സിപിഐ മന്ത്രിപദം ഒരാൾക്ക് ഒരിക്കൽ മന്ത്രിയാകാൻ ചന്ദ്രശേഖരന് കടമ്പകൾ

കാഞ്ഞങ്ങാട്: ഇടതു സർക്കാരിൽ രണ്ടാം തവണയും മന്ത്രിയാകുന്നതിന് ഇ. ചന്ദ്രശേഖരന് സ്വന്തം പാർട്ടിയിൽ കടമ്പകൾ ഏറെ. 1980–ന് ശേഷം മാറി  മാറി വന്ന ഇടതു സർക്കാറിൽ ഇതുവരെ സിപിഐയുടെ ഒരു മന്ത്രിക്കും രണ്ടാം തവണ മന്ത്രി പദം നൽകിയിട്ടില്ല.

2016–ൽ കരുനാഗപ്പള്ളിയിൽ വിജയിച്ച സിപിഐയുടെ മുൻമന്ത്രി സി. ദിവാകരനും, ചടയമംഗലത്ത് വിജയിച്ച മുൻമന്ത്രി മുല്ലക്കര രത്നാകരനും രണ്ടാം തവണ മന്ത്രി പദം ആഗ്രഹിച്ചിരുന്നുവെങ്കിലും, 97 അംഗങ്ങളുള്ള സിപിഐ സംസ്ഥാന കൗൺസിലും, 21 അംഗങ്ങളുള്ള സംസ്ഥാന നിർവ്വാഹക സമിതിയും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഇരുവർക്കും രണ്ടാം തവണ മന്ത്രി പദത്തിലെത്താൻ കഴിയാതെ പോയി.

സിപിഐ നേതാവ് കെ. ഇ. ഇസ്മായിൽ ഇടതു സർക്കാറിൽ മന്ത്രിയായത് ഒരു തവണ മാത്രമാണ്. പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽ ഉറച്ചു നിന്നതിനാൽ ഇസ്മായിലിനും രണ്ടാം തവണ മന്ത്രി പദം ലഭിച്ചില്ല. കഴിവു തെളിയിച്ച കൃഷിമന്ത്രി വി. എസ്. സുനിൽ കുമാറിന് ഇത്തവണ സീറ്റും നൽകിയില്ല. 

ഒരാൾക്ക് മന്ത്രി പദം ഒരു തവണ എന്ന പാർട്ടി നയം സിപിഐ നിലനിർത്തിപ്പോരുന്നതിനിടയിൽ, മൂന്നാമങ്കത്തിൽ വിജയിച്ച് രണ്ടാം തവണയും മന്ത്രി പദത്തിലെത്തുക ഇ. ചന്ദ്രശേഖരന് മുന്നിൽ  കടമ്പ തന്നെയാണ്. ചന്ദ്രശേഖരനെ സിപിഐയുടെ പാർലിമെന്ററി പാർട്ടി നേതാവാക്കി പാർട്ടിക്കുള്ള നാലു മന്ത്രി  പദങ്ങൾ ഇത്തവണ രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച പാർട്ടി എംഎൽഏമാർക്ക് നൽകുമെന്നാണ് തലസ്ഥാന രാഷ്ട്രീയം തരുന്ന ചിത്രം. 

LatestDaily

Read Previous

കാസർകോടിന് സിപിഎം മന്ത്രി പരിഗണനയിൽ

Read Next

അഞ്ജലി ചെന്നൈയിലുമില്ല