ഓപ്പൺ സ്റ്റേഡിയം നഗരസഭ വിഴുങ്ങി, സിപിഎം ഏസിക്ക് മൗനം

കാഞ്ഞങ്ങാട്:  നാടിന്റെ നാൽപ്പതു വർഷത്തെ കായിക സ്വപ്നമായ ഓപ്പൺ സ്റ്റേഡിയം ചെയർപേഴ്സൺ കെ. വി. സുജാതയുടെ ഭരണത്തിലും വിഴുങ്ങി. പകരം ഇൻഡോർ സ്റ്റേഡിയം ധൃതഗതിയിൽ നിർമ്മിക്കാൻ ജൂൺ 21-ന് ഓൺലൈനിൽ ചേർന്ന കൗൺസിൽ യോഗം തിരക്കിട്ട് തീരുമാനിച്ചു. 6 കോടി രൂപ ചിലവിൽ അലാമിപ്പള്ളി ബസ്്സ്റ്റാന്റിന് പടിഞ്ഞാറുഭാഗത്ത് ഒരു വർഷക്കാലമായി ഇൻഡോർ സ്റ്റേഡിയത്തിന്റെ പണി നടന്നു വരികയാണെങ്കിലും, 21-ന് ഓൺലൈനിൽ ചേർന്ന യോഗത്തിൽ ഇൻഡോർ സ്റ്റേഡിയം പാസ്സാക്കി എടുത്തതിന് പിന്നിൽ മുൻ ചെയർമാൻ വി. വി. രമേശന്റെ സമ്മർദ്ദമാണ്.

ഓപ്പൺ സ്റ്റേഡിയം പണിയാൻ 1995-ൽ തന്നെ ബസ്്സ്റ്റാന്റ് കെട്ടിടത്തിന് പടിഞ്ഞാറ് ഭാഗത്ത് ജില്ലാ കലക്ടർ ഭൂമി മാർക്ക് ചെയ്തുവെച്ചിട്ടുണ്ടെങ്കിലും, ഈ ഭൂമിയത്രയും കാഞ്ഞങ്ങാട്ടെ ഒരു സ്വർണ്ണവ്യാപാരി കുടുംബത്തിന്റെ കൈയ്യിലാണുള്ളത്. ഇൻഡോർ സ്റ്റേഡിയം കാഞ്ഞങ്ങാടിന് അനിവാര്യമല്ല. ഫുട്ബോൾ, ക്രിക്കറ്റ് മൽസരങ്ങൾ നത്താനും പുതുതലമുറയ്ക്ക് കളിച്ചു വളരാനും ഓപ്പൺ സ്റ്റേഡിയം തന്നെയാണ് വേണ്ടത്.

ഇപ്പോൾ തിരക്കിട്ട് ഇൻഡോർ സ്റ്റേഡിയം പണി പൂർത്തിയാക്കിയാൽ പിന്നെ ഓപ്പൺ സ്റ്റേഡിയത്തെക്കുറിച്ച് കായിക പ്രേമികളും കായിക സംഘടനകളും ഒച്ച വെക്കില്ലെന്നാണ് നഗരസഭയുടെ കണക്കു കൂട്ടൽ. മാത്രമല്ല, ഇൻഡോർ സ്റ്റേഡിയം നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ  ചന്ദ്രൻ ആറങ്ങാടി സമർപ്പിച്ച റിട്ട് ഹരജി നമ്പർ 14693 / 20 ഹൈക്കോടതിയിൽ കിടക്കുന്നുണ്ട്.

ഇൻഡോർ സ്റ്റേഡിയം പണിയുന്ന ഭൂമി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന് കാണിച്ച് പി. കുഞ്ഞിക്കണ്ണൻ നഗരസഭയ്ക്കെതിരെ ഫയൽ ചെയ്ത സ്യൂട്ട് നമ്പർ 19/ 2021 ഹൊസ്ദുർഗ്ഗ് മുൻസിഫ് കോടതിയിലും നിലനിൽക്കുന്നതിനിടയിലാണ് ഓൺലൈനിൽ ചേർന്ന കൗൺസിൽ യോഗം ഇൻഡോർ സ്റ്റേഡിയനിർമ്മാണം അംഗീകരികരിച്ച് പാസ്സാക്കിയത്.

