയച്ച കത്തിൽ പറയുന്നത്. അതേസമയം, കത്തയച്ചത് കൊച്ചി സ്വദേശികളാണോയെന്നകാര്യത്തിൽ സംശയമുണ്ട്. കണ്ണൂരിൽ നിന്നും പോസ്റ്റ് ചെയ്ത കത്തിൽ ഉത്തരമലബാറിലെ ഭാഷാ പ്രയോഗം കടന്നു കൂടിയിട്ടുള്ളതിനാൽ കത്തയച്ചത് കണ്ണൂർ സ്വദേശികളാണെന്നും സംശയമുണ്ട്.

LatestDaily

Read Previous

ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പത്തോളം വീടുകൾ വെള്ളത്തിൽ

Read Next

മദ്യവേട്ട വ്യാപകമാക്കും സ്പെഷ്യൽ ഡ്രൈവ് നടപ്പിലാക്കും