കാഞ്ഞങ്ങാട്ട് സോളാർ വിളക്കുകൾ പരിപാലിക്കുന്നതിനെ ചൊല്ലി തർക്കം കരാറുകാരനെ രക്ഷിക്കാൻ നഗരസഭാ നീക്കം

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട് നഗരത്തിൽ രണ്ട് മാസത്തിലേറെയായി ചത്തുകിടക്കുന്ന സോളാർ വിളക്കുകൾ പരിപാലിക്കുന്നതിനെചൊല്ലി നഗരസഭയും, കെഎസ്ഇബിയും, കെഎസ്ടിപി കരാറുകാരും തമ്മിൽ തർക്കം. നഗരസഭയും വൈദ്യുതി വകുപ്പും കൈയ്യൊഴിഞ്ഞതോടെ സോളാർ വിളക്കുകൾ അനാഥമായപ്പോൾ കൂരിരുട്ടിലായത് വ്യാപാരികളും നഗരവാസികളുമാണ്.

പാടെ തകരാറിലായ സോളാർ വിളക്കുകൾ നന്നാക്കേണ്ട ഉത്തരവാദിത്തം തങ്ങളുടെതല്ലെന്നാണ് നഗരസഭാധികൃതർ അറിയിച്ചത്. കെഎസ്ടിപി റോഡിൽ  വിളക്കുകൾ സ്ഥാപിച്ചത് കെഎസ്ടിപി റോഡ് കരാറുകാരാണ്. കെഎസ്ടിപി റോഡും സോളാർ വഴി വിളക്കുകളും നിശ്ചിത വർഷം വരെ പരിപാലിക്കേണ്ടതിന്റെ ഉത്തരവാദിത്തം കെഎസ്ടിപി  കരാറുകാരനുണ്ട്.

സോളാർ വിളക്കുകൾ കരാറുകാർ പരിപാലിക്കേണ്ട കാലാവധി കഴിഞ്ഞുവെന്നാണ് നഗരസഭാധികൃതർ വ്യക്തമാക്കിയത്. നിലവിൽ  സോളാർ വിളക്കുകൾ പരിപാലിക്കേണ്ട ചുമതല കെഎസ്ടിപി കരാറുകാർക്കാണെന്ന് നഗരസഭാ പ്രതിപക്ഷവും  മുസ്ലീം ലീഗും ചൂണ്ടിക്കാട്ടുന്നു. കെഎസ്ഇബിയുടെ നിയന്ത്രണത്തിലാണ് കെഎസ്ടിപി റോഡിലെ സോളാർ വിളക്കുകൾ ഉൾപ്പെടെയുള്ളതെന്നും തങ്ങൾക്ക് നേരിട്ട് അറ്റകുറ്റപ്പണി ചെയ്യാൻ സാധിക്കില്ലെന്ന് നഗരസഭാ ഉദ്യോഗസ്ഥരും  പറഞ്ഞു.

വൈദ്യുതി വകുപ്പിനാണ് സോളാർ വിളക്കുകളുടെ പരിപാലന ചുമതലയെന്ന നഗരസഭയുടെ നിലപാടിനെകുറിച്ചറിയാൻ ഇന്ന് വൈദ്യുതി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോൾ, നഗരത്തിലെ സോളാർ വിളക്കും കെഎസ്ഇബിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് വ്യക്തമായത്. വൈദ്യുതി വകുപ്പിന് സോളാർ വിളക്കുകളുമായി ബന്ധമില്ല. ഇത്തരം വ്യാജ പ്രചരണം നടത്തുന്ന നഗരസഭക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഉന്നത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ ലേറ്റസ്റ്റിനോട്  പറഞ്ഞു.

സോളാർ വിളക്കുകൾ തുടർന്നും പരിപാലിക്കേണ്ട കരാറുകാരനെ രക്ഷിക്കാനും, കരാറുകാർക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ലാഭമുണ്ടാക്കാനുമുള്ള ശ്രമമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാവുന്നു. കെഎസ്ടിപി റോഡിലെ സോളാർ വിളക്കുകൾ പരിപാലിക്കേണ്ട ചുമതല നഗരസഭയ്ക്ക് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ചെയർപേഴ്സൺ കെ. വി. സുജാത കഴിഞ്ഞ ദിവസം സർക്കാറിന് അപേക്ഷ നൽകിയതും കരാറുകാരനെ സഹായിക്കാനാണെന്ന് ആക്ഷേപമുയർന്നു.

സോളാർ പാ-നൽ വിളക്കിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകാതിരിക്കുകയും പരിപാലനത്തിന്റെ ഉത്തരവാദിത്തം  ആർക്കെന്നതിന്റെ തർക്കം തുടരുമ്പോൾ ജനം ഇരുട്ടിൽ തപ്പിത്തടയുകയാണ്.   

LatestDaily

Read Previous

അഞ്ജലിയെ കണ്ടെത്താൻ പോലീസ് ലുക്ക്ഔട്ട് ഇറക്കിയത് ഹൈക്കോടതി ഇടപെട്ടതുമൂലം

Read Next

കടകുത്തിതുറന്ന് കവർച്ച; വഴിയിൽ പോലീസിനെ കണ്ട് ബൈക്കും സാധനങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടു