കാഞ്ഞങ്ങാട്: മൂവാരിക്കുണ്ടിൽ സിപിഎം പ്രവർത്തകന്റെ ഒാട്ടോ തല്ലിത്തകർക്കുകയും, കുടിവെള്ള പൈപ്പുകൾ അടിച്ചു തകർക്കുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ടെമ്പോ ഒാട്ടോ ഡ്രൈവറും, സിപിഎം പ്രവർത്തകനുമായ മൂവാരിക്കുണ്ടിലെ കെ. വി. പത്മനാഭന്റെ ഒാട്ടോയാണ് ബിജെപി പ്രവർത്തകനായ കൊവ്വൽ സ്റ്റോറിലെ വെള്ളച്ചി സുരേശൻ എന്ന സുരേശൻ അടിച്ചു തകർത്തത്.
ഇന്നലെ പുലർച്ചെ 2 മണിക്കാണ് സംഭവം. പത്മനാഭന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സുരേശൻ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കെഎൽ 60 ജെ 9833 നമ്പർ ഒാട്ടോയുടെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. മുറ്റത്തെ കുടിവെള്ള പൈപ്പും തകർക്കപ്പെട്ടു. സംഭവത്തിൽ പത്മനാഭന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് സുരേശനെതിരെ കേസെടുത്തു. മുൻ വിരോധമാണ് ആക്രമണത്തിന് കാരണം.