മടിക്കൈയിൽ പാളയത്തിൽ പട , മന്ത്രി ഇ. ചന്ദ്രശേഖരന് കഴിഞ്ഞ തവണ മടിക്കൈ പഞ്ചായത്തിൽ കിട്ടിയത് 12, 460 വോട്ടുകൾ. ഇത്തവണ-?

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഇടതു മുന്നണി സ്ഥാനാർത്ഥി സിപിഐയിലെ ഇ. ചന്ദ്രശേഖരന് മടിക്കൈ പഞ്ചായത്തിൽ നിന്ന് യാദവ കമ്മ്യൂണിസ്റ്റ് വോട്ടുകൾ ചോർന്ന സംഭവത്തിൽ മടിക്കൈ സിപിഎം പാളയത്തിൽ പട തുടങ്ങി. മടിക്കൈ നാദക്കോട്ട് കേന്ദ്രമാക്കിയുള്ള യാദവ കഴകത്തിന്റെ രഹസ്യ തീരുമാനമനുസരിച്ച് നാലായിരത്തിനും ആറായിരത്തിനും മധ്യേ യാദവ കമ്മ്യൂണിസ്റ്റ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിയും യാദവനുമായ കാസർകോട് ഡിസിസി ജനറൽ സിക്രട്ടറി അജാനൂരിലെ പി.വി. സുരേഷിന്  മറിഞ്ഞതായാണ് പോളിംഗ് കണക്കുകൾ.

മടിക്കൈ ഗ്രാമം കമ്മ്യൂണിസ്റ്റ് കോട്ടയണെന്ന എക്കാലത്തെയും അവകാശവാദം നില നിൽക്കുമ്പോഴാണ്, ചരിത്രത്തിലാദ്യമായി മടിക്കൈയുടെ അന്തഃപുരങ്ങളിൽ പാർട്ടി രണ്ടാം സ്ഥാനത്തും ജാതി ഒന്നാം സ്ഥാനത്തുമെത്തിയത്. യുഡിഎഫ്  സ്ഥാനാർത്ഥി പി.വി. സുരേഷ് മടിക്കൈയിലെ മുഴുവൻ യാദവ കഴകങ്ങളിലും കാരണവൻമാരെ നേരിട്ടു കണ്ട് വോട്ട് അഭ്യർത്ഥിച്ചതിനെത്തുടർന്ന് 1970-ന് ശേഷം മടിക്കൈയിലുള്ള യാദവർക്ക് വോട്ടു നൽകി അനുഗ്രഹിക്കാൻ ഒരു യാദവ സ്ഥാനാർത്ഥിയെ അടുത്തു കിട്ടിയത്  2021-ലെ തിരഞ്ഞെടുപ്പിലാണ്. 1970 മുതൽ സിപിഐയുടെ കൈയ്യിലുള്ള കാഞ്ഞങ്ങാട് മണ്ഡലം 2011 വരെ സംവരണ മണ്ഡലമായിരുന്നു. 2011-ൽ ഈ മണ്ഡലം ജനറൽ മണ്ഡലമായി മാറുകയും ഇ. ചന്ദ്രശേഖരന്  മത്സരിച്ചു ജയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.

2016-ൽ ചന്ദ്രശേഖരൻ രണ്ടാം തവണയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും പിണറായി മന്ത്രി സഭയിൽ റവന്യൂ മന്ത്രിയാവുകയും ചെയ്തു. 26000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ വിജയിച്ച ചന്ദ്രശേഖരന് മടിക്കൈ യാദവ കമ്മ്യൂണിസ്റ്റുകൾ ഇത്തവണ വോട്ടു ചെയ്തില്ലെന്നാണ് ഈ പഞ്ചായത്തിലെ വോട്ടുകളുടെ കണക്കുകൾ പരിശോധിച്ച സിപിഎം പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ തവണ ചന്ദ്രശേഖരന് ലഭിച്ച 26000 വോട്ടുകളിൽ 12,460 വോട്ടുകളുടെ ഭൂരിപക്ഷം മടിക്കൈ പഞ്ചായത്തിൽ നിന്നാണ്. ഇത് പാർട്ടി കണക്കാണ്. ഈ 12,460 വോട്ടുകളിൽ ഇത്തവണ എത്ര വോട്ടുകൾ കുറയുന്നുവോ, അത്രയും വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിഞ്ഞ വോട്ടുകളാണെന്ന് എളുപ്പത്തിൽ കണ്ടെത്താനാവും. ആ വോട്ടുകൾ യാദവ കമ്മ്യൂണിസ്റ്റ് വോടുകൾ തന്നെയാകാനാണ് നൂറു ശതമാനം സാധ്യത.

LatestDaily

Read Previous

അഫീസയെ ഹൈക്കോടതി ഹോസ്റ്റലിൽ പാർപ്പിച്ചു

Read Next

പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി