അഞ്ജലി ചെന്നൈയിലുമില്ല

കാഞ്ഞങ്ങാട്: അത്യന്തം ദുരൂഹതകളുയർത്തി വീടുവിട്ടുപോയ ബിരുദ വിദ്യാർത്ഥിനി പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലി 21, ചെന്നൈയിലുമില്ല. അഞ്ജലിയെ തേടി ചെന്നൈയ്ക്ക് പോയ അമ്പലത്തറ പോലീസ്  ശനിയാഴ്ച വെറും കൈയ്യോടെ തിരിച്ചെത്തി. തൽസമയം, ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം അഞ്ജലിയുമായി സാമ്യമുള്ള ഒരു പെൺകുട്ടി ഏപ്രിൽ 20-ന് രാവിലെ ചെന്നൈ  സെൻട്രലിലെത്തിയ മംഗളൂരു- ചെന്നൈ മെയിലിൽ ഇറങ്ങിയതായി സംശയം പ്രകടിപ്പിച്ചിരുന്നു.

ഏപ്രിൽ 19-ന് ഉച്ചയ്ക്ക്  1 മണിക്കും 1-30 നും മദ്ധ്യെയാണ് അഞ്ജലി പുല്ലൂർ പൊള്ളക്കട വീട്ടിൽ നിന്ന് ഒരാളെ കാണാനുണ്ടെന്ന് അമ്മയോട് പറഞ്ഞ് വീടുവിട്ടത്. അഞ്ജലി വീട്ടിൽ നിന്ന് പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും, കറുത്ത വാനിറ്റി ബാഗും, ചുമലിൽ ധരിക്കുന്ന മറ്റൊരു ബാഗും മുഖ്യ അടയാളമായി പരിശോധിച്ചപ്പോൾ,  സിസിടിവിയിൽ പതിഞ്ഞ ചിത്രങ്ങളിലൊന്നിന് അഞ്ജലിയുമായി അടുത്ത സാമ്യമുണ്ടായിരുന്നുവെങ്കിലും, മാസ്ക് കൊണ്ട് മുഖം മറച്ചതിനാൽ, ഈ പെൺകുട്ടി നൂറുശതമാനം അഞ്ജലിയാണെന്ന് ഉറപ്പിക്കാനും പോലീസ് അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.

മൂന്നുനാൾ ചെന്നൈയിൽ തങ്ങിയ പോലീസ് അന്വേഷണ സംഘം ഫലം കാണാതെ തിരിച്ചെത്തുകയായിരുന്നു. മാത്രമല്ല, കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് ചെന്നൈ മെയിലിന് യാത്രചെയ്യണമെങ്കിൽ,  മംഗളൂരുവിൽ നിന്ന് ട്രെയിൻ യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും, ബർത് റിസർവ്വ് ചെയ്യണം. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ  ഏപ്രിൽ 19-ന് ചെന്നൈ മെയിലിൽ അഞ്ജലിയുടെ പേരിൽ ബർത്തോ, സീറ്റോ ഒന്നും റിസർവ്വ് ചെയ്തിട്ടുമില്ല.

ആധാർ കാർഡോ,  മറ്റ്  തിരിച്ചറിയൽ രേഖയോ ഹാജരാക്കാതെ ഇന്നത്തെ സാഹചര്യത്തിൽ ഒരാൾക്ക് ദീർഘദൂര ട്രെയിനിൽ സീറ്റ് റിസർവ്വ് ചെയ്ത് യാത്ര ചെയ്യാനും കഴിയില്ല. മറ്റൊരാളുടെ പേരിൽ റിസർവ്വ് ചെയ്ത ടിക്കറ്റിൽ  ട്രെയിൻ യാത്ര പിടിക്കപ്പെടുകയും ചെയ്യും.  അഞ്ജലി സ്കൂൾ സർട്ടിഫിക്കറ്റുകളും, ആധാർ കാർഡും കൊണ്ടു പോയിട്ടുണ്ട്.  ഇക്കയോടൊപ്പം പോകുന്നുവെന്നും,  ഇക്ക പള്ളിക്കരയിലാണെന്നും അഞ്ജലി വീട്ടിൽ കത്തെഴുതി വെച്ചത് വീട്ടുകാരെയും, പോലീസിനെയും വഴി തെറ്റിക്കാനാണോ എന്ന സംശയങ്ങളും ഇപ്പോൾ ബലപ്പെട്ടിട്ടുണ്ട്. 

LatestDaily

Read Previous

സിപിഐ മന്ത്രിപദം ഒരാൾക്ക് ഒരിക്കൽ മന്ത്രിയാകാൻ ചന്ദ്രശേഖരന് കടമ്പകൾ

Read Next

വസ്ത്രക്കടകളിൽ കാലു കുത്താനിടമില്ല