അമ്മയും കുഞ്ഞും ആശുപത്രിയിൽ എല്ലാം റെഡി; നിയമനമൊഴികെ

കാഞ്ഞങ്ങാട്:  ഒന്നുമാകാതെ ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും അടഞ്ഞുതന്നെ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ആരോഗ്യമന്ത്രി ആശുപത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.

ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി കെട്ടിടമൊരുങ്ങുന്നതിന് മുമ്പെ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടുവെങ്കിലും, കഴിഞ്ഞ നാല് മാസത്തിലേറെയായി, ആധുനിക രീതിയിൽ സജ്ജീകരിച്ച ആശുപത്രി സമുച്ചയം അടഞ്ഞു തന്നെ.

മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചതിന് ശേഷം കെട്ടിടത്തിനാവശ്യമായ മറ്റ് നിർമ്മാണ പ്രവർത്തികൾ കരാറുകാർ പൂർത്തിയാക്കിയിട്ടുണ്ട്. താത്ക്കാലികമായി വൈദ്യുതി ലഭ്യമായിട്ടുണ്ട്. ഏസിയുൾപ്പെടെ കഴിഞ്ഞ ദിവസം സ്ഥാപിച്ചു കഴിഞ്ഞു. പ്രധാനമായും ഡോക്ടർമാർ, മറ്റ് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നിയമനമാണ് നടക്കേണ്ടത്.

അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് ഉദ്ഘാടനം കഴിഞ്ഞ് നാല് മാസമായിട്ടും നിയമനങ്ങളുണ്ടാവാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഗൈനക്കോളജിസ്റ്റ്, എക്സറെ, ലാബ് വിഭാഗത്തിലേക്കുൾപ്പെടെ നിയമനമുണ്ടാവേണ്ടതുണ്ട്. ഗർഭിണികൾക്കും, പ്രസവ ശേഷം അമ്മയ്ക്കും കുഞ്ഞിനും, 10 വയസ്സുവരെയുള്ള കുട്ടികൾക്കും ആധുനിക രീതിയിൽ തന്നെ ചികിത്സ ലഭ്യമാകുന്നതാണ് ഹൊസ്ദുർഗിലെ അമ്മയും കുഞ്ഞും ആശുപത്രി.

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും, കുട്ടികളുണ്ടാകാത്തവർക്കും, വിവിധ തരത്തിലുള്ള സ്ത്രീ രോഗങ്ങൾക്കും അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സ ലഭ്യമാകും. ഉദ്ഘാടനം കഴിഞ്ഞിട്ടും, പൂട്ടിക്കിടക്കുന്ന ആശുപത്രിയുടെ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതോടെ അത് നൂറ് കണക്കിന് സ്ത്രീകൾക്ക് പ്രയോജനകരമാകും. 

LatestDaily

Read Previous

പെട്രോൾ പമ്പിന് മുന്നിൽ കോൺഗ്രസ്സ് നേതാക്കളുടെ ചേരിതിരിഞ്ഞുള്ള സമരം

Read Next

തെരുവ് വിളക്കുകൾ കണ്ണടച്ചു; ഇരുട്ടിൽ തപ്പി നഗരം