ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട്–തിരുവനന്തപുരം അതിവേഗ റെയിൽപ്പാതയായ കെ. റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി കിട്ടാൻ കടമ്പകളേറെ. കേരള സർക്കാർ റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി പദ്ധതി സമർപ്പിച്ചിട്ടുണ്ട്.എന്നാൽ, അനുമതി നൽകാൻ എളുപ്പത്തിൽ കഴിയില്ലെന്നതാണ് റെയിൽവെ ബോർഡിന്റെ സമീപനം. വിവിധ തലങ്ങളിൽ ഇത് സംബന്ധിച്ച അവലോകനം നടക്കേണ്ടതുണ്ടെന്നതിന് പുറമെ സാങ്കേതിക വശങ്ങളും പരിഗണിക്കാനുണ്ട്.
നിർദ്ദിഷ്ട കെ. റെയിൽ പദ്ധതിക്ക് അനുമതി ആവശ്യപ്പെട്ട് കേരള ചീഫ് സിക്രട്ടറി വി. പി. ജോയിയുടെ നേതൃ-ത്വത്തിൽ ഉദ്യോഗസ്ഥർ റെയിൽവെ ബോർഡ് ചെയർമാനെ കണ്ടിരുന്നു. വിശദാംശങ്ങൾ റെയിൽവെ ബോർഡ് പരിശോധിക്കുകയാണെന്ന് ചെയർമാൻ സുനിത് ശർമ പാർലിമെന്റിന്റെ റെയിൽവെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. സമിതിയംഗമായ കൊടിക്കുന്നിൽ സുരേഷാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്.
കാസർകോട് മുതൽ തിരൂർ വരെ നിലവിലെ റെയിൽവെ ലൈനിന്റെ സമീപത്ത് കൂടെയാണ് കെ. റെയിൽ കടന്ന് പോവുന്നത്. ഒരു കാരണവശാലും ഇതിനെ അംഗീകരിക്കാനാവില്ലെന്നും റെയിൽവെ ബോർഡ് ചെയർമാൻ വ്യക്തമാക്കി. കെ.റെയിൽ പദ്ധതിയെക്കാൾ കേരളത്തിന് ഇപ്പോൾ ആവശ്യം നിലവിലെ പാത ഇരട്ടിപ്പിക്കൽ സമയ ബന്ധിതമായി പൂർത്തിയാക്കലാണെന്ന് കൊടിക്കുന്നിൽ സുരേഷ് ബോർഡ് ചെയർമാന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഒപ്പം കാസർകോട്–തിരുവനന്തപുരം സമാന്തര റെയിൽപ്പാത പരിഗണിക്കുക, നവീകരിച്ച സിഗ്നൽ സംവിധാനത്തോടെ ശേഷി കൂട്ടുക തുടങ്ങിയ ആവശ്യങ്ങളും കൊടിക്കുന്നിൽ സുരേഷ് എം. പി. ഉന്നയിച്ചു. വിഷയത്തിൽ കേരള എംപിമാരുടെ യോഗം വിളിക്കുകയും അഭിപ്രായം തേടുകയും വേണം. കെ. റെയിൽ യാഥാർത്ഥ്യമാക്കാൻ ആയിരങ്ങളുടെ കിടപ്പാടവും ഭൂമിയും ഒഴിപ്പിക്കേണ്ടിവരും. സ്ഥലമെടുപ്പിൽ നിയമക്കുരുക്കുകളിലെ നൂലാമാലയും വേറെയുണ്ടാവും.
കാലവിളംബം കൊണ്ട് പദ്ധതിതുക ഇരട്ടിയാവാനും സാധ്യതയുണ്ട്. കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശവും പട്ടണ ശൃംഖലയുമുള്ള സംസ്ഥാനത്ത് ഭീമയായ ചെലവുകൾ സ്ഥലമെടുപ്പിന് വേണ്ടിവരും. പരിമിത സ്റ്റേഷനുകൾ മാത്രമുള്ള കെ. റെയിൽ പദ്ധതിയേക്കാൾ പ്രയോജനം എല്ലാ സ്റ്റേഷനുകളും കൂട്ടിയിണക്കുന്ന സബർബൻ റെയിൽവെ പദ്ധതിയാണെന്ന അഭിപ്രായം റെയിൽ മന്ത്രാലയത്തിനും ജനപ്രതിനിധികൾക്കുമുണ്ട്.
നിലവിൽ കടുത്ത കടക്കെണിയിലായ കേരള സംസ്ഥാനത്തിന് താങ്ങാൻ കഴിയാത്ത പദ്ധതിയാണ് അതിവേഗ റെയിൽവെയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇപ്രകാരം കെ. റെയിൽ പദ്ധതിക്ക് അംഗീകാരം നൽകരുതെന്ന അഭിപ്രായം എംപിമാർക്കുൾപ്പെടെയുണ്ട്. കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപ്പാതയ്ക്ക് അംഗീകാരം നൽകുക. കായംകുളം, ആലപ്പുഴ, എറണാകുളം റെയിൽപ്പാത ഇരട്ടിപ്പിക്കുക. പാത വൈദ്യുതീകരണം പൂർണ്ണതയിലെത്തിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് എംപിമാർ ഉന്നയിക്കുന്നത്.