കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കള്ളൻമാർ, കിട്ടിയത് 550 രൂപ

പെരിയ: സർക്കാരിന്റെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് പിപിഇകിറ്റും ധരിച്ച് മോഷ്ടിക്കാനെത്തിയ കള്ളൻമാർക്ക് പിപിഇ കിറ്റിന് ചെലവായ തുക പോലും കിട്ടിയില്ല. കഴിഞ്ഞ ദിവസമാണ് പെരിയ ടൗണിലെ 3 കടകളിൽ കൗതുകകരമായ മോഷണശ്രമം നടന്നത്.

ജൂൺ 21 തിങ്കളാഴ്ച രാത്രിയാണ് പെരിയ ടൗണിലെ നീതി മെഡിക്കൽ ഷോപ്പ്, ലുലു സൂപ്പർമാർക്കറ്റ്, ഏ.ഏ. മെഡിക്കൽസ് എന്നിവിടങ്ങളിൽ മോഷണശ്രമം നടന്നത്. ഏറെ അദ്ധ്വാനിച്ച് വിയർത്തൊലിച്ച് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന  തസ്ക്കരവീരൻമാർക്ക് കിട്ടിയതാകട്ടെ 550 രൂപ. മോഷണശ്രമം പോലീസിൽ അറിയിച്ചതിനെത്തുടർന്ന് ബേക്കൽ പോലീസ് സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളൻമാർ പിപിഇ കിറ്റ് ധരിച്ചാണെത്തിയതെന്ന് തെളിഞ്ഞത്.

ഏ.ഏ. മെഡിക്കൽസിൽ നിന്നും 400 രൂപയും ലുലു സൂപ്പർമാർക്കറ്റിൽ നിന്ന് 150 രൂപയുടെ നാണയങ്ങളുമാണ് നഷ്ടമായത്. ഇതാകട്ടെ  പിപിഇ കിറ്റ് വാങ്ങിച്ചതിന്റെ വില പോലുമാകില്ല. ഇങ്ങനെയായാൽ കള്ളൻമാർ എങ്ങിനെ ജീവിക്കുമെന്നായിരിക്കും മോഷ്ടാക്കൾ ചിന്തിച്ചിട്ടുണ്ടാകുക.

LatestDaily

Read Previous

അഞ്ജലി വീട്ടുതടങ്കലിൽ; വേണ്ടത് കൗൺസിലിംഗ്

Read Next

പെട്രോൾ പമ്പിന് മുന്നിൽ കോൺഗ്രസ്സ് നേതാക്കളുടെ ചേരിതിരിഞ്ഞുള്ള സമരം