ഡോ: കെ. ജി. പൈക്ക് നാടിന്റെ പ്രണാമം

ഭൗതിക ശരീരം മേലാങ്കോട്ട് ശ്മശാനത്തിൽ സംസ്ക്കരിച്ചു

കാഞ്ഞങ്ങാട്: അരനൂറ്റാണ്ട് കാലം ആതുരശുശ്രൂഷ രംഗത്തും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാവുകയും, വിവിധ സന്നദ്ധ സംഘടനകളിലും വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലകളിലും സക്രിയമായി ഇടപെടുകയും ചെയ്ത ഡോ: കെ. ജി. പൈക്ക് നാടിന്റെ പ്രണാമം. സ്വന്തം പ്രയത്നത്തിൽ പടുത്തുയർത്തുകയും, മൂന്നരപ്പതിറ്റാണ്ടുകളായി ചികിത്സ നടത്തുകയും ചെയ്തുപോന്ന കോട്ടച്ചേരി കുന്നുമ്മലിലെ ദീപാ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു ഡോ: കെ. ജി. പൈയുടെ അന്ത്യം.

ആശുപത്രിക്ക് സമീപത്തെ വസതിയായ രൂപയിലേക്ക് മാറ്റിയ ഭൗതീക ശരീരത്തിൽ ജനജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധിയാളുകൾ അന്തിമോപചാരമാർപ്പിച്ചു. വസതിയിൽ അന്ത്യകർമ്മങ്ങൾക്ക് ശേഷം രാത്രി 9 മണിയോടെ ആനന്ദാശ്രമത്തിന് സമീപത്തെ ഐ. എം. ഏ. ഹാളിലേക്ക് മാറ്റിയ ഭൗതിക ശരീരം അവിടെ പൊതു ദർശനം പൂർത്തിയാക്കി രാത്രി പത്തരയോടെ മേലാങ്കോട്ട് സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കുകയായിരുന്നു.

ഒരു പുരുഷായുസ് മുഴുവൻ കാഞ്ഞങ്ങാടിന്റെ സമസ്ത മേഖലകളിലും നിറ സാന്നിധ്യമായിരുന്ന ഡോ: കെ. ജി. പൈയുടെ ഭൗതിക ശരീരം  അവസാനമായി ഒരു നോക്ക് കാണാൻ രാഷ്ട്രീയ– വിദ്യാഭ്യാസ സാംസ്ക്കാരിക മേഖലകളിലെയും സന്നദ്ധ സംഘടനാ രംഗത്തെയും ഒട്ടേറെ പ്രമുഖർ എത്തിയിരുന്നു. മുൻമന്ത്രി ഇ. ചന്ദ്രശേഖരൻ എംഎൽഏ, മുൻ ഉദുമ എംഎൽഏ കെ. കുഞ്ഞിരാമൻ, നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി, കെ. വി. വേണുഗോപാൽ, സിപിഎം ഏരിയാസിക്രട്ടറി അഡ്വ: രാജ്മോഹൻ, ബിജെപി ജില്ലാ സിക്രട്ടറി വേലായുധൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി. കെ. നിഷാന്ത്, സിപിഎം ജില്ലാ സമിതിയംഗം അഡ്വ: പി. അപ്പുക്കുട്ടൻ, റോട്ടറി എംബിഎം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ: എം. ആർ. നമ്പ്യാർ, ട്രസ്റ്റിമാരായ കെ. അബ്ദുൽഖാദർ, എം.ബി.എം. അഷ്റഫ്, റോട്ടറി സ്പെഷ്യൽ സ്കൂൾ പിടിഏ പ്രസിഡണ്ട് ടി. മുഹമ്മദ് അസ്്ലം, സ്കൂൾ ഡയറക്ടർ ഗജാനൻ കമ്മത്ത്, ഡപ്യൂട്ടി ഡയറക്ടർ സുരേഷ്, കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് സന്ദീപ് ജോസ്, മുൻ പ്രസിഡണ്ടുമാരായ എം. കെ. വിനോദ്, ഗിരീഷ് നായക്ക്, എം.സി.ജേക്കബ്, റോട്ടറി ക്ലബ്ബ് സാരഥികൾ, അംഗങ്ങൾ, ഐഎംഏ ഭാരവാഹികൾ, മറ്റു സന്നദ്ധ സംഘടനാ ഭാരുവാഹികളുൾപ്പടെ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.

LatestDaily

Read Previous

ഹോട്ടൽ മേഖലയും കടുത്ത പ്രതിസന്ധിയിൽ

Read Next

ലാലാകബീറും കൂട്ടാളികളും യുവാവിനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം ആവശ്യപ്പെട്ടത് സിനിമാസ്റ്റൈലിൽ