ഷട്ടിൽ കളിക്കാനും വോളിബോൾ കളിക്കാനും മാത്രം ഉതകുന്നതാണ് ഇൻഡോർ സ്റ്റേഡിയം 2016-ലെ  നഗരസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വോട്ടർമാർക്ക് അച്ചടിച്ച് നൽകിയ പ്രകടന പത്രികയിൽ  നഗരസഭ ഓപ്പൺ സ്റ്റേഡിയം നിർമ്മിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും 5 വർഷം വി. വി. രമേശൻ ചെയർമാനായിരുന്നിട്ടും ഓപ്പൺ സ്റ്റേഡിയം കണ്ട ബാവം നടിക്കാതിരുന്നതിന് പിന്നിൽ രമേശന്റെ കാലങ്ങളായുള്ള ബിജെപി ബാന്ധവം തന്നെയാണ്.  2016-ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ഓപ്പൺ സ്റ്റേഡിയത്തെക്കുറിച്ച് ഇടതുമുന്നണി പ്രകടന പത്രികയിൽ പ്രത്യേകം എടുത്തു പറഞ്ഞിരുന്നുവെങ്കിലും, വി. വി. രമേശൻ ചെയർമാൻ പദവിയിലിരുന്ന 5 വർഷക്കാലവും ഓപ്പൺ സ്റ്റേഡിയത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല.1995-ൽ കാഞ്ഞങ്ങാട് നഗരസഭാ ഓപ്പൺ സ്റ്റേഡിയത്തിന് വേണ്ടി അലാമിപ്പള്ളിയിൽ സ്ഥലം കണ്ടെത്തുകയും, മാർക്ക് ചെയ്ത് വെക്കുകയും ചെയ്ത ഭൂമി കാഞ്ഞങ്ങാട്ടെ സ്വർണ്ണവ്യാപാരി കുടുംബത്തിന്റേതാണ്.  ഈ ഭൂമിയിൽ ഓപ്പൺ സ്റ്റേഡിയം   വരുന്നതിന് തടയിടാനാണ് കഴിഞ്ഞ 5 വർഷക്കാലവും വി. വി. രമേശൻ  നഗരഭരണത്തെ പ്രയോജനപ്പെടുത്തിയത്. ഇപ്പോൾ സുജാത ഭരണത്തിലും ഓപ്പൺ സ്റ്റേഡിയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.

സിപിഎം കാഞ്ഞങ്ങാട് ഏരിയാക്കമ്മറ്റിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ  നഗരഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. നഗരസഭ നിലവിൽ വന്നിട്ട് മൂന്നരപ്പതിറ്റാണ്ട് കാലമായി. ഇക്കാലമത്രയും ഒരു തലമുറ അവർക്ക് കളിച്ചുവളരാനുള്ള ഒരു സ്റ്റേഡയിത്തെക്കുറിച്ച് സ്വപ്നം കാണുകയാണ്.    2016-ൽ ഇടതുമുന്നണി പ്രകടന പത്രികയിൽ ജനങ്ങൾക്ക് മുന്നിൽ നിരത്തിയ  രണ്ട് വാഗ്ദാനങ്ങളിൽ ഒന്ന്  അലാമിപ്പള്ളി പുതിയ ബസ്്സ്റ്റാന്റും, മറ്റൊന്ന് അലാമിപ്പള്ളി ഓപ്പൺ സ്റ്റേഡിയവുമാണ്. 

ബസ്്സ്റ്റാന്റ് നിർമ്മാണം പൂർത്തിയാക്കുന്നതിൽ വി. വി. രമേശൻ അതീവ താൽപ്പര്യമെടുത്തുവെങ്കിലും, ഈ താൽപ്പര്യം ഓപ്പൺ സ്റ്റേഡിയത്തോട് കാണിക്കാതിരുന്നത് സ്വർണ്ണവ്യാപാരിയോടുള്ള വിധേയത്വം ഒന്നുകൊണ്ട് മാത്രമാണ്. പുതിയ ചെയർപേഴ്സൺ കെ. വി. സുജാത അലാമിപ്പള്ളി ഓപ്പൺ സ്റ്റേഡിയം അലാമിപ്പള്ളി നിർദ്ദിഷ്ട ഭൂമിയിൽ യാഥാർത്ഥ്യമാക്കാൻ   മുൻകൈയെടുക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

LatestDaily

Read Previous

പെരിയ ഇരട്ടക്കൊലക്കേസ്സിൽ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ സിബിഐ ചോദ്യ ചെയ്യും

Read Next

കണ്ണൂരിൽ സിപിഎം നേതാക്കളെയും അംഗങ്ങളെയും പാർട്ടി നിരീക്ഷിക്കും, പാർട്ടിക്ക് ക്ലീൻ ഇമേജുണ്ടാക്കാൻ നീക്കം