എക്സൈസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട കാർ പിടികൂടാൻ 92 സിസിടിവികൾ പരിശോധിച്ച് പോലീസ്; ആൽബം നിർമ്മാതാവ് പിടിയിൽ

അലാമിപ്പള്ളി ഹോട്ടൽ മുറിയിൽ ക്രിമിനലുകളുമായി കാറിലുണ്ടായിരുന്നവർ കൂടിക്കാഴ്ച നടത്തിയത് പോലീസ് അന്വേഷിക്കുന്നു

കാഞ്ഞങ്ങാട്:  എക്സൈസ് ഉദ്യോഗസ്ഥയും ഭർത്താവും സഞ്ചരിച്ച സ്ക്കൂട്ടറിലിടിച്ച് നിർത്താതെ ഒാടിച്ചു പോയ കാർ കണ്ടെത്താൻ ഒരാഴ്ചക്കിടെ പോലീസ് പരിശോധിച്ചത് 92 സിസിടിവി ക്യാമറകൾ. കാറും അപകടസമയത്ത് കാറിനകത്തുണ്ടായിരുന്നവരും പിടിയിലായതിന് പിന്നാലെ കേസന്വേഷണം മറ്റൊരു ദിശയിലെത്തി. ഹൊസ്ദുർഗ് എക്സൈസ് ഉദ്യോഗസ്ഥ തെരുവത്ത് സ്വദേശി ഗീതയും ഭർത്താവ് ബാബുരാജും സഞ്ചരിച്ച സ്ക്കൂട്ടറിലിടിച്ച കാറാണ് നിർത്താതെ ഒാടിച്ചു പോയത്.

കഴിഞ്ഞ 17–ന് സന്ധ്യയ്ക്ക് അലാമിപ്പള്ളി ആറങ്ങാടി റോഡിലാണ് അപകടമുണ്ടായത്. കാറിടിച്ചതിനെതുടർന്ന് സ്ക്കൂട്ടർ തെറിച്ചുവീണ് മറിഞ്ഞു. ഗീതയ്ക്ക് സാരമായി പരിക്കേറ്റുവെങ്കിലും, അപകടസ്ഥലത്ത് നിന്നും കാർ ഞൊടിയിടയിൽ ഒാടിച്ചുപോയതിനാൽ കാറിനെയോ, കാറിന്റെ നമ്പറോ ഗീതയ്ക്കും ഭർത്താവിനും തിരിച്ചറിയാൻ സാധിച്ചില്ല. മാരുതി 800 കാറാണ് അപകടമുണ്ടാക്കിയതെന്ന് മാത്രമാണ് ഗീതയ്ക്ക് മനസ്സിലായത്. ഗീത ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയെങ്കിലും, അപകടമുണ്ടാക്കിയ കാറിനെക്കുറിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചില്ല.

തുടർന്നാണ് എസ്ഐ, പി. വിജേഷ് അന്വേഷണമേറ്റെടുത്തത്. ഏത് വിധേനയും കാർ പിടികൂടണമെന്ന ദൃഢനിശ്ചയം ചെയ്താണ് പോലീസ് അന്വേഷണം ഏറ്റെടുത്തത്. നീലേശ്വരം, മാവുങ്കാൽ, കാഞ്ഞങ്ങാട് ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച 92 സിസിടിവി ക്യാമറകൾ പരിശോധിച്ചുവെങ്കിലും, അപകടമുണ്ടാക്കിയ കാറിനെ കണ്ടെത്താനായില്ല. ദേശീയപാതക്കരികിലെ സിസിടിവി ക്യാമറകളിലൊന്നും കാറിന്റെ ദൃശ്യം പതിയാത്തതിനാൽ, കാർ ദേശീയപാതയിലെത്തിയിട്ടില്ലെന്നുറപ്പാക്കിയ പോലീസ് പിന്നീട് കാഞ്ഞങ്ങാടിന്റെ ഊടു വഴികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

തുടർന്നാണ് പോലീസ് അലാമിപ്പള്ളിയിലെ ഹോട്ടലിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ പരിശോധിച്ചത്. ഹോട്ടൽ കോപ്ലക്സിലേക്ക് ഗേറ്റ് കടന്ന് കാർ കടന്നുപോകുന്ന ദൃശ്യം ലഭിച്ചതോടെ പോലീസ് ഹോട്ടലിലെ മറ്റ് ക്യാമറകളും പരിശോധിച്ചു. അപകടമുണ്ടാക്കിയ 17–ാം തീയ്യതി മുതൽ ഇക്കഴിഞ്ഞ 26–ാം തീയ്യതി വരെ കാറിലുണ്ടായിരുന്ന സംഘം അലാമിപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നതായി പോലിസിന് തെളിവ് ലഭിച്ചു.

കാർ തേടിയുള്ള പോലീസ് അന്വേഷണം ഹോട്ടലിന്റെ വാതിൽപ്പടിവരെയെത്തി നിന്നതോടെ, സംഘം ഹോട്ടൽ മുറിവിട്ടു. ഹോട്ടലിൽ നിന്നും മുങ്ങിയ കാർ യാത്രക്കാരെ തേടി പോലീസ് മട്ടന്നൂരിലെത്തി., പിടിവീഴുമെന്നുറപ്പായതോടെ അപകടം വരുത്തിയ കെഎൽ  05 എം 487 നമ്പർ മാരുതി 800 കാറുമായിപ മട്ടന്നൂർ പാലാട്ടുപള്ളി സ്വദേശി നിസാമുദ്ദീൻ 29, ഹൊസ്ദുർഗ് പോലീസിൽ കീഴടങ്ങുകയായിരുന്നു.

ആൽബം നിർമ്മാതാവാണെന്നാണ് നിസാമുദ്ദീൻ പോലീസിനോട് പറഞ്ഞത്. യുവാവിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ് പോലീസ്. നിസാമുദ്ദീനടക്കമുള്ളവർ താമസിച്ച ഹോട്ടൽ മുറിയുടെ  തൊട്ടടുത്ത മുറിയിലുണ്ടായിരുന്നവർ ക്രിമിനൽ പശ്ചാത്തലമുള്ള ഒരു സംഘമാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഇവരുമായി നിസാമുദ്ദീനടക്കമുള്ളവർ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും, പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ മുറിയിൽ ദിവസങ്ങളോളം തമ്പടിച്ചതിനെക്കുറിച്ചും ക്രിമിനൽ പ്രതികളുമായുള്ള ഇവരുടെ കൂടിക്കാഴ്ചയെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. എസ്ഐ, വിജേഷിന്റെ സമർ-ത്ഥമായ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.

LatestDaily

Read Previous

മകളെ മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

Read Next

ഭർതൃമതിയുടെ സ്കൂട്ടിയിലിടിച്ച് നിർത്താതെ പോയ ബാങ്ക് മാനേജരുടെ കാർ പിടിയിൽ