ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മനുഷ്യകുലത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരി ഒന്നരവർഷത്തിലധികമായി ഇന്ത്യയെയും വിടാതെ പിടികൂടിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്തെ തൊഴിലില്ലായ്മ ഇന്ത്യൻ സമ്പദ്ഘടനയെയും ഇന്ത്യൻ പൗരന്റെ ക്രയശേഷിയെയും താഴോട്ട് പിടിച്ചു വലിക്കുന്നതിനിടയിലും, ഇന്ത്യയിലെ സ്വകാര്യ എണ്ണക്കമ്പനികൾ ഇന്ധനവില തുടർച്ചയായി വർദ്ധിപ്പിച്ച് പൊതുജനത്തെ നരകത്തിലാഴ്ത്തിയിരിക്കുകയാണ്.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിന് ശേഷം ഇന്ധന വിലയിൽ കാര്യമായ വർദ്ധനവുണ്ടായില്ലെങ്കിലും, തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ എണ്ണക്കമ്പനികൾ അതിന്റെ വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണ്. ഒരു മാസകാലയളവിനുള്ളിൽ ഇരുപത്തിരണ്ട് തവണ വില വർദ്ധിപ്പിച്ചാണ് കുത്തക എണ്ണക്കമ്പനികൾ ഇന്ത്യൻ ജനതയെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്.
ഭരണകൂടത്തിന്റെ അനുഗ്രഹാശിസുകളോടെ എണ്ണക്കമ്പനികൾ നടത്തുന്ന പകൽക്കൊള്ള അഭംഗുരം തുടരുമ്പോൾ, ഓരോ ഇന്ത്യൻ പൗരന്റെയും മുതുകത്ത് എണ്ണ വില വർദ്ധനയുടെ അനന്തര ഫലങ്ങൾ കൂനിന് മേൽ കുരുവെന്ന പോലെയായിരിക്കുകയാണ്. ഇന്ധനവില വർദ്ധനവിലുണ്ടാകുന്ന നേരിയ മാറ്റം പോലും വിപണിയെ ബാധിക്കുമെന്ന സാമാന്യ തിരിച്ചറിവ് പോലുമില്ലാതെ ഭരണകൂടവും ഇന്ധനക്കൊള്ളയ്ക്ക് അറിഞ്ഞുകൊണ്ട് ചൂട്ട് പിടിക്കുകയാണ്.
അമ്പത് രൂപയ്ക്ക് പെട്രോൾ നൽകുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയവർ ഇന്ധനവില ഇരട്ടിയാക്കുകയാണ് തങ്ങളുടെ ഭരണകാലത്ത് ചെയ്തിരിക്കുന്നത്. വില നിർണ്ണയാധികാരം എണ്ണക്കമ്പനികൾക്കാണെന്ന മുടന്തൻ ന്യായങ്ങളുയർത്തിയാണ് സർക്കാർ ഇന്ധനക്കൊള്ളയെ ന്യായീകരിക്കുന്നത്. ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില നിയന്ത്രിക്കാൻ എണ്ണക്കമ്പനികളിൽ സമ്മർദ്ദം ചെലുത്താൻ ബാധ്യതയുള്ള കേന്ദ്രസർക്കാർ പൊതുജനത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെട്ട ദുരിതങ്ങൾ കണ്ട് രസിക്കുകയാണെന്ന് തന്നെ വേണം പറയാൻ.രാജ്യം ഭരിക്കുന്ന ഭരണ കക്ഷിയുടെ നേതാക്കൻമാർ ആദ്യകാലങ്ങളിൽ ഇന്ധനവില വർദ്ധനവിനെ ന്യായീകരിച്ചിരുന്നത് പൊതുജനങ്ങൾക്ക് ശൗചാലയങ്ങൾ നിർമ്മിക്കാനാണ് വില വർദ്ധനവെന്നാണ്.
ഇന്ധന വിലയിൽ അധിക എക്സൈസ് ഡ്യൂട്ടി ചുമത്തി കേന്ദ്ര സർക്കാർ പിരിച്ചെടുത്ത സഹസ്രകോടികൾ വഴി രാജ്യം മുഴുവൻ ശൗചാലയങ്ങൾ കൊണ്ട് നിറയുമായിരുന്നിട്ടും, ഇപ്പോഴും ഇന്ധനക്കൊള്ള അവിരാമം തുടർന്നു കൊണ്ടിരിക്കുകയാണ്. അമ്പത് രൂപയ്ക്ക് പെട്രോൾ കൊടുക്കുമെന്ന് വീരവാദം മുഴക്കിയ നേതാക്കൻമാരിൽ പലരും വായിൽ പഴം തിരുകിയപോലെ മിണ്ടാവ്രതം അനുഷ്ഠിക്കുകയാണ്. ഇനിയും ഇന്ധനക്കൊള്ള തുടർന്നാൽ പട്ടിണി മൂലം വയറൊട്ടിയ നിത്യ വരുമാനക്കാർ പിടഞ്ഞ് മരിക്കുന്ന കാഴ്ചയ്ക്ക് ഭരണകൂടം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നതിൽ യാതൊരു സംശയവുമില്ല.
സർക്കാരിനെ നോക്കുകുത്തിയാക്കി സ്വകാര്യ എണ്ണക്കമ്പനികൾ നടത്തിക്കൊണ്ടിരിക്കുന്ന ഇന്ധനക്കൊള്ള ഇനിയെങ്കിലും, അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. പൊതു ഗതാഗത സംവിധാനങ്ങളേയും, ചരക്ക് ഗതാഗതത്തെയും സ്തംഭിപ്പിച്ച ഇന്ധനവില വർദ്ധനവിനെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ലജ്ജാകരവും അപലപനീയവുമാണെന്ന തിരിച്ചറിവ് ഇനിയെങ്കിലും കേന്ദ്ര ഭരണകൂടത്തിനുണ്ടാകണം.
ഭരണകൂടം വെറും കാഴ്ചക്കാരല്ലെന്ന് കുത്തക മുതലാളിമാരെ ബോധ്യപ്പെടുത്താനുള്ള നട്ടെല്ലും തന്റേടവുമാണ് ഭരണകർത്താക്കൾക്കുണ്ടാകേണ്ടത്. യുപിഏ സർക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില വർദ്ധനവുണ്ടായപ്പോൾ സ്കൂട്ടർ ഉന്തിയും, കാള വണ്ടിയിൽ യാത്ര ചെയ്തും സമരങ്ങൾ നയിച്ച പാർട്ടിയുടെ ഭരണകാലത്താണ് ഇന്ധന വില റോക്കറ്റ് പോലെ ഉയരുന്നതെങ്കിലും, അന്ന് വില വർദ്ധനവിനെതിരെ സമരം ചെയ്ത നേതാക്കളിൽ പലരും കുറ്റകരമായ മൗനത്തിലാണ്. സമരത്തിന് നേതൃത്വം നൽകിയ നേതാവ് ഇപ്പോൾ കേന്ദ്രമന്ത്രി സഭയിലുണ്ടെങ്കിലും, അദ്ദേഹവും ഇന്ധനവില വർദ്ധന അറിഞ്ഞതായി ഭാവിക്കുന്നുമില്ല.