കീഴ് വഴക്കം തെറ്റിച്ച ചരിത്രവിധി

ഇരു മുന്നണികൾക്കും അഞ്ചു വർഷം ഇടവിട്ട് ഭരിക്കാനുള്ള അവകാശം സമ്മാനിക്കുന്ന വോട്ടുദാന രീതിയാണ് മലയാളിയുടേത്. നാല് പതിറ്റാണ്ടായി അതാണ് നമ്മുടെ രീതി.  അതിന് ഇത്തവണ മാറ്റം ഉണ്ടാകാനുള്ള  സാഹചര്യം പ്രത്യക്ഷത്തിൽ ഇവിടെ ആരും കണ്ടതുമില്ല. എന്ന് മാത്രമല്ല, പിണറായി സർക്കാറിനെ  പ്രതികൂട്ടിലാക്കുന്ന  ഒട്ടേറെ മറ്റു വിഷയങ്ങൾ   ഇവിടെ  ഒന്നിന് പിറകെ മറ്റൊന്നായി  വർധിച്ചുകൊണ്ടേയിരുന്നു.  

അതെല്ലാം അന്വേഷണത്തിലും കോടതിയിലും മറ്റുമായി നിലവിൽ ഉണ്ടുതാനും. പ്രതിപക്ഷം  ഇതൊക്കെ അസംബ്ലിക്കകത്തും പുറത്തും ശക്തമായി തുറന്നു കാട്ടുന്നതിൽ വിജയിച്ചിട്ടുമുണ്ട്. പക്ഷേ വോട്ടെടുപ്പിൽ അതെല്ലാം നിഷ്പ്രഭമായിപ്പോയി. അഞ്ചു വർഷത്തെ ഭരണത്തിനിടെ അഞ്ചു മന്ത്രിമാർക്ക്  വിവിധ കാരണങ്ങളാൽ  സ്ഥാനമൊഴിയേണ്ടി വന്ന കഥ വേറെയും.  ഇതെല്ലാം കണക്കിലെടുക്കുമ്പോൾ തുടർഭരണം അസാധ്യമാകും വിധം, അഞ്ചു വർഷം വീതം ഇടവിട്ട  ഭരണ സാധ്യത  ഈ തിരഞ്ഞെടുപ്പിലും തങ്ങൾക്കനുകൂലം തന്നെയാണെന്ന്  യു. ഡി. എഫ് ധരിച്ചു വെച്ചതിൽ തെറ്റൊന്നുമില്ലതാനും .

∙ അമിതമായ ആത്മവിശ്വാസം

 തുടർഭരണ സാധ്യത ഇവിടെ ഉണ്ടാവില്ലെന്ന അമിതമായ ആത്മവിശ്വാസവും അവർക്ക് വിനയായി. കോൺഗ്രസിനകത്തെ ഗ്രൂപ്പുകൾ പരസ്പരം പാരയാകുന്ന പതിവും ഇവിടെയും തുടർന്നു.    സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയ സ്പ്രിംക്ലർ, സ്വപ്ന, സ്വർണ്ണം, ഈന്തപഴം , ഡോളർ കടത്ത്, ഈഡി, ലൈഫ് മിഷൻ , കസ്റ്റംസ്, ബന്ധു നിയമനത്തെ തുടർന്ന  ലോകയുക്ത വിധി, മന്ത്രിയുടെ രാജി തുടങ്ങിയവയെല്ലാം യു ഡി എഫിന് അനുകൂല രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുമെന്നായിരുന്നു  അവരുടെ കണക്കുകൂട്ടലുകൾ. 

ഇതെല്ലാം അനുകൂലമാക്കാനുള്ള  സാഹചര്യം  ഇവിടെ ഉണ്ടെന്ന് ഉറച്ചു വിശ്വസിച്ച ഐക്യ ജനാധിപത്യ മുന്നണിയെ തികച്ചും ഞെട്ടിച്ചതായിരുന്നു ഈ ചരിത്ര വിധി. പക്ഷേ സ്പ്രിംകളറും   സ്വർണവും ഡോളറും ഈന്തപ്പഴവും, ലൈഫ് മിഷനും , യൂണിടാക്കും, ലോകയുക്തയും, ഈഡിയും കസ്റ്റംസും അടുക്കളയിൽ വേവിച്ചു വിശപ്പടക്കാനുള്ള  വിഭവങ്ങളല്ലെന്നും പ്രയോഗിക ബുദ്ധിയിലൂടെ മനസിലാക്കിയ സാധാരണക്കാരന്  വേണ്ടത്  സൗജന്യ കിറ്റും പ്രതിമാസ  പെൻഷനുമായിരുന്നു.   

