ജില്ലാശുപത്രി ആർദ്രം ഏഴു നിലക്കെട്ടിടം ഉദ്ഘാടനത്തിന് സജ്ജം

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ ആർദ്രം മിഷന്റെ ഭാഗമായി നിർമ്മാണമാരംഭിച്ച ഏഴ് നില കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. കോവിഡിന്റെ പേരിൽ കരാറുകാരൻ അവസാന മിനുക്ക് ജോലികൾ അവശേഷിപ്പിച്ചതിനെത്തുടർന്ന്  ഉദ്ഘാടനം നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞമാസം മുതൽ കരാറുകാരൻ അവസാനജോലികളാരംഭിച്ചതോടെ നിശ്ചയിച്ചതിലും മാസങ്ങൾ കഴിഞ്ഞാണെങ്കിലും നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാനായി.

വൈദ്യുതികണക്ഷനും, ഫർണിച്ചറുകളുമുൾപ്പെടെ കെട്ടിടത്തിനാവശ്യമായി സംവിധാനങ്ങൾ തയ്യാറായി. അഞ്ചരക്കോടി രൂപ ചെലവിൽ ജില്ലാശുപത്രിയോട് ചേർന്നാണ് കെട്ടിട നിർമ്മാണം പൂർത്തിയായത്. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലാശുപത്രിയിലെ ഒ.പി സംവിധാനം പാടെ ഈ ഏഴുനില കെട്ടിടത്തിലേക്ക് മാറും. ഓരോ വിഭാഗത്തിലും ഡോക്ടർമാർക്ക് വിശാലമായ പരിശോധനാ സംവിധാനം പുതിയ കെട്ടിടത്തിൽ തയ്യാറാക്കിയിട്ടുണ്ട്.

പല തരത്തിലുള്ള രോഗികൾക്ക് പരിശോധനകൾക്കാവശ്യമായ സംവിധാനം പുതിയ കെട്ടിടത്തിലൊരുങ്ങിയിട്ടുണ്ട്. പുതിയ കെട്ടിടം തുറന്നു കൊടുക്കുന്നതോടെ ജില്ലാശുപത്രിയിൽ സൗകര്യങ്ങൾ വർദ്ധിക്കും. ഇപ്പോൾ ഒ.പിയും ഡോക്ടർമാരുടെ പരിശോധനയും നടക്കുന്ന ജില്ലാശുപത്രി കെട്ടിടത്തിലെ താഴത്തെ നില പൂർണ്ണമായും ഒഴിയും. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലാശുപത്രിയിൽ കൂടുതൽ പേർക്ക് കിടത്തിചികിത്സ സൗകര്യം ലഭ്യമാവും.

LatestDaily

Read Previous

തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തിയ യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

Read Next

ഹോട്ടൽ മേഖലയും കടുത്ത പ്രതിസന്ധിയിൽ