ഓപ്പൺ സ്റ്റേഡിയം വിഴുങ്ങിയതിന് സിപിഎം ഏസിയുടെ പിന്തുണ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ എക്കാലത്തേയും കായിക സ്വപ്നമായ നഗരസഭ ഓപ്പൺ സ്റ്റേഡിയം പാടെ വിഴുങ്ങിക്കളഞ്ഞ മുൻ ചെയർമാൻ വി.വി. രമേശന്റെ കുതന്ത്രത്തിന് സിപിഎം  കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റിയുടെ പിന്തുണ. 2016- ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി, വോട്ടർമാർക്ക് നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം അലാമിപ്പള്ളി പുതിയ ബസ്റ്റാന്റും, ബസ്റ്റാന്റിനോട് ചേർന്നുള്ള സ്ഥലത്ത് ഓപ്പൺ സ്റ്റേഡിയവുമാണ്.

സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മിറ്റി അന്ന് അച്ചടിച്ചു പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇവ രണ്ടും വോട്ടർമാർക്ക് നൽകിയ മുഖ്യവാഗ്ദാനങ്ങളായിരുന്നു. ആ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നഗരഭരണത്തിലെത്തുകയും, വി. വി. രമേശൻ ചെയർമാൻ പദവി ഏറ്റെടുക്കുകയും, ചെയ്ത ശേഷം നീണ്ട 5 വർഷക്കാലം ഭരണമുണ്ടായിട്ടും, നഗരസഭ ഓപ്പൺ സ്റ്റേഡിയം രമേശൻ വിഴുങ്ങിയത് ബിജെപി നേതാവായ ഒരു സ്വർണ്ണ വ്യാപാരിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും വേണ്ടിയാണ്.

1995-ൽ ജില്ലാ കലക്ടർ മാർക്ക് ചെയ്തു വെച്ച ഭൂമിയിൽ, നഗരഭരണത്തിന്റെ അവസാന നാളുകളിൽ വി.വി. രമേശൻ ഇൻഡോർ സ്റ്റേഡിയം പണി ആരംഭിച്ചത് നഗരസഭ കൗൺസിലിന്റെ അനുമതിയില്ലാതെയാണ്. കിഫ്ബിയിൽ നിന്ന് 6 കോടി രൂപ ഇൻഡോർ സ്റ്റേഡിയത്തിന്, രമേശന് പാസ്സാക്കിക്കൊടുത്തത് മുൻ വ്യവസായ മന്ത്രിയാണ്. നഗരസഭ കൗൺസിൽ തള്ളിക്കളഞ്ഞ ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തിന്റെ പണി ആരംഭിച്ചത് ഓപ്പൺ സ്റ്റേഡിയത്തിന് ജില്ലാ കലക്ടർ, മാർക്ക് ചെയ്തു വെച്ച ഭൂമിയിലാണെന്ന രഹസ്യം നടുക്കമുണ്ടാക്കുന്നതാണ്.

സ്ഥലത്ത് ഇൻഡോർ സ്റ്റേഡിയം പണി പൂർത്തിയായാൽ പിന്നെ ഓപ്പൺ സ്റ്റേഡിയത്തിന് സ്ഥലം മതിയാവില്ലെന്ന കാരണം പറഞ്ഞ് ഓപ്പൺ സ്റ്റേഡിയം അലാമിപ്പള്ളിയിൽ നിന്ന് നഗര പരിധിയിൽ നോർത്ത് കോട്ടച്ചേരിയിലുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള കുതന്ത്രവും രമേശന്റെ കുബുദ്ധിയിൽ ഉടലെടുത്തു. കെ.വി. സുജാത ചെയർപേഴ്സണായ പുതിയ നഗര ഭരണത്തിൽ, ഓൺലൈനിൽ കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ഇൻഡോർ സ്റ്റേഡിയ നിർമ്മാണം രഹസ്യമായി പാസ്സാക്കിയെടുക്കാനുള്ള ഗൂഢ നീക്കം നടന്നുവെങ്കിലും, പ്രതിപക്ഷം  ശക്തമായി എതിർത്തതിനാൽ, ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ അനുമതി വീണ്ടും തള്ളപ്പെട്ടു.

LatestDaily

Read Previous

വിരലിൽ സ്വർണ്ണ മോതിരം കുരുങ്ങിയ കുഞ്ഞിന് രക്ഷക്കെത്തി അഗ്നിരക്ഷാസേന

Read Next

ആലപ്പുഴ യുവതിയെ പീഡിപ്പിച്ച് ദൃശ്യം ക്യാമറയിൽ പകർത്തി അഞ്ച് ലക്ഷവും 10 പവനും തട്ടിയെടുത്തു