ഈ രസതന്ത്ര ഫോർമുല ശരിക്കും മുൻകൂട്ടി മനസിലാക്കിയ സർക്കാറിന് കോവിഡ് കാല വറുതിയിൽ സൗജന്യ കിറ്റുകൾക്കു പുറമെ  ക്ഷേമ പെൻഷനും  വർധനവോടെ  വിതരണം ചെയ്ത് സാധാരണക്കാരനെ സന്തോഷിപ്പിക്കനായത് ഈ വിജയത്തിന് മുഖ്യ നിമിത്തമായിട്ടുണ്ടെന്ന് പറയാതെ വയ്യ .

99  സീറ്റ് നേടിയ മികവാർന്ന വിജയമാണ് കേരളജനത അവർക്ക് സമ്മാനിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശകലനങ്ങളും ജയ പരാജയ   കാരണങ്ങളിലേക്കുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും   പല രൂപത്തിൽ  വരും ദിവസങ്ങളിൽ വരാതിരിക്കുന്നതേയുള്ളൂ.

∙ മലയാളി മനസ്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് എത്തിച്ച മലയാളി മനസ്സിനെ അളക്കാൻ  ആർക്കും അത്ര എളുപ്പമല്ലെന്ന് ഈ തിരഞ്ഞെടുപ്പോടെ മനസിലാക്കാൻ സാധിച്ചു.  കോവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പുറം ലോകം ഏറെ മതിപ്പോടെയാണ് വിലയിരുത്തിയത്.  പ്രതിമാസ കിറ്റും ക്ഷേമപെൻഷനിലെ വർധനവും സാധാരണക്കാരനെ സ്വാധിനിച്ചിട്ടുള്ള കാര്യം ആരും മറച്ചുവെക്കുന്നില്ല. 

രാഷ്ട്രീയ വിഷയവുമായി ബന്ധപ്പെട്ട കോലാഹലങ്ങളൊന്നും കേരളത്തിലെ  സാധാരണക്കാരൻ ഏറെനാളുകൾ   ഓർത്തുവെക്കാറില്ല എന്നതാണ് സത്യം.  പുതുതായി മറ്റൊന്ന് വരുമ്പോൾ പഴയത് അവർ മറക്കും. ശിവശങ്കരനെയും സ്വപ്നയെയും  അവർ എന്നോ മറന്നു.    

∙ ഫലങ്ങളിലെ വെളിപാടുകൾ    

ഈ തിരഞ്ഞെടുപ്പിൽ നമ്മൾ മനസിലാക്കേണ്ട കുറേ പാഠങ്ങളുണ്ട്. ജോസ് കെ. മാണിയുടെ തോൽവി,  വടകരയിൽ കെ.കെ. രമയുടെ മിന്നുന്ന ജയം, ഉള്ള സീറ്റുപോലും നഷ്ടപെട്ട  ബി. ജെ. പി. യുടെ ദയനീയമായ അവസ്ഥ ,  ചില നേതാക്കളുടെ ഭൂരിപക്ഷത്തിന്റെ വലുപ്പം, ചിലരുടെ ഭൂരിപക്ഷ കുറവ്, ഈ തരംഗത്തിനിടയിലും മെഴ്സിക്കുട്ടിയമ്മയ്ക്ക് ജയിക്കാനാവാഞ്ഞത് ,  കെ. മുരളീധരന്റെന്റെയും സഹോദരി പദ്മജയുടെയും കെ. എം. ഷാജിയുടെയും   തോൽവി. ഇതിൽ നിന്നെല്ലാം വായിച്ചെടുക്കാനുള്ള പലതും   വോട്ടർമാർ നമുക്ക് നൽകുന്നുണ്ട്. 

∙ ജില്ലയിൽ

ഉദുമയിൽ  സി. എച്ച്. കുഞ്ഞമ്പുവിന്റെ  അപ്രതീക്ഷിത ഭൂരിപക്ഷ വർധന അണികളെ പോലും ഞെട്ടിച്ചുകാണും . എല്ലാ പോളുകാരും  ബലാബല മത്സരമെന്ന് പ്രവചിച്ച   ഉദുമയിൽ ആര് ജയിച്ചാലും അത്‌ നേരിയ (ആയിരത്തിൽ താഴെ ) ഭൂരിപക്ഷത്തിലായിരിക്കുമെന്നായിരുന്നു വോട്ടെണ്ണൽ വരെ കരുതിയിരുന്നത്.  സർവരെയും ഞെട്ടിച്ച്  റെക്കാർഡ് ഭൂരിപക്ഷമാണ്  കുഞ്ഞമ്പു ഇവിടെ നേടിയത്. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും നല്ല ഭൂരിപക്ഷത്തിലാണ് ഇടതു നേട്ടം. കെ. സുരേന്ദ്രൻ രണ്ടിടത്താണ് മത്സരിച്ചത്.

