യൂത്ത് ലീഗ് യോഗത്തിൽ ലീഗിനെതിരെ രൂക്ഷ വിമർശനം നയ സമീപനങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്നാവശ്യം

കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് പാർട്ടികളോടുള്ള സമുദായത്തിന്റെ സമീപനത്തിൽ മാറ്റം സംജാതമായ സാഹചര്യത്തിൽ ലീഗിന്റെ നയ സമീപനങ്ങളിൽ കാതലായ മാറ്റവും പൊളിച്ചെഴുത്തും വേണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ആവശ്യമുയർന്നു. അധികാരത്തിന്റെ ഗുണഭോക്താക്കളായ മുസ്ലീം ലീഗ് നേതാക്കളുടെ നടപടികൾ പാണക്കാട്ടെ തങ്ങന്മാർ നിയന്ത്രിക്കണം.

രണ്ട് ദിവസങ്ങളായി നടന്ന യൂത്ത് ലീഗ് സംസ്ഥാന സിക്രട്ടറിയേറ്റിന്റെയും പ്രവർത്തക സമിതിയുടെയും യോഗങ്ങൾ ആവശ്യപ്പട്ടു. ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. നേതാക്കളെ വരച്ച വരയിൽ നിർത്തുകയും പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾ നടത്തുകയും വേണമെന്ന് അംഗങ്ങൾ തുറന്നടിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ലീഗ് അഭിമുഖീകരിക്കുന്ന പ്രതിസന്ധി രൂക്ഷമാണ്.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. സമൂഹവും സമുദായവും അഭിമുഖമായി മാറിയത് തിരിച്ചറിയാതെയാണ് ലീഗ് നേതൃത്വം മുന്നോട്ട് പോവുന്നത്. പാർട്ടിയിൽ അടിമുടി പരിഷ്ക്കരണം ആവശ്യമാണ്. തെരഞ്ഞെടുപ്പിലേറ്റ പരാജയം വ്യക്തികളിലേക്ക് ചുരുക്കുന്നതിൽ അംഗങ്ങളിൽ പലരും അസ്വസ്ഥരാണ്.  പി. കെ. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയിലേക്ക് പ്രശ്നം ലഘൂകരിച്ചാൽ ഗുരുതര പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോവുമെന്ന് ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ ചൂണ്ടിക്കാട്ടി.

മുൻ മന്ത്രി ഇബ്രാഹീംകുഞ്ഞി, മുൻ എംഎൽഏമാരായ എം. സി. കാമറുദ്ദീൻ, കെ. എം. ഷാജി എന്നിവർക്കെതിരെയെല്ലാം അഴിമതി ആരോപണമുണ്ട്. അത് വ്യക്തികളുടെ പ്രശ്നമായിത്തന്നെ കാണണം. പാർട്ടി ഏറ്റെടുക്കരുത്. അതേസമയം ലോക്സഭാ അംഗത്വം രാജി വെച്ച് നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് നേരെ വലിയ തോതിലുള്ള വിമർശനങ്ങളുയർന്നു. യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളിൽ ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ എതിർത്തു. മുസ്ലീം ലീഗിന്റെ നിലവിലുള്ള സംഘടനാ സംവിധാനം ദുർബ്ബലമായിരിക്കുന്നു. സംഘടനയുടെ ശോഷണം പോഷക സംഘടനകളെയും പ്രതികൂലമായി ബാധിക്കും.

ഗൗരവമായ രാഷ്ട്രീയ ചർച്ചകൾ യോഗത്തിൽ നടക്കുന്നില്ല. നിർണ്ണായകമായ യോഗങ്ങളിൽപ്പോലും പാർട്ടി നിലപാട് വ്യക്തമാക്കപ്പെടുന്നില്ല. ഇത് തിരുത്തണം. മത സംഘടനകൾക്ക് പാർട്ടി വഴങ്ങുന്നത് ശരിയല്ല. തുടങ്ങിയ വിമർശനങ്ങളും യോഗത്തിൽ ഉയർന്നു. ഇബ്രാഹീംകുഞ്ഞിക്ക് പകരം മകനെ സ്ഥാനാർത്ഥിയാക്കിയതിനെ എറണാകുളം ജില്ലയിൽ നിന്നുള്ളവർ ശക്തമായി വിമർശിച്ചു. യുവാക്കൾക്ക് ഔദാര്യം പോലെ സ്ഥാനം നൽകുന്ന രീതിക്കെതിരെയും വിമർശനമുണ്ടായി. യോഗത്തിലുണ്ടായ അഭിപ്രായങ്ങൾ ക്രോഡീകരിച്ച മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കാൻ യോഗം തീരുമാനമെടുത്തു.

LatestDaily

Read Previous

യാത്രക്കാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെക്കുറിച്ച് സൂചന

Read Next

നബീക്കയുമായി ഗോപി കുറ്റിക്കോൽ ചിത്രീകരണം കാസർകോട്ടും മൈസൂരുവിലും