ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഉദിനൂർ സ്വദേശിയുടെ കാർ കസ്റ്റംസ് പിടികൂടി. പടന്ന പഞ്ചായത്തിൽ ഉദിനൂർ തടിയൻ കൊവ്വൽ സ്വദേശിയുടെ കാറാണ് കസ്റ്റംസ് ഉദിനൂരിലെത്തി കസ്റ്റഡിയിലെടുത്തത്. കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്ത് നടത്തിയ സ്വർണ്ണം തട്ടിയെടുക്കാൻ അർജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ശ്രമം നടത്തിയിരുന്നു.
സ്വർണ്ണം തട്ടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്വട്ടേഷൻ സംഘങ്ങൾ സഞ്ചരിച്ച കാറുകളിലൊന്നാണ് ഉദിനൂരിൽ നിന്നും കണ്ടെടുത്തതെന്ന് കരുതുന്നു. ഉദിനൂർ തടിയൻ കൊവ്വലിലെ വികാസിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 60. ജി 9190 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് കസ്റ്റംസ് ഉദിനൂരിൽ നിന്നും പിടികൂടിയത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന കരിവെള്ളൂർ കൊഴുമ്മലിലെ സരിൻ, വികാസിന്റെ കാർ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കാർ പിടികൂടിയത്.
കസ്റ്റംസ് സംഘം കൊഴുമ്മലിലെ വീട്ടിലെത്തി സരിനെ ചോദ്യം ചെയ്തതോടെയാണ് കള്ളക്കടത്ത് സ്വർണ്ണം പിടിച്ചുപറിക്കാനെത്തിയ സംഘം സഞ്ചരിച്ച കാറിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഉദിനൂർ തടിയൻ കൊവ്വലിലെ വികാസിന്റെ വീട്ടിലും എത്തിയത്.
-കാർ സരിന് ഉപയോഗിക്കാൻ കൊടുത്തിരുന്നതായി വികാസ് സമ്മതിച്ചതിനെത്തുടർന്നാണ് കസ്റ്റംസ് കാർ കസ്റ്റഡിയിലെടുത്തത്. ചന്തേര പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന കാർ കൊണ്ടോട്ടി പോലീസിന് കൈമാറും. ചെങ്കൽ, മണൽ ഇടപാടുകൾ നടത്തുന്ന സരിനും, വികാസും സുഹൃത്തുക്കളാണ്. സുഹൃദ്ബന്ധത്തിന്റെ പേരിലാണ് വികാസ് തന്റെ കാർ സരിന് ഉപയോഗിക്കാനായി വിട്ടുകൊടുത്തത്.