രാജപുരത്ത് കുടുങ്ങിയത് രാജധാനി ജ്വല്ലറി കവർച്ച കേസ്സ് പ്രതി പോലീസ് എഴുതി തള്ളിയ കേസ്സിൽ 17 വർഷത്തിന് ശേഷം തുമ്പ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗര മധ്യത്തിലെ രാജധാനി ജ്വല്ലറി പട്ടാപ്പകൽ തുരന്ന് കോടികളുടെ സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ച കേസ്സിലെ പ്രതിയാണ് കോളിച്ചാലിൽ നിന്നും 90 പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസ്സിൽ അറസ്റ്റിലായ രവീന്ദ്രൻ. രാജധാനി ജ്വല്ലറി കവർച്ചാ കേസ്സിലെ മൂന്നാം പ്രതി കാഞ്ഞങ്ങാട് ശ്രീകൃഷ്ണമന്ദിർ റോഡിലെ രവീന്ദ്രനെയാണ് 46, രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്.

2004-ൽ കോളിച്ചാൽ മുണ്ടപ്ലാവിലെ മൊയ്തുവിന്റെ വീടിന്റെ ജനാല ഗ്രില്ല് തകർത്ത് കിടപ്പ് മുറിയിലെ അലമാരയിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസ്സിലാണിപ്പോൾ രവീന്ദ്രൻ പിടിയിലായത്. 2004 സെപ്തംബർ മാസത്തിൽ പകൽ വൈകീട്ട് 3-30 മണിക്കും രാത്രി 9-30 മണിക്കുമിടയിലാണ് വീട്ടിൽ ആളില്ലാത്ത സമയം കവർച്ച നടന്നത്. രാജപുരം പോലീസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും, പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് പോലീസ് വർഷങ്ങൾക്ക് മുമ്പെ കേസ്സന്വേഷണം അവസാനിപ്പിച്ച് ഹൊസ്ദുർഗ് ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

സംസ്ഥാന തലത്തിൽ വിരലടയാള വിദഗ്ധർ പ്രതികളുടെ വിരലടയാളങ്ങൾ ശേഖരിച്ച് വിവിധ കേസ്സുകളുമായി ഒത്തുനോക്കുന്നതിനിടയിലാണ് രാജധാനി കവർച്ചാ കേസ്സിലെ പ്രതിയായ രവീന്ദ്രന്റെ വിരലടയാളം കോളിച്ചാൽ സ്വർണ്ണ കവർച്ചാ കേസ്സുമായി ഒത്തുവന്നത്.  തുടർന്ന് പോലീസ് അതീവ രഹസ്യമായി കോടതി അനുമതിയോടുകൂടി കേസ്സന്വേഷണം പുനഃരാരംഭിക്കുകയും ഇപ്പോൾ ഹൊസ്ദുർഗിൽ കച്ചവടം നടത്തുന്ന രവീന്ദ്രനെ പിടികൂടുകയുമായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ രവീന്ദ്രനെ കോടതി റിമാന്റ് ചെയ്തു.

LatestDaily

Read Previous

പാർട്ടി നടപടിക്ക് വിധേയായ സ്ത്രീക്ക് മുൻഎംപിയുടെ ഫേസ്ബുക്ക് കമന്റ്

Read Next

ബേബി ജോലി കൊടുത്തത് പാർട്ടി തള്ളിപ്പറഞ്ഞ കൊലക്കേസ്സ് പ്രതികളുടെ ഭാര്യമാർക്ക്