ആട് ഫാമിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തട്ടിയത് ഒരു കോടി

ചെറുവത്തൂർ:  ആന്ധ്രയിൽ ആട് ഫാം തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് നേതാക്കൾ പലരിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവം ചെറുവത്തൂരിൽ പുകയുന്നു. ആട് ഫാമിന്റെ പേരിൽ ചെറുവത്തൂരിലെ ഒരു ഡോക്ടർ 25 ലക്ഷം രൂപയാണ് കോൺഗ്രസ് നേതാക്കൾക്ക് കൈമാറിയത്.

ഇതിന് പുറമെ ചെറുവത്തൂർ ഞാണങ്കൈ സ്വദേശിയിൽ നിന്നും 10 ലക്ഷവും, കാടങ്കോട്ടെ പ്രവാസി വ്യവസായിയിൽ നിന്നും 25 ലക്ഷവും, അച്ചാം തുരുത്തി സ്വദേശിയിൽ നിന്നും 5 ലക്ഷവും കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തു. ആട് ഫാം സാമ്പത്തിക ഇടപാടിൽ 25 ലക്ഷം നിക്ഷേപിച്ച ചെറുവത്തൂരിലെ സർക്കാർ ഡോക്ടറിൽ നിന്ന് പണം സ്വീകരിച്ച തെക്കേവളപ്പ്  സ്വദേശിയായ കോൺഗ്രസ് നേതാവിന് 22 സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ടു.

ആട് ഫാമെന്ന ആശയത്തിന്റെ സൂത്രധാരൻമാരായ കോൺഗ്രസ് നേതാക്കൾ വാങ്ങിയ പണം  തിരികെ നൽകാതെ വന്നതോടെയാണ് നിക്ഷേപകനായ ഡോക്ടർ ഇടനിലക്കാരനായ കോൺഗ്രസ് നേതാവിന്റെ വീടും സ്ഥലവും ഈടായി വാങ്ങിയത്. ആട് ഫാം ആരംഭിക്കാനെന്ന വ്യാജേന പണം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാക്കൾ രണ്ടാഴ്ച ആന്ധ്രയിലെ റിസോർട്ടിൽ തങ്ങി സുഖിച്ചാണ് നാട്ടിൽ തിരിച്ചെത്തിയത്.

തട്ടിയെടുത്ത പണമുപയോഗിച്ചാണ് കോൺഗ്രസ് നേതാക്കൾ സൂപ്പർ മാർക്കറ്റ് തുടങ്ങിയതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചു. ആട് ഫാമിന്റെ പേരിൽ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവം ജില്ലയിലെ കെപിസിസി നേതാവിന്റെ മുന്നിലെത്തിയിരുന്നെങ്കിലും, കെപിസിസി നേതാവ്   പി. കെ. ഫൈസൽ –സംഭവത്തിന് വേണ്ടത്ര ഗൗരവം കൊടുത്തില്ലെന്ന് പരാതിയുണ്ട്. തട്ടിപ്പിന് നേത-ൃത്വം നൽകിയത് ചെറുവത്തൂരിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവാണ്.

LatestDaily

Read Previous

അഫീസയെ ഹൈക്കോടതി അജിനൊപ്പം വിട്ടയച്ചു

Read Next

സുകന്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിവൈഎഫ്ഐ നേതാവ്