ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അമ്പലത്തറ മീങ്ങോത്ത് റോഡിലും പുലിയെ കണ്ടുവെന്ന് ദൃക്സാക്ഷി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ അമ്പലത്തറ ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ മീങ്ങോത്ത് റോഡിൽ പുലിയെ കണ്ടെന്നാണ് ഒടയംചാലിലെ വ്യാപാരി അറിയിച്ചത്. കടയടച്ച് വീട്ടിലേക്ക് ബൈക്കിൽ പോകവെ റോഡ് മുറിച്ച് കടക്കുന്ന പുലിയെ കാണുകയായിരുന്നു. ചാലിങ്കാൽ ഭാഗത്തേക്ക് മീങ്ങോത്ത് റോഡിലൂടെ പോവുകയായിരുന്നു വ്യാപാരി. മൊബൈൽ ക്യാമറയിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഉടൻ വിവരം അമ്പലത്തറ പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മീങ്ങോത്ത് നേരിൽ കണ്ടത് കാട്ട്പൂച്ചയെ അല്ലെന്നും, പുലിയെതന്നെയാണെന്നും വ്യാപാരി പറയുന്നുണ്ട്. മീങ്ങോത്ത് കാട് മൂടി കിടക്കുന്ന പ്രദേശങ്ങളുണ്ട്. മാവുങ്കാൽ കല്ല്യാൺ റോഡ് മുത്തപ്പൻ തറയിൽ വീട്ടമ്മ പുലിയെ കണ്ടതായി അറിയിച്ചതിനെ തുടർന്ന് വനപാലകർ ഈ പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് തൊട്ടടുത്ത പ്രദേശമായ അമ്പലത്തറ, മീങ്ങോത്തും പുലിയെ കണ്ടതായി ബൈക്ക് യാത്രക്കാരൻ അറിയിച്ചത്. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഒാഫീസർ കെ. അഷറഫിന്റെ നേതൃത്വത്തിൽ മീങ്ങോത്ത് ഭാഗങ്ങളിൽ വനപാലകർ തിരച്ചിൽ നടത്തുന്നു.