പെയിന്റിംഗ് തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത

ചന്തേര: കുനുത്തൂരിൽ പെയിന്റിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് നാട്ടുകാർ. ജൂലൈ 10-ന് പുലർച്ചെ 4 മണിക്കാണ് കുനുത്തൂരിലെ പരേതനായ രാമൻ കോമരം- തമ്പായി ദമ്പതികളുടെ മകനും, പെയിന്റിംഗ് തൊഴിലാളിയുമായ അമ്പങ്ങാട് രമേശനെ 35, വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുനുത്തൂരിൽ പപ്പട നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ കൂട്ടുകാരോടൊപ്പം മദ്യപിച്ചിരുന്ന രമേശനെ പിറ്റേന്ന് പുലർച്ചെയാണ് വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലൈ 9 വെള്ളിയാഴ്ച്ച രാത്രി  തുടങ്ങിയ മദ്യ സൽക്കാരം പാതിരാത്രി വരെ നീണ്ടു നിന്നിരുന്നു. പുലർച്ചെ വീടിന് പുറത്തിറങ്ങിയ സംഘാംഗങ്ങളിൽ ഒരാളാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രമേശനും സംഘവും വാറ്റുചാരായം കഴിച്ചിരുന്നതായി സൂചനയുണ്ട്. ചന്തേര പടിഞ്ഞാറേക്കര, കുനുത്തൂർ മുതലായ പ്രദേശങ്ങൾ  മദ്യപരുടെ വിഹാരരംഗമാണെന്നാണ് നാട്ടുകാരുടെ പരാതി. 3 വർഷം മുമ്പ് കുനുത്തൂരിൽ മദ്യലഹരിയിൽ  ഒരാൾ ജേഷ്ഠന്റെ മകനെ കുത്തിക്കൊന്ന സംഭവവും ഉണ്ടായിരുന്നു. മദ്യപ സംഘത്തെ ചോദ്യം ചെയ്ത നാട്ടുകാരെ മദ്യപർ ഭീഷണിപ്പെടുത്തുന്നതും പതിവായിട്ടുണ്ട്.

LatestDaily

Read Previous

ഡാറ്റാ ബാങ്കിൽ നിന്നും പുറത്തായവർ ത്രിശങ്കുവിൽ; സ്വാധീനമുള്ളവർ കാര്യം നേടി

Read Next

തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുത്തിയ യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു