കാസർകോട്ട് വോട്ട് കുറഞ്ഞതിന്റെ നടുക്കത്തിൽ ബിജെപി

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് സമ്മാനിച്ചത് കടുത്ത നിരാശ.  ജില്ലാ പ്രസിഡണ്ട്  തന്നെ മത്സരിച്ചിട്ടും ബിജെപിക്ക് കാസര്‍കോട് മണ്ഡലത്തില്‍ 2016 ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ ആറായിരത്തോളം വോട്ടുകള്‍ കുറഞ്ഞു. യുഡിഎഫിനും മണ്ഡലത്തിൽ 1500 ഓളം വോട് കുറഞ്ഞിട്ടുണ്ട്. എന്നാൽ എല്‍ഡിഎഫിന് 6708 വോട്ടുകള്‍ കൂടി.

സ്വാധീന മേഖലകളില്‍ നിന്നടക്കം കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇക്കുറി ബിജെപിക്ക് നേടാനായില്ല. മധൂര്‍ പഞ്ചായത്തില്‍ 11129 വോടുണ്ടായിരുന്നത് 10262 ആയും കാസര്‍കോട് നഗരസഭയിൽ 10808 വോടുകള്‍ 9026 ആയും കാറഡുക്ക പഞ്ചായത്തില്‍ 6019 വോട്ട്  5320 ആയും കുറഞ്ഞു. ബദിയഡുക്ക, മൊഗ്രാല്‍പുത്തൂര്‍, കുംബഡാജെ, ബെള്ളൂര്‍, ചെങ്കള അടക്കമുള്ള എല്ലാ പഞ്ചായത്തുകളിലും ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കുറഞ്ഞു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് വെറും 89 വോട്ടിന് തോറ്റ കെ സുരേന്ദ്രൻ ഇത്തവണ സംസ്ഥാന പ്രസിഡന്റ് എന്ന താരപദവിയോടെ മത്സരിച്ചു 8000 ലധികം വോട്ടുകൾ അധികം നേടിയിട്ടും തോറ്റത് ബിജെപിയെ ഞെട്ടിച്ചു. എന്നാൽ ജയിച്ച യുഡിഎഫിനാവട്ടെ 2019 ലെ ഉപതിരഞ്ഞെടുപ്പിനേക്കാൾ 394 വോട്ട് മാത്രമാണ് അധികമായി ലഭിച്ചത് എന്നത് ബിജെപിയുടെ ഭാഗ്യക്കേടെന്നും ആശ്വാസത്തിനായി വിലയിരുത്തുന്നു.

2016 ൽ 56781 വോട്ടും  2019 ൽ 57484 വോട്ടുമാണ് ബിജെപി നേടിയതെങ്കിൽ ഇത്തവണ അത് 65013 ആയി ഉയർന്നു. 2016, 2019 വർഷങ്ങളിൽ യഥാക്രമം 56870, 65407 എന്നിങ്ങനെ വോട്ടുകൾ ലഭിച്ച യുഡിഎഫിന് ഇത്തവണ 65758 വോട് ലഭിച്ചു. ഉപതെരഞ്ഞെടുപ്പിനേക്കാൾ എൽഡിഎഫ് മുന്നേറിയെങ്കിൽ 2016 മായി താരതമ്യം ചെയ്യുമ്പോൾ വോട് കുറയുകയാണ് ചെയ്തത്. എൽഡിഎഫിന്റെ 4000 വോടുകൾ യുഡിഎഫിന് പോയെന്നാണ് ബിജെപിയുടെ പ്രാഥമിക കണക്ക് കൂട്ടൽ. ഇത് പാർടിയുടെ അറിവോടെ ആയിരിക്കാമെന്നും ബിജെപി കരുതുന്നു. സംസ്ഥാനത്താകെ ഉണ്ടായ എൽഡിഎഫ് തരംഗം മഞ്ചേശ്വരം മണ്ഡലത്തിലും പ്രതിഫലിക്കേണ്ടതല്ലേയെന്നാണ് ബിജെപി നേതാക്കൾ ചോദിക്കുന്നത്.

പരമാവധി വോട്ടർമാരെ പോളിംഗ് ബൂതിലെത്തിക്കാൻ മഞ്ചേശ്വരത്ത് ബിജെപി കഠിനാധ്വാനം ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിയായിരിന്നിട്ടു കൂടി കർണാടകയിൽ താമസിക്കുന്ന മണ്ഡലത്തിലെ വോടർമാരെ പോളിങ്ങിന് ബിജെപിക്ക് എത്തിക്കാനായി. ചെറിയതോതിലെങ്കിലും ന്യുനപക്ഷ വോടുകൾ ലഭിച്ചതായും ബിജെപി വിലയിരുത്തുന്നുണ്ട്. കർണാടകയിൽ നിന്നടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം ക്യാമ്പ് ചെയ്‌ത്‌ പ്രചാരണം നടത്തിയിട്ടും മുന്നണികളേക്കാൾ വൻ തോതിൽ വോട് വർധിച്ചിട്ടും വിജയിക്കാതെ പോയത് ഭാഗ്യക്കേടായി മാത്രം ബിജെപിക്ക് കാണാനാവില്ല.

രണ്ട് മണ്ഡലങ്ങളിലും ന്യുനപക്ഷ വോടുകളും എൽഡിഎഫ് വോടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടുവെന്ന് ബിജെപി വിലയിരുത്തുന്നു. ശക്തമായ രീതിയിൽ വർഗീയ കാർഡ് ഇറക്കിയതായാണ് ബിജെപി ആരോപണം. എന്നാൽ മഞ്ചേശ്വരത്ത് ഉണ്ടായത് പോലെ കർണാടകയിലും മറ്റും താമസിക്കുന്ന ബിജെപി അനുകൂല വോടർമാരെ പോളിംഗ് ബൂതിലേക്ക് എത്തിക്കാൻ കാസർകോട്ടെ നേതാക്കൾക്കായില്ല.

ഉദുമയിൽ നേരിയതോതിൽ വോടുകൾ കുറഞ്ഞപ്പോൾ കാഞ്ഞങ്ങാട്ട് നേരിയതോതിൽ വർധിക്കുകയാണ് ചെയ്തത്. തൃക്കരിപ്പൂരിൽ കഴിഞ്ഞ തവണത്തെ അതെ വോട് നിലനിർത്താനായി. തിരിച്ചടികൾ പരിശോധിച്ച്, ഭാവി പ്രവർത്തങ്ങൾ കൂടിയാലോചിച്ചു ശക്തമായി ബിജെപി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് കാസർകോട് വാർത്തയോട് പറഞ്ഞു.

LatestDaily

Read Previous

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് തകർന്ന് കുടിയേറ്റ തൊഴിലാളി മരിച്ചു രണ്ടു പേർക്ക് ഗുരുതരം

Read Next

ഫർസാന വന്നു: ഭർത്താവും, കല്ല്യാണം കുന്നംകുളം കൂർക്കഞ്ചേരി ശ്രീനാരായണപുരം ക്ഷേത്രത്തിൽ