കണ്ണൂരിൽ സിപിഎം നേതാക്കളെയും അംഗങ്ങളെയും പാർട്ടി നിരീക്ഷിക്കും, പാർട്ടിക്ക് ക്ലീൻ ഇമേജുണ്ടാക്കാൻ നീക്കം

കാഞ്ഞങ്ങാട്:  ക്വട്ടേഷൻ വിവാദത്തിലും സ്വർണ്ണക്കടത്തിലും പ്രതിക്കൂട്ടിലായ സിപിഎം കണ്ണൂർ ജില്ലയിലെ നേതാക്കളെയും പാർട്ടി അംഗങ്ങളെയും നിരീക്ഷിക്കും. ആരോപണങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സിക്രട്ടറിയേറ്റ് യോഗമാണ് അംഗങ്ങളെയും നേതാക്കളെയും നിരീക്ഷിക്കാൻ തീരുമാനിച്ചത്.

ഇടതു മുന്നണി തുടർ ഭരണം നേടിയ ഘട്ടത്തിൽ പാർട്ടിക്കെതിരെ കണ്ണൂരിൽ നിന്ന് വരുന്ന ആരോപണങ്ങൾ ഗൗരവമായിക്കണ്ട് നടപടിയെടുക്കും. ഇതിന്റെ ആദ്യ പടിയാണ് ക്വട്ടേഷൻ സംഘം നേതാവ് അർജുൻ ആയഞ്ചേരിയുമായുള്ള ബന്ധത്തെതുടർന്ന് പാർട്ടി മൊയ്യാരം  ബ്രാഞ്ച് കമ്മിറ്റിയംഗമായ ഡിവൈഎഫ്ഐ നേതാവ് സജേഷിനെ പുറത്താക്കിയ നടപടി.

അർജുന്  വാഹനം നൽകിയതിൽ സജീഷിന് ജാഗ്രതക്കുറവുണ്ടായതായാണ് പാർട്ടിയുടെ വിലയിരുത്തൽ. ക്വട്ടേഷൻ ബന്ധമുള്ളവരെയും ബ്ലേഡ് ഇടപാടുകൾ ഉൾപ്പടെ തെറ്റായ രീതിയിൽ പോകുന്നവരെയും കണ്ടെത്തി നടപടിയെടുത്ത് പാർട്ടിക്ക് ക്ലീൻ ഇമേജുണ്ടാക്കാനാണ് തീരുമാനം. ജില്ലാ സിക്രട്ടറിയേറ്റ് യോഗം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ മന്ത്രി എം. വി. ഗോവിന്ദൻ, മുൻ മന്ത്രിമാരായ പി. കെ. ശ്രീമതി, ഇ. പി. ജയരാജൻ, കെ. കെ. ശൈലജ എന്നിവരുടെ സാന്നിധ്യത്തിലാണ് ചേർന്നത്.

ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതിനൊപ്പം, തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ജില്ലയിലെ മുഴുവൻ പാർട്ടി അംഗങ്ങളെയും വർഗ ബഹുജന സംഘടനാ നേതാക്കളെയും പ്രധാന പ്രവർത്തകരെയും പാർട്ടി നിരീക്ഷിക്കും. സ്വഭാവ ദൂഷ്യമുള്ളവരെയും, ക്വട്ടേഷൻ സംഘങ്ങളെയും ഒറ്റയടിക്ക് പുറത്താക്കാനാണ് തീരുമാനം.

പാർട്ടിയെ മറയാക്കി ക്വട്ടേഷൻ ഉൾപ്പടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നവമാധ്യമങ്ങളിൽ ഇമേജ് സൃഷ്ടിക്കാൻ നോക്കുന്ന റെഡ് വളണ്ടിയർമാർ ഉൾപ്പടെയുള്ളവരെയും കണ്ടെത്തി കടി-ഞ്ഞാണിടാൻ പാർട്ടി നടപടിയെടുക്കും. ശുദ്ധികലശം നടത്തി പാർട്ടിക്ക് ക്ലീൻ ഇമേജുണ്ടാക്കാനായിരിക്കും പാർട്ടി നടപടികൾ.

LatestDaily

Read Previous

ഓപ്പൺ സ്റ്റേഡിയം നഗരസഭ വിഴുങ്ങി, സിപിഎം ഏസിക്ക് മൗനം

Read Next

അഞ്ഞൂറോളം ലാപ്പ്ടോപ്പുകൾ മോഷ്ടിച്ച ബിരുദധാരിയായ പ്രതി അറസ്റ്റിൽ