അങ്ങ് തെക്കും ഇങ്ങ് വടക്കും. കോന്നിയിൽ തോക്കുമെങ്കിലും മഞ്ചേശ്വരത്ത് ജയിച്ചേക്കും എന്ന ധാരണ ഉണ്ടായിരുന്നു. നടന്നില്ല. 35 സീറ്റുവരെ കിട്ടുമെന്നുപോലും ബി.ജെ.പി. അവകാശപ്പെട്ടിടത്താണ് ഉള്ള സീറ്റ് പോലും അവർക്ക്  നഷ്ടപ്പെടേണ്ടി വന്നത്. ജില്ലയിൽ ഒരു കോൺഗ്രസ് എം. എൽ. എ. പോലുമില്ലെങ്കിലും മുന്നണിയിൽ രണ്ടുപേരെ ജയിപ്പിക്കാനായത് അവർക്ക് ആശ്വാസമായി  .  ഉദുമയിലും മഞ്ചേശ്വരത്തും  വിജയിയെ പറ്റിയും അവരുടെ ഭൂരിപക്ഷത്തെകുറിച്ചും വ്യക്തത ഇല്ലായിരുന്നെങ്കിലും മറ്റു മൂന്നിടത്തും  നിലവിലുള്ളവർ തന്നെ തുടരുമെന്നായിരുന്നു വിലയിരുത്തൽ.

∙ പഠിക്കാൻ  പാഠങ്ങളേറെ

പഠിക്കാൻ ഏറെ പാഠങ്ങൾ ഈ തിരഞ്ഞെടുപ്പു ഫലം നൽകുന്നുണ്ട്. ജാതീയമായ അടിയൊഴുക്കുകൾ  എല്ലായിടത്തും പതിവായുള്ളതാണെന്നറിഞ്ഞു കൊണ്ട് തന്നെയാണ് മുസ്ലിംലീഗ് ഒഴികെയുള്ള  മറ്റു പാർട്ടികൾ പലേടത്തും  സ്ഥാനാർഥികളെ നിശ്ചയിക്കാറ്. എല്ലായിടത്തും എല്ലാ വിഭാഗക്കാരും ഉണ്ടെങ്കിലും ഒരാളെ മാത്രമല്ലേ  സ്ഥാനാർഥിയാക്കാൻ പറ്റുള്ളൂ.  

ചില ഇടങ്ങളിൽ  ചിലർ ഈ ജാതിക്കാർഡ് ഇട്ട് കളിക്കുമെന്ന കാര്യം പരസ്യമായ രഹസ്യവുമാണ്. ജാതീയതക്കപ്പുറം   സ്ഥാനാർഥിയുടെ ജനകീയത, സ്വാധീനം എന്നിവയ്ക്ക് വോട്ടെടുപ്പിൽ എന്നും മുൻതൂക്കം കിട്ടുമെന്നതും സത്യമാണ് . പ്രബലമായ രാഷ്ട്രീയ പിന്തുണയുള്ള ഗ്രാമങ്ങളിൽ ഇതൊന്നും വിഷയല്ലതാനും.

എന്തായാലും പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത്പക്ഷ ജനാധിപത്യമുന്നണി  ചരിത്രവിജയം നേടി അധികാരമേൽക്കുകയാണ്. കോവിഡ് വ്യാപനം ശക്തമായി തുടരുന്നുവെന്ന  മഹാവിപത്തിനെ പ്രതിരോധിച്ചു മുന്നേറാൻ ഈ സർക്കാറിനാവട്ടെ. അർഹരായ എല്ലാവർക്കും വാക്സിൻ കുത്തിവെപ്പ് നടത്തി ഈ വൈറസിൽ നിന്നും ജനങ്ങൾക്ക് മുക്തി നൽകാനായിരിക്കും സർക്കാറിന്റെ ആദ്യ ശ്രമമെന്ന് നമുക്ക് ആശ്വസിക്കാം.     

LatestDaily

Read Previous

നീലേശ്വരത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

Read Next

കിനാനൂർ-കരിന്തളം പഞ്ചായത്തിലെ രണ്ട് വാർഡുകൾ അടച്ചിട്ടു