അഫീസയെ ഹൈക്കോടതി അജിനൊപ്പം വിട്ടയച്ചു

കാഞ്ഞങ്ങാട്: കാമുകനൊപ്പം വീടുവിട്ട് വാഴക്കോട് സുബ്രഹ്മണ്യ  ക്ഷേത്രത്തിൽ വിവാഹിതയായ കാഞ്ഞങ്ങാട്  തോയമ്മൽ  ബിരുദ വിദ്യാർത്ഥിനി അഫീസയെ  21, ഹൈക്കോടതി ഇന്ന് ഭർത്താവ് ബങ്കളം സ്വദേശി അജിനൊപ്പം പോകാൻ അനുവദിച്ചു. അഫീസയുടെ രക്ഷിതാവ് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ച് അഫീസയെ കണ്ടെത്തി ഹാജരാക്കാൻ ഒന്നര മാസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഹൊസ്ദുർഗ്ഗ് പോലീസ് അഫീസയെ  ഹൈക്കോടതിയിൽ ഹാജരാക്കിയപ്പോൾ, അഫീസ ഭർത്താവ് അജിനൊപ്പം പോകാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. തങ്ങൾ ക്ഷേത്രത്തിൽ വിവാഹിതരായ കാര്യം അഫീസ തന്നെയാണ് ഹൈക്കോടതിയിൽ വെളിപ്പെടുത്തിയത്. തൽസമയം, ഭർത്താവ് അജിൻ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം മോചിപ്പിച്ചുകൊണ്ടുള്ള കുടുംബക്കോടതി ഉത്തരവ് കൈപ്പറ്റിയിരുന്നില്ല. ഈ ഉത്തരവ് ലഭിക്കുന്നതുവരെ ഹൈക്കോടതി അഫീസയെ കൊച്ചി കാക്കനാട്ടുള്ള സ്നേഹഭവനിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.

ആദ്യഭാര്യയുമായുള്ള വിവാഹമോചന ഉത്തരവ് അജിൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരാക്കുകയും, അഫീസയെ ഇന്ന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഹൊസ്ദുർഗ്ഗ് പോലീസ്  സബ് ഇൻസ്പെക്ടർ അരുണൻ ഇന്ന് കാക്കനാട് സഖി സ്ത്രീകളുടെ കേന്ദ്രത്തിലെത്തി അഫീസയെ ഹൈക്കോടതി മുമ്പാകെ ഹാജരാക്കി.

അഫീസയെ അജിനൊപ്പം പോകാൻ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടതിനാൽ, അജിന്റെ കൈപിടിച്ച് ഇന്ന് അഫീസ ഹൈക്കോടതിയുടെ പടികളിറങ്ങി. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി ഏബിസി സ്ഥാപനത്തിലെ സെയിൽസ് മാനാണ് നീലേശ്വരം  ബങ്കളം സ്വദേശിയായ അജിൻ. അഫീസയുടെ ഉമ്മയും ഉപ്പയും മകളെക്കാണാൻ  ഇന്ന് ഹൈക്കോടതി പരിസരത്തെത്തിയിരുന്നുവെങ്കിലും, മാതാപിതാക്കളുടെ മുഖത്തേക്ക് പോലും നോക്കാതെ അഫീസ അജിനൊപ്പം കോടതിയുടെ പടികളിറങ്ങി.     

LatestDaily

Read Previous

ഡോ. വി. ബാലകൃഷ്ണൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി

Read Next

ആട് ഫാമിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തട്ടിയത് ഒരു കോടി