കാൽലക്ഷം നൽകിയാൽ ഏത് സ്ത്രീയും പരാതിയുമായി വരും വനിതാമെമ്പറെ ആക്ഷേപിച്ച ഡിസിസി സിക്രട്ടറിക്കെതിരെ പരാതി

കാഞ്ഞങ്ങാട്: കാൽലക്ഷം രൂപ നൽകിയാൽ ഏത് സ്ത്രീയും പരാതിയുമായി വരുമെന്ന് പോലീസിന് മുന്നിൽ വനിതാ പഞ്ചായത്ത് മെമ്പറെ ഭീഷണിപ്പെടുത്തിയ ഡിസിസി ജനറൽ സിക്രട്ടറിക്കെതിരെ പരാതി. കാസർകോട് ഡിസിസി ജനറൽ സിക്രട്ടറി സി. വി. ജയിംസിനെതിരെ ചെങ്കള ഗ്രാമപഞ്ചായത്ത് 4–ാം വാർഡിലെ സിപിഎം മെമ്പർ എം. സവിത മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി.

ചെങ്കള ഗ്രാമ പഞ്ചായത്ത് 4–ാം വാർഡിലെ റോഡ് നിർമ്മാണത്തിനായി കാസർകോട് എംഎൽഏ, എൻ. ഏ. നെല്ലിക്കുന്നിന്റെ ആസ്തി ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച ഗുണഭോക്തൃ കമ്മിറ്റി യോഗം ചേർന്നിരുന്നു.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗമായ സി. വി. ജയിംസിനെ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ച് രാത്രി സവിതയെ ഫോണിൽ വിളിച്ച് ജയിംസ് അസഭ്യം പറയുകയും “നിനക്ക് ഞാൻ കാണിച്ചു തരാം” നിന്റെ വാർഡിൽ ഒറ്റ പ്രവൃത്തി നടത്താൻ അനുവദിക്കില്ലെന്ന് ഗ്രാമ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് ഞങ്ങളാണെന്നും പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് സവിതയുടെ പരാതി.

ഫോണിൽ ഭീഷണിപ്പെടുത്തിയ ജയിംസിനെതിരെ ബദിയടുക്ക പോലീസിൽ പരാതി നൽകി. സവിതയുടെ പരാതിയിൽ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് കാൽ ലക്ഷം നൽകിയാൽ ഏത് സ്ത്രീയും ഇങ്ങനെയുള്ള പരാതിയുമായി വരുമെന്ന് പോലീസുദ്യോഗസ്ഥർക്ക് മുന്നിൽ വീണ്ടും – ജയിംസ് ആക്ഷേപിച്ചത്.

LatestDaily

Read Previous

ഭർതൃമതിയുടെ കുളിരംഗം ക്യാമറയിൽ പകർത്തിയ യുവാവ് കസ്റ്റഡിയിൽ

Read Next

കാഞ്ഞങ്ങാട്ടും അജാനൂരും സമ്പൂർണ്ണ അടച്ചിടൽ