ലോക്ഡൗണിന്റെ മറവിൽ വ്യാപക മൃഗവേട്ട കള്ളാറിലും കൊന്നക്കാട്ടും മാനിന്റെയും, കാട്ടുപന്നി ഇറച്ചിയും കൊമ്പും പിടിച്ചു

കാഞ്ഞങ്ങാട്:  കോവിഡിന്റെയും ലോക്ഡൗണിന്റയും മറവിൽ മലയോര മേഖലകളിലെ വനങ്ങളിൽ അതിവ്യാപക മൃഗവേട്ട. വനപാലകർ നടപടി ശക്തമാക്കിയതോടെ കള്ളാറിലും കൊന്നക്കാട് നിന്നുമായി വേട്ടയാടി പിടിച്ച് കൊന്ന കാട്ടുപന്നികളുടെയും മാനിന്റെയും, ഇറച്ചിയും മാൻ കൊമ്പും പിടിച്ചു. അഞ്ചംഗ നായാട്ടു സംഘത്തിലെ രണ്ട് പേരെ വനപാലകർ അറസ്റ്റ് ചെയ്തു.

കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഒാഫീസർ കെ. അഷറഫിന്റെ നേതൃത്വത്തിൽ ഇന്നലെ കൊന്നക്കാട്ടും കള്ളാറിലും റെയിഡ് നടത്തിയാണ് ഇറച്ചിയും കൊമ്പും കണ്ടെത്തിയത്. കൊന്നക്കാട് വാഴയിൽ കോളനിയിലെ കുഞ്ഞമ്പുവിന്റെ 50, വീട്ടിൽ നിന്നും ഒരു കിലോ കേഴമാനിറച്ചി കണ്ടെത്തി.

മാനിനെ വേട്ടയാടി കറിവെക്കാൻ ശ്രമിച്ച കുഞ്ഞമ്പുവും നായാട്ടു സംഘത്തിൽപ്പെട്ട കൊന്നക്കാട്ടെ ബിജുവും  34, ഫോറസ്റ്റ് ഒാഫീസർ, കെ. അഷറഫിന്റെ പിടിയിലായി. കേസിലെ പ്രധാന പ്രതി പള്ളിക്കണ്ടൻ ഒളിവിലാണെന്ന് വനപാലകർ പറഞ്ഞു. കള്ളാർ അംബേദ്ക്കർ കോളനിയിലെ വിജയൻ, വേണു എന്നിവരിൽ നിന്നും 5 കിലോ കാട്ടുപന്നിയുടെ ഇറച്ചി പിടികൂടി. ഇതിൽ വേവിച്ച ഇറച്ചിയുമുൾപ്പെടും.

വിജയന്റെ വീട്ടിൽ നിന്നും മാനിന്റെ കൊമ്പ് കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്തു. ലോക്ഡൗണിനിടെ പാണത്തൂർ, കൊന്നക്കാട്, മാലോം വനങ്ങളിലും കർണ്ണാടക– കേരള അതിർത്തിയിലെ മറ്റ് വന പ്രദേശങ്ങളുമുൾപ്പെടെ കേന്ദ്രീകരിച്ച് അതി വ്യാപകമായ മൃഗവേട്ടയാണ് നടക്കുന്നത്. ലോക്ഡൗൺ കാലം പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെയാണ് പലരും നായാട്ടിലേക്ക് തിരിഞ്ഞത്. കെണിവെച്ചും, കള്ളത്തോക്കുകൾ ഉപയോഗിച്ചുമാണ് മൃഗങ്ങളെ വേട്ടയാടുന്നത്.

Read Previous

ജില്ലാ ആശുപത്രി താല്ക്കാലിക നിയമനം സിപിഎം കുത്തകയാക്കി

Read Next

സ്വർണ്ണക്കവർച്ചാ കേസ് പ്രതി 17 വർഷത്തിന് ശേഷം പിടിയിൽ