ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വാട്സ്ആപ്പ് ഗ്രൂപ്പിൽ കോൺഗ്രസ്സ് നേതാവാണ് ആരോപണമുയർത്തിയത്
കാഞ്ഞങ്ങാട്: ജൂൺ 3–ാം തീയ്യതി പുലർച്ചെ ജില്ലാശുപത്രിയിൽ മരണപ്പെട്ട കാഞ്ഞങ്ങാട് നഗരസഭ 30–ാം വാർഡ് ഒഴിഞ്ഞവളപ്പിലെ കോൺഗ്രസ്സ് കൗൺസിലർ മരക്കാപ്പ് കടപ്പുറത്തെ ബനീഷ് രാജിന്റെ മരണത്തിൽ ദുരൂഹത പരത്താൻ ബനീഷ് രാജിന്റെ മൃതദേഹത്തിനടുത്ത് ചിലർ പേസ്റ്റ് രൂപത്തിലുള്ള എലി വിഷം കൊണ്ട് വെച്ചതായി കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള “അച്ചാആത്മി കോൺഗ്രസ്സ്” എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ്.
മുൻ കൗൺസിലറായ കോൺഗ്രസ്സ് നേതാവാണ് നേതാക്കളും പ്രവർത്തകരുമടക്കം 200 ലേറെ പേരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ബനീഷ് രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടത്. കോൺഗ്രസ്സ് നേതാവിന്റെ വാട്സ്ആപ്പ് പോസ്റ്റിന്റെ പൂർണ്ണ രൂപം,
” സുഹൃത്തുക്കളെ, നമുക്കെല്ലാം പ്രിയങ്കരനായിരുന്ന കൗൺസിലർ ബനീഷ് രാജിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടു കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിരിക്കുകയാണ്.
പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നാണുള്ളത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യമേ പറഞ്ഞതാണ്.
എന്നാൽ ചിലർക്ക് ആത്മഹത്യയാണെന്ന് വരുത്തി ബിനീഷ് രാജിനെയും കുടുംബത്തേയും സമൂഹത്തിന്റെ മുമ്പാകെ അപമാനിക്കുവാൻ ശ്രമിച്ചതിന്റെ ഫലമായാണ് വിഷം കഴിച്ചാണ് മരിച്ചതെന്ന് നാടാകെ പറഞ്ഞു നടന്നത്. ഗൂഢാലോചനയുടെ ഭാഗമായി ബനീഷിന്റെ സമീപം എലിവിഷത്തിന്റെ രണ്ട് ട്യൂബുകൾ ഐസ്ക്രീം ജാർ മുതലായവ കൊണ്ടു വെച്ചവർ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തി കാണിച്ചു കൊടുത്തതെന്ന് കോൺഗ്രസ്സ് നേതാവ് കുറിച്ചു.
ബനീഷ് രാജ് കുറച്ചു ദിവസമായി മാനസിക വിഷമത്തിലായിരുന്നുവെന്നും ഇത് മുതലെടുത്തു കൊണ്ട് പല കോണിൽ നിന്നും ഒറ്റതിരിഞ്ഞും കൂട്ടായും ആക്രമിച്ചതായും മറ്റൊരു പോസ്റ്റിൽ നേതാവ് വ്യക്തമാക്കി. ഗൂഢാലോചനയുടെ ഭാഗമായി ഇല്ലാത്ത അധികാരം കാണിച്ച് കൊറോണ ഡ്യൂട്ടിയിലുള്ള ഒരു അധ്യാപകൻ ബനീഷിന്റെ വീട്ടിൽ ചെന്ന് വീട്ടുകാരുടെ മുമ്പിൽ വെച്ച് ജനപ്രതിനിധിയെന്ന ബഹുമാനം പോലും കാണിക്കാതെ പലപ്പോഴും ധിക്കാരപരമായി പെരുമാറുകയുണ്ടായെന്നും, കോൺഗ്രസ്സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നേതാവ് പുറത്തുവിട്ടു.
എലി വിഷത്തിന്റെ രണ്ട് ട്യൂബുകൾ കണ്ടപ്പോൾ തന്നെ എല്ലാവർക്കും സംശയം തോന്നിയതാണെന്നും, വിഷയം ഇവിടെ അവസാനിപ്പിക്കാതെ ചർച്ചകളും നടപടികളുമായി മുന്നോട്ട് പോയി ഗൂഢാലോചന തെളിയിക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിക്കുന്നത്”.