അലാമിപ്പള്ളി പൊതുകുളം സ്വകാര്യ വ്യക്തി കയ്യേറി

കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്റ്റാന്റിനോട് ചേർന്നുള്ള പൊതു കുളത്തിന്റെ ഒരു ഭാഗമുൾപ്പെടുന്ന സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി. ഇറിഗേഷൻ വകുപ്പ് നവീകരണ പ്രവൃത്തി ആരംഭിച്ച കുളമുൾപ്പെടുന്ന  റവന്യൂ സ്ഥലത്തിൽ നിന്നും മൂന്ന് സെന്റിലേറെ സ്ഥലം തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമസ്ഥനായ റിട്ടയേർഡ് എസ്പിക്ക് വിട്ടു നൽകാൻ നീക്കം  നടക്കുന്നതായി അലാമിപ്പള്ളി നിവാസികൾ പരാതിപ്പെട്ടു.

കെ.എസ്ടിപി റോഡിന് പടിഞ്ഞാറ് ഭാഗം അലാമിപ്പള്ളി പുതിയ ബസ്റ്റാന്റിനോട് ചേർന്നുള്ള ഏഴരസെന്റ്  റവന്യൂ ഭൂമിയിലാണ് രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള കുളമുള്ളത്. സംരക്ഷണമില്ലാത്തതിനാൽ ചെളി നിറഞ്ഞ് കാട് മൂടിയ നിലയിലായിരുന്നു കുളം. അലാമിപ്പള്ളിയിലെ കുളം ഇറിഗേഷൻ വിഭാഗം 15 ലക്ഷം രൂപ ചിലവിട്ട് നവീകരണം ആരംഭിച്ചത് കഴിഞ്ഞയാഴ്ചയാണ്. നാല് ഭാഗത്തും കരിങ്കല്ല് ഭിത്തി കെട്ടി കുളം സംരക്ഷിക്കാൻ സ്വകാര്യ കരാറുകാരനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ഏഴരസെന്റ് സ്ഥലമുൾപ്പെടുന്ന ഭൂമിയിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ വീട് സ്ഥിതിചെയ്യുന്ന ഭാഗത്ത് മൂന്ന് സെന്റ് സ്ഥലം ഒഴിച്ചിട്ട് കുളത്തിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തിക്ക് വിട്ടു നൽകി ബാക്കി വരുന്ന ഭാഗത്ത് മാത്രം കുളം കരിങ്കല്ലുകെട്ടി ഉയർത്താനുള്ള നീക്കം നാട്ടുകാർ കഴിഞ്ഞ ദിവസം തടഞ്ഞു.

വർഷങ്ങൾക്ക് മുമ്പെ കയ്യേറ്റം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും പൊതു പ്രവർത്തകരും നഗരസഭയിലുൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, ഫലമുണ്ടായില്ല.  സാമൂഹ്യ പ്രവർത്തകനായ സിപിഎം പ്രവർത്തകൻ അംബുജാക്ഷൻ അലാമിപ്പള്ളി കയ്യേറ്റം ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി, ജില്ലാ കളക്ടർ, കാഞ്ഞങ്ങാട് നഗരസഭാധികൃതരുൾപ്പെടെയുള്ളവർക്ക് നിരവധി തവണ പരാതി നൽകിയിരുന്നു.

കയ്യേറ്റ പരാതികളെല്ലാം പൂഴ്ത്തി വെച്ചാണിപ്പോൾ കുളം നവീകരണം. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിന് മുമ്പുള്ള കുളം പഴമ നില നിർത്തി നവീകരിക്കുന്നതിനൊപ്പം ബാക്കി വരുന്ന സ്ഥലത്ത്  തോട്ടവും വിശ്രമ കേന്ദ്രമുൾപ്പെടെ സ്ഥാപിച്ച്  മനോഹരമാക്കാനായിരുന്നു നാട്ടുകാരുടെ ആഗ്രഹം.   അലാമിപ്പള്ളി ബസ്് സ്റ്റാന്റ് പ്രദേശത്ത് ഒരു സെന്റ് ഭൂമിക്ക് 30 ലക്ഷം രൂപ വരെ നിലവിൽ വിലയുണ്ട്.  മൂന്ന് സെന്റ് ഭൂമി സർക്കാരിന് നഷ്ടപ്പെടുമ്പോൾ. 90 ലക്ഷം രൂപ വില വരുന്ന ഭൂമി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലെത്തുകയാണ്. നിലവിലുള്ള സ്ഥിതിയിൽ നവീകരണം പൂർത്തിയായാൽ കുളത്തിന്റെ സ്ഥാനത്ത് വെറും  കരിങ്കല്ലു കൊണ്ട്  കെട്ടിയ കുടിവെള്ള സംഭരണി മാത്രമായി മാറുമെന്നാണ് നാട്ടുകാരുടെ പരാതി.

LatestDaily

Read Previous

ആനന്ദാശ്രമത്തിൽ സന്യാസിമാർക്കുൾപ്പെടെ 54 പേർക്ക് കോവിഡ്; ആശ്രമം അടച്ചുപൂട്ടി

Read Next

കോട്ടച്ചേരി നഗരസഭ മത്സ്യമാർക്കറ്റിൽ മലിന ജലം കെട്ടിക്കിടക്കുന്നു